ഏത് വിധേനയും തനിക്ക് നഷ്ടപ്പെട്ട ആത്മാഭിമാനം തിരിച്ചുപിടിക്കുമെന്ന് നടി ഭാവന. പ്രമുഖ ഇന്ത്യൻ മാധ്യമ പ്രവർത്തക ആയ ബർക്ക ദത്ത് നടത്തുന്ന വി ദി വുമൺ എന്ന പരിപാടിയിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തിരുന്നത്.
ആ ക്ര മ ണം നേരട്ടതിന് ശേഷം വളരെ മോശം അനുഭവമായിരുന്നു താൻ നേരിട്ടതെന്ന് പറയുകയാണ് ഭാവന.എനിക്ക് നേരിടേണ്ടി വന്ന അനുഭവം ഞാനുൾപ്പടെയുള്ള എന്റെ കുടുംബത്തിന്റെ ജീവിതത്തെ ഒന്നാകെ മാറ്റിമറിച്ചു. എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. സാമൂഹ്യമാധ്യമങ്ങൾ വഴി പലരും തെറ്റായ പ്രചാരണങ്ങൾ നടത്തി.
ഞാൻ കെട്ടിച്ചമച്ച കേസാണെന്നും ഞാൻ നാടകം കളിക്കുകയാണെന്നൊക്കെ പലരും പറഞ്ഞു. 2019ലാണ് ഞാൻ ഇൻസ്റ്റഗ്രാം തുടങ്ങുന്നത് ആ സമയത്തൊക്കെ വരുന്ന മെസേജുകൾ എന്ന് പറയുന്നത്, ആ ത്മ ഹ ത്യ ചെയ്തുകൂടെ എന്നൊക്കെ ചോദിച്ചായിരുന്നു. എന്നെ അപകീർത്തിപ്പെടുത്താൻ ഒരു ഗ്രൂപ്പ് തന്നെ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു.
പലപ്പോഴും സ്വന്തമായി കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. 2018 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ 2020 ൽ ആണ് വിചാരണ ആരംഭിക്കുന്നത്. 15 ദിവസമായിരുന്നു തന്നെ കോടതിയിൽ വിസ്തരിച്ചത്.
അതിന്റെ അവസാന ദിവസം ഞാൻ തിരിച്ചറിഞ്ഞു, ഞാൻ ഒരു ഇരയല്ല, മറിച്ച അതിജീവിതയാണ് എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. ആ സംഭവത്തിന് ശേഷം നിരവധിപേർ എന്നെ പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവർ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളിൽ സംസാരിച്ചു.
അവർക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവൾ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയിൽ പിആർ വർക്കുകൾ നടന്നു. അതെന്ന് വളരെ വേദന പ്പെടുത്തിയിരുന്നു. ഞാൻ അതിജീവിക്കാൻ ശ്രമിക്കുന്തോറും ഈ സംഭവങ്ങൾ എന്നെ പിന്നോട്ട് വലിച്ചു.
അച്ഛനുമ്മയും അത്തരത്തിലല്ല എന്നെ വളർത്തിയതെന്ന് ചിലപ്പോൾ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. ഈ ആരോപണങ്ങൾ എന്റെ കുടുബത്തെയും അപമാനിക്കുന്നത് ആയിരുന്നു. എന്റെ ആത്മാഭിമാനം എന്ന് പറയുന്ന കാര്യം അവരുടെ കൈകളിലായിരുന്നു. നിരവധി പേർ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവർക്ക് നന്ദി അറിയിക്കുകയാണ്.
കേസിൽ വിജയം കാണുന്നത് വരെ പോരാട്ടം തുടരും. ആത്മാഭിനത്തിനായുള്ള പോരാട്ടമാണ് അത് തുടരുക തന്നെ ചെയ്യും. ഈ അഞ്ച് വർഷത്തോളമുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നുമ ഭാവന പറഞ്ഞു.
അതേസമയം, താൻ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ലെന്നും കാരണം വിഷയത്തിൽ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടാണെന്നും ഭാവന വ്യക്തമാക്കി.