ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് മലയാളിയായ സൂപ്പർ സംവിധായകൻ പ്രിയദർശൻ. മലയാളത്തിലും ബോളിവുഡിലും തമിഴിലും എല്ലാം അദ്ദേഹം നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുണ്ട്.
വർഷങ്ങളായി സിനിമാ സംവിധാന രംഗത്ത് സജീവമായിട്ടുള്ള പ്രിയദർശൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകൻ ആക്കിയാണ് ഏറ്റവും കൂടുതൽ സിനിമകൾ ഒരുക്കിയിട്ടുള്ളത്. അവയിൽ കൂടുതലും സൂപ്പർഹിറ്റുകൾ ആയിരുന്നു.
എന്നാൽ ഈ കൂട്ടുകെട്ടിൽ പരാജയ സിനിമകളും പിറന്നിരുന്നു. അടുത്തിടെ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ വലിയ പരാജയമായി മാറിയ ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാലി
ചരിത്ര സിനിമകൾ ചെയ്യാൻ ഇനി താനില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയദർശൻ ഇപ്പോൾ.
ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് താനെന്നും ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാൻ. ദേഹം മുഴുവൻ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താൽ ഡോക്യൂമെന്ററി ആവുള്ളു.
വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ മോശക്കാരനാണ്. അറബി ചരിത്രത്തിൽ നല്ലവനാണ്. ഏത് നമ്മൾ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാൻ ഇനി ചെയ്യില്ല എന്നാണ് പ്രിയദർശൻ പറഞ്ഞത്.
താൻ ഏറ്റവുമധികം മിസ്സ് ചെയുന്നത് ജഗതി ശ്രീകുമാറിനെ ആണെന്നും അദ്ദേഹം അഭിനയിക്കുന്നത് കണ്ടിട്ട് കട്ട് പറയാൻ മറന്ന് പോയിട്ടുണ്ടെന്നും പ്രിയദർശൻ പറയുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. മോഹൻലാൽ നായകനായി എത്തിയ ചിത്രം കുഞ്ഞാലി മരക്കാരുടെ കഥയാണ് പറഞ്ഞത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം ദൃശ്യ വിസ്മയം ആണെന്ന് അഭിപ്രായങ്ങൾ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഷെയ്ൻ നിഗം നായകനായി എത്തുന്ന കൊറോണ പേപ്പേഴ്സ് ആണ് പ്രിയദർശന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗായത്രി ശങ്കർ ആണ് നായിക. അതേ സമയം സമയം മോഹൻലാലിനെ നായകൻ ആക്കി ഗുസ്തി പശ്ചാത്തലത്തിൽ ഒരു സിനിമ പ്രിയൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഉപേക്ഷിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.