മലയാളത്തിന്റെ മണിമുത്ത് നടൻ കലാഭവൻ മണിയുടെ മരണമില്ലാത്ത ഓർമകൾക്ക് ഇന്ന് ആറ് വയസ്. മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. കൊച്ചിൻ കലാഭവന്റെ മിമിക്രി വേദികളിലൂടെയാണ് മണി കലാരംഗത്ത് എത്തിയത്. 1995ൽ സിബിമലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന സിനിമയിൽ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്ര രംഗത്തെത്തുന്നത്.
സുന്ദർദാസ് ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന സല്ലാപം എന്ന സിനിമയിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ആയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ സൂപ്പർ ഹിറ്റ്ചിത്രങ്ങളിലെ അഭിനയം കാലഭവൻ മണിക്ക് പ്രേക്ഷക മനസ്സിൽ നേടിക്കൊടുത്ത സ്ഥാനം ഇന്നും അതേപടി നിലനിൽക്കുന്നവയാണ്. അഭിനയവും നടൻപാട്ടും സ്വത സിദ്ധമായ സംസാര ശൈലിയും ഇഴചേർന്ന നടൻ.
ജീവിതത്തിന്റെ ഏടുകൾ ചേർത്തു വച്ച നാടന്പാട്ടുകൾ മലയാളിക്ക് സമ്മാനിച്ച കലാകാരൻ. അതെല്ലാം ആയിരുന്നു മണി എന്ന കലാഭവൻ മണി. 2009 ലെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരൻ ആയിരുന്നു കരുത്തനായ കലാഭവൻ മണി.
ദേശീയ കേരള ചലച്ചിത്ര പുരസ്‌കാര കമ്മിറ്റികളുടെ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടിയ മണിക്ക് ഫിലിം ഫെയർ അവാർഡ്, ഏഷ്യനെറ്റ് ഫിലിം അവാർഡ്, വനിതാ ചന്ദ്രിക അവാർഡ്, ഭരത്‌ഗോപി ഫൗണ്ടേഷൻ പുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. മിമിക്രി, അഭിനയം, ഗായകൻ സാമൂഹികപ്രവർത്തനം എന്നു തുടങ്ങി മലയാള സിനിമയിൽ ആർക്കും ചെയ്യുവാനാകാത്തവിധം സർവതല സ്പർശിയായി പടർന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവൻ മണി.
വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവൻ മണി എന്ന ചാലക്കുടിക്കാരന്റെ കാൽ മണ്ണിൽ തന്നെ ഉറച്ചു നിന്നു . ചാലക്കുടി ടൗണിൽ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി മലയാള സിനിമാലോകത്തെ മിന്നും നക്ഷത്രമായത് കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്. പട്ടിണി ജീവിതത്തിന്റെ താളം തെറ്റിച്ച ബാല്യവും കൗമാരവും.
ഇതിനിടയിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോണോ ആക്ടി ൽ ഒന്നാം സ്ഥാനം. ജീവിത യാത്രയുടെ ഗതിമാറ്റി വിട്ട വിജയമായിരുന്നു അത്. 1995 ൽ സിബിമലയിൽ ചിത്രമായ അക്ഷരത്തിൽ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു കൊണ്ട് തന്നെ സിനിമയുടെ മാന്ത്രിക ലോകത്തെത്തി. ഹാസ്യ കഥപ്പാത്രമായും നായകനായും വില്ലനായും ആക്ഷൻ ഹീറോയായും അരങ്ങു വാണു.
പോലീസായും കളക്ടറായും സിനിമയിലെത്തുമ്പോൾ പൊതു സമൂഹത്തിന്റെ വിവേചനമാണ് നേരിടേണ്ടി വന്നത്. ഇന്നും മാറുവാൻ മടിയ്ക്കുന്ന സവർണ മേധാവിത്വത്തിന്റെ പ്രതിഫലനമായിരുന്നു അത്. സിനിമയിലെ ഉയർച്ച താഴ്ചകളെ നേരിടുവാൻ ജീവിതാനുഭവം നൽകിയ സമ്പത്ത് മാത്രം മതിയാരുന്നു. ഏത് അഭിമുഖത്തിലും പൂർവ്വകാല കഷ്ടങ്ങളെ യാതൊരു മടിയും കൂടാതെ വെളിപ്പെടുത്തി.
നാടൻ പാട്ടുകളിലൂടെ ആ മണികിലുക്കം നാട്ടുവഴികളിൽ പ്രതിധ്വനിച്ചു. അടിസ്ഥാന വർഗ്ഗത്തിന്റെ വിഷമതകൾ പറയുന്ന പാട്ടുകളായി അവ എക്കാലവും ശ്രദ്ധിക്കപ്പെട്ടു. സിനിമ പാട്ടുകളിൽ നിന്നും നാടൻ പാട്ടുകളിലേക്ക് മലയാളിയുടെ ഇഷ്ടത്തെ അദ്ദേഹം പറിച്ചുനട്ടു. മലയാളി മറന്നുപോയ നാടൻപാട്ടുകളെ അവർ പോലുമറിയാതെ ചുണ്ടുകളിലേക്ക് കൊണ്ടുവരുവാൻ മണിയോളം ശ്രമിച്ച കലാകാരനില്ല.
ആടിയും പാടിയും സാധാരണക്കാരോട് ചേർന്ന്‌നിന്നുകൊണ്ട് മണി സാധാരണക്കാരനായി നില നിന്നു. ആറു വർഷങ്ങൾക്കിപ്പുറം ആ മണി നാദം നിലച്ചു എന്ന ചാലക്കുടിപ്പുഴ പോലും വിശ്വസിച്ചിട്ടില്ല.