മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തി പിന്നീച് ദേശീയ അവാർഡ് വരെ നേടിയ താരമാണ് സലീംകുമാർ. ചെറിയ ചെറിയ വേഷങ്ങളിൽ കൂടി തന്റെ കരിയർ ആരംഭിച്ച സലിം കുമാറിനെ തേടി നിരവധി അവസരങ്ങളായിരുന്നു മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്.
പ്രേക്ഷകർക്ക് മുൻപിൽ എത്തിയത് പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ മൂഹൂർത്തങ്ങളുമായാണെങ്കലും അത്യുഗ്രൻ അഭിനയ പാഠവം കാഴ്ച വെച്ച നിരവധി സിനിമകളും അദ്ദേഹത്തിന്റേതായി ഉണ്ടായി. അതേ സമയം സലീം കുമാർ സിനിമയിലെത്തുന്നതിനും വർഷങ്ങൾക്ക് മുമ്പ് മിമിക്രി രംഗത്ത് നിന്നുതന്നെ സിനിമയിലെത്തിയ താരമാണ് നടൻ ജയറാം.
ഇപ്പോഴിതാ ജയറാം സിനിമയിൽ എത്തിയ സമയം താൻ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് സലിം കുമാർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലായിരുന്നു സലിം കുമാറിന്റെ വെളിപ്പെടുത്തൽ.
സലിംകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
അന്ന് ഞാൻ ഒരു നാടകട്രൂപ്പിന് ഒപ്പം മിമിക്‌സ് കളിക്കുകയായിരുന്നു. അന്ന് നാടകട്രൂപ്പും ഉണ്ട്, മിമിക്സ് ട്രൂപ്പും ഉണ്ട്. അപ്പോ ഈ മിമിക്രിക്കാരെ കണ്ടാൽ നാടകക്കാര് കളിയാക്കുക എന്നൊരു പരിപാടിയുണ്ട്. ഇതൊന്നും ഒരു കലയല്ല എന്നൊക്കെ പറയും.
എല്ലാ നാടകക്കാരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല. അപ്പോ മിമിക്രി ഒരു കലാരൂപമല്ല എന്നൊക്കെ പറഞ്ഞ് എവിടെ കാണുന്നോ അവിടെയിട്ട് നശിപ്പിക്കുക എന്നത് അവരുടെ ശീലമായിരുന്നു. അത് അവരുടെ ഒരു ഹോബിയായിട്ട് മാറി. എന്നാലും ഞാനുമായിട്ടൊക്കെ നല്ല സൗഹൃദമായിരുന്നു അവരെല്ലാം. ഇപ്പോഴും ആ സൗഹൃദമുണ്ട്.
അവർ മിമിക്രി ഇല്ലാത്ത ദിവസവും എന്നെ വണ്ടികയറ്റികൊണ്ടുപോവും. ഒന്നും ഇല്ല ഇതുപോലെ കളിയാക്കി കൊല്ലാനാണ്. രാഷ്ട്രീയം പറഞ്ഞ് കളിയാക്കുക. അല്ലെങ്കിൽ ഇത് പറഞ്ഞ് കൊല്ലുക. പിന്നീട് പദ്മരാജന്റെ സിനിമയിൽ ജയറാം നായകനായപ്പോൾ അതും അവരുടെ ഇടയിൽ ചർച്ചയായി. അന്ന് ഈ പദ്മരാജന്റെ സിനിമയിൽ മിമിക്രിക്കാരനാണ് നായകനാവുന്നതെന്ന് കേട്ടു എന്ന് ഒരാൾ ചോദിച്ചു.
ഇതിന് മറുപടിയായി ഈ പത്മരാജന് എന്താ ഭ്രാന്തുപിടിച്ചോ, എനിക്ക് മനസിലാവുന്നില്ല, എന്നായി അടുത്തയാൾ. ഇതിനൊന്നും ആയുസുണ്ടാവില്ലെന്നെ. കലയ്ക്ക് തന്നെ ആയുസില്ലെന്നായിരുന്നു വണ്ടിയിൽ വെച്ചുളള സംസാരമൊക്കെ.
പിന്നെ ഇത് ഇവരുടെ ഇടയിൽ ചർച്ചയായപ്പോൾ എനിക്ക് അന്ന് ജയറാമിനെ അറിയപോലും ഉണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു ഈശ്വരാ. ഞാൻ പിറ്റേദിവസം അമ്പലത്തിൽ പോയി. ദേവിയുടെ മുന്നിൽ അദ്ദേഹത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണേ എന്ന് പ്രാർത്ഥിച്ചു. കാരണം ഇങ്ങേര് രക്ഷപ്പെടുമ്പോൾ നമ്മളാണ് ഒരു ഭാഗത്തിന്റെ മുൻപിൽ ഷൈൻ ചെയ്ത് നിൽക്കാൻ പോണത്.
അപ്പോ അന്ന് ഞാൻ അമ്പലത്തിൽ പ്രാർത്ഥിച്ചത് മാത്രമല്ല. ഇരുനൂറ് രൂപയാണ് എന്റെ പ്രതിഫലം. ഒരു മിമിക്രി കളിച്ചാൽ ഇരുനൂറ് രൂപയാണ് കിട്ടുക. അന്ന് ട്രക്കറ് വിളിച്ചിട്ട് നമ്മുടെ അടുത്ത ആളുകളെയൊക്കെ കൂട്ടി കവിതാ തിയ്യേറ്ററില് റിലീസിന്റെ അന്ന് മാറ്റിനി ഞാൻ ജയറാമിന്റെ പടം കാണിച്ചു.
എറണാകുളത്തേക്ക് കുറെ ദൂരമുണ്ടായിരുന്നു. ട്രക്കറ് എന്ന് വെച്ചാല് സാധാരണക്കാരന്റെ ദീർഘദൂര വാഹനമായിരുന്നു അന്ന്. അന്ന് അത്രയ്ക്ക് വാശിയുണ്ടായിരുന്നു ഒരു ജാതിയുടെ പേരില്, മിമിക്രി എന്ന ജാതിയുടെ പേരില്. ജയറാമിനെ ആദ്യമായി കണ്ട് പരിചയപ്പെട്ടപ്പോൾ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും സലീംകുമാർ വ്യക്തമാക്കി.