മലയാളികൾക്ക് എറെ സുപരിചിതയായ മിനിസ്‌ക്രീൻ താരമാണ് നടി ഹരിത നായർ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത നായർ ശ്രദ്ധിക്കപ്പെടുന്നത്. അഖിലാണ്ഡേശ്വരിയുടെ മൂത്തമരുമകളാവാൻ എത്തുന്ന ഗംഗ എന്ന കഥാപാത്രത്തെയാണ് ഹരിത അവതരിപ്പിച്ചത്.
വില്ലത്തിയുടെ റോൾ ആയിരുന്നെങ്കിലും കുറഞ്ഞ കാലം കൊണ്ട് തന്നെ ഹരിത ശ്രദ്ധേയായി. മോഡലിങ് രംഗത്ത് നിന്നുമാണ് ഹരിത നായർ മിനിസ്‌ക്രീൻ നായികയായി മാറിയത്. 2018 ലെ മിസ് കേരള മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ് ആയ ഹരിത ചെന്നൈ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ് ആയിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി. ടിക് ടോക് അടക്കമുള്ള നവമാധ്യമങ്ങളിലും സജീവമായിരുന്നു ഹരിത. പലപ്പോഴും ഹരിതയുടെ ഡബ്സ്മാഷ് വീഡിയോസ് വൈറാലാവറുമുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് ഹരിത നായർ.
ഇരുപത്തിയഞ്ച് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ സ്വന്തമായൊരു വീട് നേടി എടുത്ത സന്തോഷമാണ് നടിയിപ്പോൾ പങ്കുവെക്കുന്നത്. പണ്ടൊക്കെ കൂട്ടുകാരുടെ വീടുകളിൽ പോകുമ്പോൾ സങ്കടപ്പെട്ടിരുന്ന തനിക്ക് സ്വന്തമൊന്ന് ഉണ്ടാക്കി എടുക്കാൻ ഇത്രയും കാലമെടുത്തു. കേവലം ഇരുപത്തിയഞ്ച് വയസിൽ അത് നേടിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് വീടിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളടക്കം ഹരിത പങ്കുവെച്ചിരിക്കുന്നത്.
നടിയുടെ കുറിപ്പ് ഇങ്ങനെ:
ഇരുപത്തിയഞ്ച് വർഷമായി സ്വന്തമായൊരു വീട്ടിൽ താമസിക്കുന്നതിന്റെ സുഖം അറിഞ്ഞിട്ടില്ല. 25 വർഷത്തോളമായി എന്റെ മാതാപിതാക്കൾ ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിച്ചു. 25 വർഷത്തോളം ഞങ്ങൾ വാടകക്കാരായി കഴിഞ്ഞു. ഈ വർഷങ്ങളിൽ പത്തോളം വീടുകൾ മാറി താമസിച്ചു. അങ്ങനെയാണ് വീട് ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചത്. പതിനൊന്നാമത് താമസിക്കാൻ പോവുന്നത് സ്വന്തം വീട് ആയിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു.
എനിക്കതിന് സാധിക്കുമെന്നും ഞാനത് ചെയ്യുമെന്നും പറഞ്ഞ് കൊണ്ടേ ഇരുന്നു. ഇത്തവണ ഞാനത് ചെയ്തെന്ന് എന്റെ അമ്മ തന്നെ പറഞ്ഞു. ഒടുവിൽ ഞങ്ങളുടെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂര. നമ്മുടെ വീട് എന്ന് വിളിക്കുന്ന ഒരു സ്ഥലം. വർഷങ്ങൾക്ക് മുൻപ് ഞാൻ എന്റെ സുഹൃത്തുക്കളുടെ വീടുകളിൽ പോവുമ്പോൾ അവർക്ക് സ്വന്തമായിട്ടുള്ള ഒരു മുറി ഉണ്ടാവും. അതെനിക്ക് കാണിച്ച് തരികയും ചെയ്യും.
ആ സമയത്ത് ഞാൻ താമസിക്കുന്നത് ഒരു മുറിയും ഹാളും അടുക്കളയും മാത്രമുള്ള വീട്ടിലാണ്. അതെന്നെ എല്ലായിപ്പോഴും സങ്കടപ്പെടുത്തി. അങ്ങനെ എന്റെ കംഫർട്ട് സോണിൽ നിന്നും ശക്തമായൊരു ലോകത്തേക്ക് കാലെടുത്ത് വെച്ചപ്പോഴാണ് ചെറിയ വീട്ടിൽ എന്റെ കുടുംബത്തിനൊപ്പം താമസിക്കുന്നത് എത്രത്തോളം അടുപ്പമുണ്ടായിരുന്ന കാര്യമാണെന്ന് മനസിലാക്കുന്നത്.
ഞാൻ ഈ കഥ പങ്കുവെക്കുന്നത് ആരുടെയും സഹതാപത്തിനോ സഹാനുഭൂതിയ്ക്കോ അതിന്റെ പേരിൽ നാണിക്കുന്നതിന് വേണ്ടിയോ അല്ല. എങ്കിലും അങ്ങേയറ്റം അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാൻ ചെയ്ത കാര്യം അറിയിക്കുകയാണ്. ഒപ്പം ആവശ്യമുള്ളതും അല്ലാത്തതുമായ കാര്യങ്ങൾ നൽകി എന്നെ വളർത്തിയ എന്റെ മാതാപിതാക്കളുടേത് വലിയൊരു അനുഗ്രഹമാണ്.
23 വയസിൽ ഒരു കാർ വാങ്ങി 25 വയസിൽ ഒരു വീടും ഉണ്ടാക്കി. ഇതുവരെ ഞാൻ നേടിയ എല്ലാത്തിനും അങ്ങേയറ്റം നന്ദിയുണ്ട്. എന്റെ വീട്ടിലേക്ക് നിങ്ങൾ എല്ലാവരെയും ക്ഷണിക്കുകയാണ്. ഇവിടുത്തെ ബാൽക്കണിയിൽ ഇരുന്ന് പുറത്തുള്ള കാഴ്ചകൾ കാണിക്കാൻ ഞാൻ കാത്തിരിക്കുകയാണെന്നും ഹരിത വ്യക്തമാക്കുന്നു. പുതിയ ഭവനത്തിലേക്ക് താമസം മാറുന്ന ഹരിതയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് സീരിയൽ താരങ്ങളടക്കം നിരവധി പേരാണ് എത്തുന്നത്.