ബാലതാരമായി എത്തി അവാർഡ് വരെ നേടി ഇപ്പോൾ നായകനായി തിളങ്ങുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവനടനും സഹ സംവിധായകനുമായ പ്രണവ് മോഹൻലാൽ. ബാലതാരമായി ഒന്നാമൻ, പുനർജനി എന്നീ ചിത്രങ്ങളിലൂടെയാണ് പ്രണവ് ആദ്യം എത്തിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം നായകനടനായി സിനിമയിൽ തിരിച്ചുവരവ് നടത്തുകയായിരുന്നു താരം.
ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയി കൂടി വർക്ക് ചെയ്യുന്ന പ്രണവ് താൻ നായകനായി അഭിനയിച്ച അദ്യചിത്രത്തിൽ തന്നെ തന്റെ കഴിവും പ്രതിഭയും തെളിയിച്ചിരുന്നു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത ആദി എന്ന സിനിമയിലൂടെ മികച്ച തുടക്കമാണ് താരപുത്രന് മലയാളത്തിൽ ലഭിച്ചത്. ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കിയാണ് പ്രണവ് മോഹൻലാൽ മലയാളത്തിൽ തുടങ്ങിയത്.
ഈ സൂപ്പർഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. അമ്പരപ്പിക്കുന്ന പാർക്കൗർ രംഗങ്ങളെല്ലാം ചെയ്ത് നടൻ എല്ലാവരെയും ഞെട്ടിച്ചു. അതിസാഹസിക രംഗങ്ങൾ ചെയ്താണ് നായകനടനായുളള സിനിമയുമായി പ്രണവ് എത്തിയത്.
അതേസമയം ആദി ചെയ്ത സമയത്ത് പ്രണവിനെ കുറിച്ച് ലാലേട്ടൻ പറഞ്ഞത് ഓർത്തെടുക്കുകയാണ് ജീത്തു ജോസഫ് ഇപ്പോൾ. സംവിധായകൻ നേരത്തെ നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. ആദി തുടങ്ങാൻ നേരത്ത് ലാലേട്ടൻ തന്നെ വിളിച്ച് പറഞ്ഞ കാര്യമാണ് ജീത്തു ജോസഫ് പറഞ്ഞത്.
ജീത്തു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ:
പ്രണവ് ഡ്യൂപ്പ് വേണ്ടാന്ന് ഒകെ പറയും. പക്ഷേ ഡ്യൂപ്പിനെ വെച്ച് ചെയ്യിപ്പിച്ചാൽ മതിയെന്ന് ലാലേട്ടൻ എന്നോട് പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു ശരി. അച്ഛനായതുകൊണ്ട് മകന്റെ കേസ് വരുമ്പോ എല്ലാവർക്കും ഉണ്ടാകുന്ന ഒരു ആധിയാണത്. ഞാൻ ഡ്യൂപ്പിനെ കൊണ്ടുവന്നു.
എന്നാൽ ആ സമയത്തും പ്രണവ് പറയുന്നുണ്ട് ഞാൻ ചെയ്തുനോക്കാം എന്ന്. അവസാനം പറഞ്ഞു ഞാൻ നോക്കാം എന്ന്. അങ്ങനെ സിനിമയിൽ ഒരു സ്ഥലത്ത് മാത്രമേ ഡ്യൂപ്പിനെ വെച്ചുളളൂ. അത് ചെറിയൊരു കേസിനായിരുന്നു. അത് പക്ഷേ ആർക്കും ചെയ്യാവുന്നതാണ്.
എന്നാൽ അന്ന് പ്രണവിന്റെ കാലിന് പറ്റിയ പാഡ് ഇല്ലായിരുന്നു. അത് അവനും വലിയ ചലഞ്ചിംഗ് അല്ലാത്തതുകൊണ്ട് എന്നാൽ ഡ്യൂപ്പ് ചെയ്തോട്ടെ എന്ന് പറഞ്ഞ് അവൻ പോയി. എന്നാൽ ബാക്കിയുളള ഇതിനകത്തെ കുറെ സംഭവങ്ങൾ, അപ കട കരമായ സീനുകൾ ഒകെ പ്രണവ് ചെയ്തു.
കുറെ പരിക്കും പറ്റിയിട്ടുണ്ട്. ഒരുദിവസത്തെ പരിക്ക് ശരിക്കും ഞാൻ പേടിച്ചുപോയി, ജീത്തു ജോസഫ് പറയുന്നു. അവനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുമ്പോ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുനിന്നുപോയി.
കാരണം എന്റെ മനസിൽ പെട്ടെന്ന് ലാലേട്ടനാണ് വന്നത്. കാരണം അന്ന് ഗ്ലാസ് വെച്ചിട്ട് പ്രണവിന്റെ കൈ മുറിഞ്ഞു. പക്ഷേ അവൻ ഭയങ്കര കൂളായിട്ടാണ് അതിനെയൊക്കെ എടുത്തതെന്നും ജീത്തു ജോസഫ് പറയുന്നു.