വ്യത്യസ്തത കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ യുവ നടൻ സൗബിൻ ഷാഹിർ നായകനാവുന്ന പുതിയ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, നസ്രിയ നസിം അടങ്ങുന്ന താര നിരയുടെ സാന്നിധ്യത്തിലായിരുന്നു ഓഡിയോ ലോഞ്ച്.
ഇതിനോടകം ഹിറ്റായി കഴിഞ്ഞ ചിത്രത്തില ഞാൻ ജാക്സൺ അല്ലടാ പാട്ടിന് താരങ്ങൾ എല്ലാവരും ചേർന്ന് ചുവടുവെച്ചു. ഓഡിയോ ലോഞ്ചിന് താൻ എത്തിയത് സൗബിന്റെ ഡാൻസ് കാണാനാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ഗപ്പിക്ക് ശേഷം ജോൺപോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം തൻവി റാം ആണ് നായിക. സൈക്ലിംഗിനും യാത്രകൾക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. നാഷണൽ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീൻ നസീം ആണ്.
മലയാളികളുടെ പ്രിയതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീൻ. ഇവരെ കൂടാതെ ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമൻ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.