മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം സാമൂതിരി കാലഘട്ടത്തിലെ വീരന്മാരായ ചാവേറുകളുടെ പോരാട്ടത്തിന്റെ ചരിത്രം പറയാനെത്തുകയാണ് . ബോളിവുഡ് നടി പ്രാച്ചി തെഹ്ലാനാണ് മാമാങ്കത്തിലെ നായിക.
ഇന്ത്യൻ നെറ്റ്ബോൽ ടീമിനെ നയിക്കുകയും ദേശീയ ബാസ്‌കറ്റ് ബോൾ ടീമിൽ കളിക്കുകയും ചെയ്തിട്ടുള്ള പ്രാച്ചി മാമാങ്കത്തിലേക്കുള്ള തന്റെ വരവ് ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് പറയുന്നത്. എന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് മാമാങ്കത്തിനെ വിശേഷിപ്പിക്കേണ്ടത്.
ടിവി സീരിയലിൽ അഭിനയിക്കുന്നതിനിടയിലാണ് മാമാങ്കത്തിന്റെ ഓഡിഷന് വിളിക്കുന്നത്. ഓഡിഷൻ നന്നായി ചെയ്യാൻ കഴിഞ്ഞെങ്കിലും ഇത്രയും വലിയ ഒരു ചിത്രത്തിൽ ഉണ്ണിമായയെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കിട്ടുമെന്ന് വിചാരിച്ചതല്ല. പക്ഷേ, ഒടുവിൽ ആ ഭാഗ്യം എന്നെത്തേടിയെത്തി.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ പ്രാച്ചി പറഞ്ഞു.
ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും പ്രാച്ചി തെഹ്ലാന പറയുന്നു. നേരത്തെതന്നെ മമ്മൂട്ടിയുടെ ഫാനാണ് ഞാൻ. അദ്ദേഹത്തെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം.
മാമാങ്കം സിനിമയിൽ എത്തുന്നതിന് മുൻപ് ഞാൻ എന്തു ചെയ്യുകയായിരുന്നെന്നും എന്റെ ഹോബീസ് എന്തൊക്കെയായിരുന്നെന്നുമൊക്കെ അദ്ദേഹം ചോദിച്ചിരുന്നു. സിനിമയിൽ ഓരോ രംഗവും എങ്ങനെ ചെയ്യണമെന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നിരുന്നു. നടൻ എന്നതിലുപരി അദ്ദേഹം വലിയൊരു മനുഷ്യസ്‌നേഹിയും നല്ല വ്യക്തിത്വത്തിന്റെ ഉടമയുമാണ്,’പ്രാച്ചി പറഞ്ഞു.