മലർവാടി ആർട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അജു വർഗീസ് എന്ന താരോദയം ജനിക്കുന്നത്. പിന്നീട് തുടരെ തുടരെ ഹാസ്യ വേഷങ്ങൾ ലഭിച്ചു തുടങ്ങിയ അജു വർഗീസ് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
സിനിമയ്ക്ക് പുറത്തും കുഞ്ഞു പെങ്ങളുടെ ഉത്തരവാദിത്വപ്പെട്ട ചേട്ടനായി അജു വർഗീസ് പ്രേക്ഷകരുടെ ഹീറോയാവുകയാണ്. അനുജത്തി അഞ്ജുവിന്റെ വിവാഹ ഓർമ്മകളിലേക്ക് തിരികെ പറക്കുകയാണ് മലയാളത്തിന്റെ ഈ ഇഷ്ടതാരം.
തൻറെ അനുജത്തി അഞ്ജുവിനെക്കുറിച്ച് അജു വർഗീസ് പറഞ്ഞത് ഇങ്ങനെ
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനുജത്തി അഞ്ജു ജനിക്കുന്നത്, ഞങ്ങൾ തമ്മിൽ പത്ത് വയസ്സ് വ്യത്യാസമുണ്ടായിരുന്നു. ഞാൻ പത്തിൽ പഠിക്കുമ്പോൾ അവൾ ഒന്നാം ക്ലാസിൽ ആയിട്ടേയുള്ളൂ, ചെങ്ങന്നൂർ ഗവൺമെന്റ് കോളേജിലാണ് അവൾ പഠിച്ചത്.
എൻജീനിയറിംഗ് ഇലക്ട്രിക്കൽ ആയിരുന്നു. പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടി. എന്നാൽ ഇനി കല്യാണം ആലോചിക്കട്ടെ എന്ന് ഞാനും അച്ഛനും അമ്മയും കൂടി അവളോട് ചോദിച്ചു. അവൾ ഓക്കേ പറഞ്ഞപ്പോൾ കല്യാണ ആലോചന തുടങ്ങി.
ആർഭാടം ഇല്ലാത്ത വിവാഹത്തോട് താൽപ്പര്യമില്ലാത്ത ആളാണ് ഞാൻ. എന്റെ വിവാഹത്തിനു ഞാൻ പർച്ചേസ് ചെയ്യാനെടുത്ത സമയം അരമണിക്കൂർ ആണ്. എന്റെ അച്ഛനും അമ്മയും അഞ്ജുവും ഇതേ മനസ്ഥിതിക്കാരാണ്.
എന്റെ മേഖല സിനിമയായത് കൊണ്ട് ഒരുപാടു പേരെ ക്ഷണിക്കാനുണ്ടായിരുന്നതിനാൽ അതിഥികൾ ഏറെയുണ്ടായിരുന്നു എന്ന് മാത്രം. ഭക്ഷണം നന്നായിരിക്കണം എന്ന ഒറ്റകാര്യത്തിൽ മാത്രമേ എനിക്ക് നിർബന്ധമുണ്ടായിരുന്നുള്ളൂ, എന്റെ വിവാഹത്തിനും അഞ്ജുവിന്റെ വിവാഹത്തിനും ഞാനാക്കാര്യം ശ്രദ്ധിച്ചിരുന്നു.
അഞ്ജുവിന്റെ വിവാഹ വസ്ത്രത്തിന്റെ കാര്യമൊക്കെ എന്റെ ഭാര്യ അഗസ്റ്റീനയാണ് ശ്രദ്ധിച്ചത്’, വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസ് അനുജത്തി അഞ്ജുവിന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്.