മിനിസ്ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ റണ്ണറപ്പ് ആയിരിക്കുകയാണ് മുഹമ്മദ് ദിലിജിയൻ ബ്ലെസ്ലി. ഈ പേരിലൂടെ തന്നെ വ്യത്യസ്തനായ താരം നല്ലൊരു ഗായകൻ കൂടിയാണ്.
യുവ തലമുറയിൽ നിന്നും മാതൃകാപരമായ നിമിഷങ്ങൾ നൽകി കൊണ്ടാണ് താരം ഹൗസിന് അകത്ത് നിന്നത്. ഇടയ്ക്ക് ചില വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം പെട്ടെന്ന് തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ മകന് രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിലും അതിൽ സന്തുഷ്ടരാണെന്ന് പറയുകയാണ് ബ്ലെസ്ലിയുടെ ഉമ്മ.
പണത്തിനെക്കാളും വലുതായി ഒത്തിരി സ്നേഹം ലഭിച്ചതാണ് പ്രധാനമെന്നും ഉമ്മ പറയുന്നു. ബ്ലെസ്ലിയെ സ്വീകരിക്കാൻ ആയി എയർപോർട്ടിൽ എത്തിയപ്പോൾ ആണ് ബ്ലെസ്ലിയുടെ ഉമ്മ ഇക്കാര്യങ്ങൾ പറഞ്ഞത്. ഫിൽമിബീറ്റ് മലയാളത്തിനോട് ആയിരുന്നു താരമാതാവിന്റെ പ്രതികരണം.
ബ്ലെസ്ലി ബിഗ് ബോസിൽ നൂറ് ദിവസം തികച്ച് പുറത്തേക്ക് വന്നതിൽ വളരെയധികം സന്തോഷം ഉണ്ടെന്നാണ് ഉമ്മ പറയുന്നത്. ഇത്രയും പിന്തുണ ഞാൻ പ്രതീക്ഷിച്ചിട്ടില്ല. അവസാന നിമിഷം ബ്ലെസ്ലി വിജയിക്കാത്തതിൽ സങ്കടമൊന്നുമില്ല. ബിഗ് ബോസ് അല്ലേ, ഇവിടുത്തെ കാര്യം തീരുമാനിക്കുന്നത് പ്രേക്ഷകരാണ്.
ഇത്രയൊക്കെ കണ്ടതിന് ശേഷം ഞാനെന്തിനാണ് വിഷമിക്കുന്നത്. അവന് പൈസ കിട്ടിയില്ലെന്നല്ലേ ഉള്ളു. എന്തോരം സ്നേഹമാണ് ലഭിച്ചതെന്നും ഉമ്മ പറയുന്നു. പ്രേക്ഷകരുടെ വിധി പോലെയാണ് ബിഗ് ബോസിൽ കാര്യങ്ങൾ നടക്കുക. എയർപോർട്ടിൽ വരുമ്പോൾ ഇത്രയും സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ലോക മലയാളികൾക്ക് ഞാൻ നന്ദി പറയുകയാണെന്നും ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞു.
അതേ സമയം നിരവധി പെൺകുട്ടികളിൽ നിന്നും ബ്ലെസ്ലിക്ക് വിവാഹാഭ്യർഥന വന്നതിനെ പറ്റിയും ഉമ്മ സൂചിപ്പിച്ചു.
ബ്ലെസ്ലി ആരെയും നിരാശപ്പെടുത്തില്ല എന്നാണ് തോന്നുന്നത്. ബ്ലെസ്ലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പേരുടെ മെസേജ് ഉമ്മയുടെ ഫോണിലേക്ക് വന്നിരുന്നു. വീട്ടിലും ബ്ലെസ്ലി ഇങ്ങനൊക്കെ തന്നെയാണ്. ആരോടും പൊട്ടിത്തെറിക്കാറില്ല. ഇടയ്ക്ക് തഗ്ഗ് ഒക്കെ പറയും. രണ്ട് വർഷം മുൻപുള്ള ബ്ലെസ്ലി അങ്ങനെയായിരുന്നു.
പിന്നെ അവൻ ഡൗൺ ആയി പോയി. ഇപ്പോൾ ആ ബ്ലെസ്ലി തിരിച്ച് വന്നിരിക്കുകയാണെന്നും ഉമ്മ സൂചിപ്പിച്ചു. അതേ സമയം ബ്ലെസ്ലിയ്ക്ക് സ്വീകരണം ഒരുക്കാനെത്തിയ ആരാധകരെ കണ്ട സന്തോഷത്തിലാണ് സഹോദരി. ആരും ഉണ്ടാവില്ലെന്നാണ് കരുതിയത്. പക്ഷേ ഒത്തിരി പേർ വന്നു.
ആൾക്കാരുടെ ഇടയിൽ നിന്നും സഹോദരനെ കാണാൻ പോലും സാധിച്ചില്ല.കാറിൽ കയറിയതിന് ശേഷമാണ് കണ്ടത്. ടെലിവിഷനിൽ ബ്ലെസ്ലിയാണ് വിന്നർ എന്ന് പറയുന്നതിന് മുൻപേ അക്കാര്യം അറിഞ്ഞിരുന്നു. ഡെയ്സി മെസേജ് അയച്ച് പറഞ്ഞതാണ്. പിന്നെ ഇതുവരെ എത്തിയല്ലോ, അത് തന്നെ വലിയ കാര്യമാണെന്നും ബ്ലെസ്ലിയുടെ സഹോദരി പറയുന്നു.