സോഷ്യൽ മീഡിയയിലാണ് പലരും ലോക്ക്ഡൗൺ കാലം ചിലവഴിക്കുന്നത്. താരങ്ങളും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ലോക്ക്ഡൗൺ കാലത്ത് ശരീരം നന്നാക്കാനും നന്നായി നിലനിർത്താനുമായി താരങ്ങൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. വർക്ക് ഔട്ടിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.
അങ്ങനെ കഴിഞ്ഞ ദിവസം വൈറലായ ചിത്രമായിരുന്നു നടൻ ധ്യാൻ ശ്രീനിവാസന്റേത്. കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് സുഹൃത്തും നടനുമായ ധ്യാൻ ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചിരുന്നു.
പഴയ രൂപത്തിനേക്കാൾ മെലിഞ്ഞ രൂപത്തിലുള്ള ധ്യാനിന്റെ ചിത്രമാണ് അജു പങ്കുവെച്ചത്. അടിപൊളി തിരിച്ചുവരവാണ് സദാ എന്നു പറഞ്ഞാണ് അജു ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ധ്യാൻ ശ്രീനിവാസന്റെ ലുക്കിനെ അഭിനന്ദിച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയത്. ഇതോടെ തന്റെ മാറ്റത്തിന് പിന്നിലെ കാരണം ധ്യാൻ വെളിപ്പെടുത്തി.
അജു വർഗീസ് പങ്കുവെച്ച തന്റെ ചിത്രത്തിന് താഴെയായിട്ടാണ് കമന്റുമായി ധ്യാൻ ശ്രീനിവാസൻ എത്തിയത്. ” ഹോട്ടൽ ഒകെ പൂട്ടിയല്ലോ, അപ്പോൾ വീട്ടിൽ ഉളള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോൾ കൂടുതൽ കഴിച്ചാൽ പുളളി ഒരു വൃത്തികെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വർക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും. എന്നായിരുന്നു ധ്യാൻ കമന്റ് ചെയ്തത്.
അതേ സമയം കേരളത്തിൽ സൂപ്പർ ഹിറ്റായി മാറിയ തെലുങ്ക് ചിത്രം ഏജന്റ് സായി ശ്രീനിവാസ ആത്രേയയിൽ ധ്യാൻ ശ്രീനിവാസൻ നായകനായെത്തും. താൻ സിനിമയുടെ ഭാഗമാകുന്ന വിവരം ധ്യാൻ തന്നെ ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.