നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി എത്തിയിട്ടുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് നടി തമന്ന ഭാട്ടിയ. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള തമന്നയ്ക്ക് കേരളത്തിടക്കം വലിയ ആരാധകരാണ് ഉള്ളത്.
ഗ്ലാമറസ് വേഷങ്ങളിലും എത്താൻ മടിയില്ലാത്ത തമന്നയ്ക്ക് ശക്തമായ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകൾ വ്യക്തമാക്കി മുന്നേറുന്ന താരം കൂടിയാണ് അവർ. വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കൃത്യമായ മറുപടിയും തമന്ന നൽകാറുണ്ട്.
ഇപ്പോഴിതാ മലയാള സിനിമയിൽ തനിക്ക് നഷ്ടപ്പെട്ട് പോയ ഒരു അവസരത്തെ കുറിച്ച് തുറന്നു പറയുകയാണ് തമന്ന. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും കാൾഷീറ്റ് ഇല്ലാത്തത് കൊണ്ട് അത് വേണ്ടെന്ന് വെക്കേണ്ടി വന്നെന്നാണ് തമന്ന പറയുന്നത്.
അത് വലിയ നഷ്ടമായി പോയെന്നും താരം വ്യക്തമാക്കുന്നു. തമന്നയുടെ വാക്കുകൾ ഇങ്ങനെ:
ചില മലയാള സിനിമകളിൽ അഭിനയിക്കാനുള്ള ഓഫറുകൾ തനിക്ക് വന്നിരുന്നു. എന്നാൽ കാൾഷീറ്റ് ഇല്ലാത്ത കാരണം കൊണ്ട് ആ അവസരങ്ങളെല്ലാം നിരസിക്കേണ്ടി വരികയായിരുന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്.
ആ സിനിമ ഒഴിവാക്കേണ്ടി വന്നതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ടെന്നുമാണ് തമന്ന പറയുന്നത്. കൊവിഡിന് തൊട്ട് മുൻപായി സന്ധ്യ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ചിത്രത്തിന് വേണ്ടി എന്നെ വിളിച്ചിരുന്നു. അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് കൊവിഡ് 19 വന്ന് ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടാവുന്നത്. അതോടെ എല്ലാം താറുമാറായി. ഇനിയും നല്ല കഥാപാത്രവും സംവിധായകനുമൊക്കെ ഒത്തു വന്നാൽ മലയാളത്തിൽ അഭിനയിക്കും. അതെന്റെ ആഗ്രഹമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ മലയാള ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.
എപ്പോഴും നിറയെ അവാർഡുകൾ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണെന്നും തമന്ന പറയുന്നു. അതേ സമയം താൻ സിനിമയിലേക്ക് വരാനുള്ള കാരണം ഹൃതിക് റോഷൻ ആണെന്ന് തമന്ന വെളിപ്പെടുത്തിയിരുന്നു. ഹൃതിക് റോഷന്റെ കടുത്ത ആരാധിക ആണ് താനെന്നും തമന്ന വ്യക്തമാക്കിയിരുന്നു.