ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തി ഏറെ വിജയം നേടിയ ഹോം എന്ന ചിത്രത്തിന് ശേഷം മൗത്ത് പബ്ലിസിറ്റിയിലൂടെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സിനിമയാണ് ജാൻ എ മൻ. ഒരു കൂട്ടം യുവാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു സിനിമ.
മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷം വന്ന ഒരു ഫുൾ ടൈം കോമഡി എന്റർടെയ്ൻമെന്റാണ് ജാൻ എ മൻ എന്നാണ് സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒന്നടങ്കം പറഞ്ഞത്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ കാണുന്ന പ്രേക്ഷകന് ഒട്ടും ബോറടിക്കില്ല. ഒരേ സമയം നടക്കുന്ന രണ്ട് സംഭവങ്ങളിൽ നിന്ന് കുറെ ചിരിയും കുറച്ച് സെന്റിമെൻസും കുറച്ച് ആകാംഷയും പകർന്നാണ് സിനിമ സഞ്ചരിക്കുന്നത്.
സീരിയസ് രംഗങ്ങൾ ആണെങ്കിലും അവയിലും കോമഡിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. സംവിധായകൻ ബേസിൽ ജോസഫാണ് സിനിമയിൽ നായകനായി അഭിനയിച്ചത്. ഒപ്പം കൂടെ കട്ടക്ക് ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഗണപതിയുടെ സഹോദരനായ ചിദംബരമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത ദിവസം സിനിമ കാണാൻ ആളുകൾ കുറവായിരുന്നുവെങ്കിലും രണ്ടാമത്തെ ദിവസമായപ്പോഴേക്കും തിയേറ്ററിലേക്ക് ആളുകൾ ഒഴുകിയെത്തി. മൗത്ത് പബ്ലിസിറ്റി ഒന്ന് കൊണ്ട് മാത്രമാണ് രണ്ടാം ദിവസമായപ്പോഴേക്കും സിനിമ ഹൗസ് ഫുള്ളായി ഓടാൻ തുടങ്ങിയത്.
Also Read
ഇതുപോലൊരു ചിത്രത്തിൽ അഭിനയിക്കാൻ ഇനി ഞാൻ ആഗ്രഹിയ്ക്കുന്നില്ല; കല്യാണി പ്രിയദർശൻ
പ്രമുഖ സംവിധായകരും അഭിനേതാക്കളുമടക്കം നിരവധി പേർ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി. സിനിമയിൽ ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, ബേസിൽ ജോസഫ് എന്നിവർക്കൊപ്പം ആരാധകരുടെ ശ്രദ്ധനേടിയ താരമാണ് ചിത്രത്തിൽ അർജുൻ അശോകന്റെ സഹോദരിയായി അഭിനയിച്ച ശ്രുതി സത്യൻ.
യുട്യൂബറായ ശ്രുതി എങ്ങനെയാണ് താൻ ജാൻ എ മന്നിന്റെ ഭാഗമായി എന്നത് തുറന്ന് പറഞ്ഞ് രംഗത്ത് എത്തയിരിക്കുകയാണ് ഇപ്പോൾ. നടിയാകും മുമ്പ് ബിടെക്കുകാരിയായ ശ്രുതി യുട്യൂബറാണ്. ലോക്ക് ഡൗൺ കാലത്ത് നേരമ്പോക്കിന് വേണ്ടിയാണ് ശ്രുതി യുട്യൂബ് ആരംഭിച്ചത്. ഇന്ന് ഒരു ലക്ഷത്തിന് മുകളിലാണ് ശ്രുതിയുടെ സബ്‌സ്‌ക്രൈബേഴ്‌സ്.
സൗന്ദര്യം, ഫാഷൻ, വ്‌ളോഗിങ് എന്നിവ കേന്ദ്രീകരിച്ചുള്ള വീഡിയോകളാണ് ശ്രുതി ചെയ്യുന്നത്. യുട്യൂബ് തന്നെയാണ് ശ്രുതിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതും. യുട്യൂബ് വീഡിയോ കണ്ട സിനിമയുടെ സഹസംവിധായകനാണ് ശ്രുതിയുടെ പേര് ഗണപതിയോട് പറഞ്ഞത്. അങ്ങനെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ശ്രുതിയുമായി ബന്ധപ്പെട്ട് ഓഡീഷൻ എടുത്തു.
ആദ്യം ഒരു രംഗം അഭിനയിച്ച് വീഡിയോ അയച്ച് കൊടുത്തു. ശേഷം സ്‌ക്രീൻ ടെസ്റ്റിന് പോയി അങ്ങനെയാണ് സിനിമയിലേക്ക് ശ്രുതി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിൽ അവസാനം കാസ്റ്റ് ചെയ്തവരിൽ ഒരാളാണ് ഞാനെന്നാണ് തോന്നുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് രണ്ട് ദിവസം മുമ്പാണ് ഇതിലേക്ക് എത്തുന്നത്.
സിനിമ ഏകദേശം ഒരു ദിവസത്തെ കഥ തന്നെയാണ് പറയുന്നതിനാൽ ആദ്യ ദിവസം തന്നെ എനിക്ക് ഷോട്ടുണ്ടായിരുന്നു. ഇതിന് മുമ്പ് ഞാനൊരു ഷൂട്ടിങ് പോലും നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. സെറ്റിലെ ഒരാളെ പോലും പരിചയമുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരുടെയും സപ്പോർട്ട് കൊണ്ട് അത്യാവശ്യം നന്നായി ചെയ്യാൻ സാധിച്ചെന്ന് കരുതുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിങ്.
വളരെക്കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വീട്ടിലാണ് എല്ലാവരും താമസിച്ചത്. ഒരു കുടുംബം പോലെയായിരുന്നു. ഏകദേശം ഒരു മാസത്തിന് മുകളിൽ ഷൂട്ടുണ്ടായിരുന്നു’ ശ്രുതി പറഞ്ഞു. തൃശൂർ സ്വദേശിയായിട്ടും കൊച്ചി ഭാഷ മനോഹരമായി കൈകാര്യം ചെയ്തത് എങ്ങനെയെന്നും ശ്രുതി വെളിപ്പെടുത്തി.
ഡബ്ബിങ് സമയത്ത് ഇടയ്ക്കിടെ തൃശൂർ ഭാഷ കേറിവന്നിരുന്നതിനാൽ ഡയറക്ടറുടെ നിർദേശ പ്രകാരം മറ്റൊരു കുട്ടിയാണ് ഡബ് ചെയ്തതെന്നും തന്റെ ശബ്ദത്തോട് അത്രത്തോളം സാമ്യം ഡബ് ചെയ്ത കുട്ടിക്കുണ്ടായിരുന്നുവെന്നും സിനിമ കണ്ടപ്പോൾ ആ സാമ്യം അത്ഭുതപ്പെടുത്തിയെന്നും ശ്രുതി പറഞ്ഞു.
ഓഡീഷൻ സമയത്ത് മദ്യപിക്കുന്ന സീൻ അഭിനയിച്ച് അയക്കാനാണ് പറഞ്ഞതെന്നും ആ വീഡിയോ ഇഷ്ടപ്പെട്ട കൊണ്ടാണ് പിന്നീട് സ്‌ക്രീൻ ടെസ്റ്റിന് വിളിപ്പിച്ചതെന്നും ശ്രുതി പറഞ്ഞു. നേരത്തെ ചെയ്ത് ശീലിച്ചതിനാൽ വലിയ പേടി കൂടാതെ ചെയ്യാൻ സാധിച്ചുവെന്നും ശ്രുതി പറയുന്നു.
തിയേറ്ററിൽ ഏറ്റവും കൂടുതൾ ആളുകൾ സ്വീകരിച്ച സീൻ കൂടിയായിരുന്നു ശ്രുതി മറ്റ് കഥാപാത്രങ്ങൾക്ക് ഒപ്പമിരുന്ന് മദ്യപിച്ച സീൻ. അഭിനയം തുടർന്ന് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടെന്നും പുതിയ സിനിമകളൊന്നും ആയിട്ടില്ലെന്നും നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ശ്രുതി പറഞ്ഞു.