സ്റ്റൈൽമന്നൻ രജനികാന്ത് നായകനായ കബാലി, കാല എന്നീ സിനിമകളുടെ സംവിധായകൻ പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിൽ ദളപതി വിജയ് നായകനായെത്താൻ സാധ്യത. വിജയിയോട് കഥ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും പാ രഞ്ജിത്ത് പറഞ്ഞു.
ചിത്രം സൂപ്പർഹീറോ കഥയായിരിക്കുമെന്നും സംവിധായകൻ അറിയിക്കുന്നു. എല്ലാ മുൻനിര താരങ്ങളുമായും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാലയ്ക്ക് ശേഷം ഞാൻ വിജയിയെ സന്ദർശിക്കുകയും ഒരു സൂപ്പർഹീറോ കഥ പറയുകയും ചെയ്തു.
അദ്ദേഹത്തിനും കഥ ഇഷ്ടമായിട്ടുണ്ടെന്ന് പാ രഞ്ജിത്ത് പറയുന്നു. റൊമാന്റിക്ക് ഉൾപ്പെടെ നിരവധി തിരക്കഥകൾ താൻ രചിച്ചിട്ടുണ്ടെന്നും എന്നാൽ ബിർസ മുണ്ടയുടെ ജീവിതകഥയെ ആസ്പദമാക്കി തന്റെ ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കാനൊരുങ്ങുകയാണെന്നും രഞ്ജിത്ത് പറയുന്നു.
ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സർപാട്ട പരമ്പര യാണ് പാ രഞ്ജിത്തിന്റെ പുറത്തിറങ്ങാനുളള സിനിമ. 1995 വരെ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്സിംഗ് ഗെയിമിനെക്കുറിച്ചാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
അതേസമയം വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്റർ പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റർ ലോക്ഡൗൺ മൂലം മാറ്റി വെയ്ക്കുകയായിരുന്നു.
ബോക്സ് ഓഫീസിൽ വലിയ വിജയമായി തീർന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ.ചിത്രത്തിൽ രവിചന്ദർ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ ജെറീമിയ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. വിജയിയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്.