ഗൂഗിൾ ഇന്റർനെറ്റ് ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിനാണ്. ലോകത്തെ എന്തു വിവരങ്ങൾക്കും ഒരു പരിധിവരെ കൃത്യമായ ഉത്തരം നൽകാൻ ഗൂഗിളിനു കഴിയും. അതേസമയം, ഗൂഗിളിന്റെ ചില സേർച്ചിങ് ഫലങ്ങൾ കാണുമ്പോൾ ഉപയോക്താക്കൾ അദ്ഭുതപ്പെടാറുണ്ട്.
ഇത്തരം ചില തെറ്റുകൾ ഗൂഗിൾ തിരുത്താറുമുണ്ട്. ഗൂഗിളിന്റെ സേർച്ചിങ് ടെക്‌നോളജി അറിയുന്നവർക്ക് ഇതിൽ വലിയ അദ്ഭുതമൊന്നും കാണില്ല. കോടാനുകോടി വെബ്‌പേജുകളിൽ നിന്ന് ഗൂഗിളിനു തോന്നുന്ന ലിങ്കുകളാണ് സേർച്ചിങ് റിസൾട്ടായി കാണിക്കുന്നത്. ഇത്തരം ചില കാര്യങ്ങൾ ഗൂഗിളിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാറുമുണ്ട്.
ആരാണ് ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാക്കൾ? ( who is the best actors in the world ) എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കുന്ന റിസൾട്ടിൽ മലയാള നടൻ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിൾ തിരഞ്ഞു നൽകിയിരിക്കുന്ന പട്ടികയിൽ മമ്മൂട്ടി മൂന്നാമതും ദുൽക്കർ പത്താം സ്ഥാനത്തുമാണ്.
ഐഎംഡിബിയിൽ നിന്നുള്ള വെബ് പേജാണ് ഉറവിടമായി ഗൂഗിൾ കാണിക്കുന്നതെങ്കിലും ഇതിനേക്കാൾ ആധികാരികമായ റിസൾട്ടുകൾ ഐഎംഡിബിയിലും മറ്റു വെബ്സൈറ്റുകളിലും ലഭ്യമാണ്. റോബർട്ട് ഡി നിരോ, അൽ പസിനോ എന്നിവരാണ് ഒന്നും സ്ഥാനങ്ങളിൽ.
ഐഎംഡിബിയിൽ raheestorres എന്നൊരു യൂസർ അദ്ദേഹത്തിനു ഇഷ്ടമുളള രീതിയിലാണ് ഈ ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ സേർച്ച് എൻജിനാണ് ഗൂഗിൾ ഈ ലിസ്റ്റ് പിന്തുടരുന്നത്? ആ രഹസ്യം ഗൂഗിൾ എൻജീയർമാർക്ക് മാത്രമാണ് അറിയുക.