മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ സീരീസാണ് സിബിഐ ഡയറിക്കുറിപ്പും നായകൻ സേതുരാമയ്യർ സിബിഐയും. ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലും ജാഗ്രത 1989ലും മൂന്നാം ഭാഗം സേതുരാമയ്യർ സിബിഐ 2004ലും നേരറിയാൻ സിബിഐ 2005ലുമാണ് റിലീസ് ചെയ്തത്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി എന്നിവരും ഈ സീരിസിന്റെ ഭാഗമാണ്. എന്നാൽ കാർ അപകടത്തിൽ ശരീരം തളർന്നു പോയ ജഗതി ഇപ്പോൾ ഒരുക്കാൻ പോകുന്ന സിബിഐ അഞ്ചാം ഭാഗത്തിൽ ഉണ്ടാവുമോ എന്ന സംശയത്തിൽ ആണ് പ്രേക്ഷകർ.
പതുക്കെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്ന ജഗതി അഞ്ചാം ഭാഗത്തിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ട്. അഞ്ചാം ഭാഗത്തിൽ വിരമിച്ച സിബിഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലും ഒരു സിനിമയിലും ജഗതി അഭിനയിച്ചിരുന്നു.
14 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് സേതുരാമയ്യരായി മെഗാസ്‌റ്റാർ വീണ്ടും വേഷമിടുന്നത്. മലയാളത്തിൽ ഒരു സിനിമയുടെ അഞ്ചാംഭാഗം ഇറങ്ങുന്നതും ആദ്യമാണ്. ഒരേ ഗെറ്റപ്പിൽ തുടർച്ചയായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന സിനിമയെന്നതിനുപുറമെ ചില സഹകഥാപാത്രങ്ങൾ ഒരുപോലെ തുടരുന്നതും ഈ നാല് സിനിമയുടെയും പ്രത്യേകതയായിരുന്നു.
മലയാളത്തിന്റെ ഹാസ്യസമ്രാട്ട് ജഗതിയും പൊലീസ് വേഷത്തിൽ ഈ സിനിമയുടെ നാലുഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, അപകടത്തെ തുടർന്ന് വിശ്രമിക്കുന്ന ജഗതി അഞ്ചാംഭാഗത്തിലും വേഷമിടുമെന്ന് അദ്ദേഹത്തിന്റെ മകൻ ഈയിടെ ഒരു ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.
ഈ വർഷം അവസാനമാകുമ്പോഴേക്കും സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ വീണ്ടുമെത്തുന്ന സേതുരാമയ്യരുടെ പുതിയ കഥയും സസ്‌പെൻസ് ത്രില്ലറായിരിക്കുമെന്നതിൽ സംശയമില്ല.