പലരും ചതിച്ചു, കൂടെ നിന്നത് രണ്ടു പേർ മാത്രം: ബഷീർ ബഷിയുടെ വെളിപ്പെടുത്തൽ

49

തന്റെ ജീവിതത്തിൽ കൂടുതൽ ഉണ്ടായിട്ടുള്ളത് സ്വന്തം കാര്യം കാണാൻ വേണ്ടി സൗഹൃദം സ്ഥാപിച്ചവരാണെന്ന് റിയാലിറ്റി ഷോ താരമായ ബഷീർ ബഷി. ആവശ്യം കഴിയുന്നതു വരെയുള്ള സൗഹൃദം മാത്രമേ അവർക്കു വേണ്ടിയിരുന്നുള്ളൂ. ചിലർക്ക് ബിസിനസ് ആവശ്യങ്ങൾ, മറ്റു ചിലർക്ക് എന്റെ പണമോ, പ്രശസ്തിയോ ഉപയോഗിക്കണം. വൈകിയായിരിക്കും ഞാൻ ഇതു മനസ്സിലാക്കുക. അറിയുമ്പോൾ വല്ലാത്ത വേദന തോന്നു മെന്നും ബഷീർ ബഷി വ്യക്തമാക്കി.

അതേ സമയം ആത്മാർഥതയോടെ എന്നെ സുഹൃത്തായി കാണുന്ന രണ്ടു പേരുണ്ട്. ഷമീറും സനീഷും. അവരാണ് എനിക്കു സൗഹൃദത്തിന്റെ കരുത്ത് കാണിച്ചു തന്നവർ. ഒന്നിച്ച് കളിച്ചു വളർന്നവരാണ് ഞാനും ഷമീറും. പത്താം ക്ലാസു വരെ ഒന്നിച്ച് പഠിച്ചവർ. എന്റെ എല്ലാ സുഖത്തിലും ദുഃഖത്തിലും അവൻ കൂടെ നിന്നു.

Advertisements

കുരുത്തക്കേടുകളിൽ പങ്കാളിയായി. പത്താം ക്ലാസു കഴിഞ്ഞശേഷം രണ്ടു വഴിക്ക് പിരിഞ്ഞെങ്കിലും സൗഹൃദം ശക്തമായി നിലനിന്നു. ഇപ്പോഴും നേരിട്ടു കണ്ടാൽ ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചിരിക്കും.
എട്ടു വർഷത്തിനു മുൻപാണ് സനീഷിനെ പരിചയപ്പെടുന്നത്. അവൻ ഫൊട്ടോഗ്രഫി ചെയ്തു നടക്കുകയായിരുന്നു. കൊച്ചിയിലെ ഫ്രീക്കൻ എന്ന നിലയിലാണ് ആളുകൾ എന്നെ അറിഞ്ഞിരുന്നത്.

അവൻ എന്റെ ഫോട്ടോ എടുക്കാൻ വന്നപ്പോഴാണ് പരിചയപ്പെടുന്നത്. കായംകുളത്താണ് സനീഷിന്റെ വീട്. ഇടയ്ക്ക് എന്നെ കാണാൻ വരുമായിരുന്നു. അങ്ങനെ ഞങ്ങൾ ചങ്കുകളായി. അവന് സിനിമയിൽ ക്യാമറമാൻ ആകാനായിരുന്നു ആഗ്രഹം. എനിക്ക് അഭിനയമോ, സംവിധാനമോ ചെയ്യണമെന്നും. ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതൊക്കെ അന്നു ഞങ്ങൾ സ്വപ്നം കണ്ടിരുന്നു. അന്ന് ഞങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ അല്ലായിരുന്നു. അവൻ ഹൈദരബാദിലെ ഒരു കമ്പനിയിൽ ക്യാമറാമാൻ ആയി ജോലിക്കു കയറി. മൂന്നു വർഷത്തോളം അവിടെ ജോലി ചെയ്തു.

ജീവിതത്തിൽ ഒരു നല്ലകാലം വരികയാണെങ്കിൽ നമ്മൾ ഒരുമിച്ച് ഉണ്ടാകുമെന്ന് അവനോടു ഞാൻ അന്നേ പറഞ്ഞിരുന്നു. കുറച്ചു നാൾ മുൻപ് ജോലി രാജിവച്ചു തിരിച്ചുവരാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. ഡിസ്പാരോ മീഡിയ എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ക്യാമറയും ലൈൻസുമെല്ലാം പ്രൊഡക്ഷൻ ഹൗസിനു വേണ്ടി ഞാൻ സ്വന്തമായി വാങ്ങി.

ഇന്ന് ഞങ്ങൾ ബിസിനസ് പങ്കാളികളാണ്. ശരിക്കും സൗഹൃദത്തിന്റെ ഫലമാണ് ഞങ്ങളുടെ കമ്പനി.
ഇനി ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കണം. ദുനിയ എന്ന ഒരു സോങ്ങായിരുന്നു ആദ്യം ചെയ്തത്. രണ്ടാമത്തെ പ്രൊജക്ടായ കല്ലുമ്മക്കായ എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് ഓഗസ്റ്റ് 4ന് റിലീസ് ചെയ്യും. ഞാനാണ് സംവിധായകൻ. സനീഷ് ക്യാമറ ചെയ്യുന്നു. എന്റെ ഭാര്യമാരും മക്കളും അഭിനയിക്കുന്നുണ്ട്.

ബഷീർ ബഷിയുടെ കുടുംബത്തിൽ എന്ത് നടക്കുന്നു എന്ന പലരുടെയും സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ വെബ് സീരിസിൽ ഉണ്ടാകും. സിനിമ തന്നെയാണ് ഞങ്ങളുടെ സ്വപ്നം. സമയം ആകുമ്പോൾ അതും യാഥാർഥ്യമാകുമെന്നാണ് വിശ്വാസം. എന്തും തുറന്നു പറയാവുന്ന, എന്നും കൂടെ നിൽക്കുന്നവരാണല്ലോ യഥാർഥ സുഹൃത്തുക്കൾ. അതുകൊണ്ടു ഭാര്യമാരായ സുഹാനയും മഷൂറയും എന്റെ അടുത്ത സുഹൃത്തുക്കളാണ്.

മരണം വരെ അവർ എനിക്കൊപ്പം ഉണ്ടാകും. സുഹാനയും മഷൂറയും തമ്മിൽ നല്ല സൗഹൃദമാണ് നിലനിൽക്കുന്നത്. അതാണ് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യം. പരസ്പരം ബഹുമാനിച്ചും അഭിപ്രായങ്ങൾ ചോദിച്ചുമാണ് അവർ മുന്നോട്ടു പോകുന്നത്.

ചിലപ്പോൾ തോന്നും അവർ ചേച്ചിയും അനിയത്തിയും ആണ് എന്ന്. മഷൂറയും മകളും സുഹൃത്തുക്കളെ പോലെയാണ്. ഉമ്മച്ചിയോടു (സുഹാന) പറയാത്ത പല കാര്യങ്ങളും മകൾ മഷൂറയോടാണ് പറയുന്നത്. സൗഹൃദത്തിന്റെ ചതിക്കുഴിയിൽ പലപ്പോഴും വീണിട്ടുണ്ടെങ്കിലും ആത്മാർഥതയുള്ള ഈ സൗഹൃദങ്ങൾ ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. എല്ലാവർക്കും എന്റെ സൗഹൃദ ദിനാശംസകൾ.

Advertisement