മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നയകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു രാജമാണിക്യം. മെഗാസ്റ്റാറിന്റെ എക്കാലത്തേയും വമ്പൻ ഹിറ്റുകളുടെ കൂട്ടത്തിൽ ഒന്നു കൂടിയാണ് രാജമാണിക്യം.
2005ൽ റിലീസ് ചെയ്ത രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അമ്മ കഥാപാത്രമായി എത്തിയ മുത്തു ലക്ഷ്മി അമ്മാളിനെ മലയാളികൾ ഒരിക്കലും മറക്കാന് ഇടയില്ല. അമ്മ തള്ളിപ്പറഞ്ഞതിന്റെ ദുഃഖത്തിൽ കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോകുന്ന മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ കഥാപാത്രവും രണ്ടാം ഭർത്താവിന്റെ മുന്നിൽ നിവർത്തി കേടുകൊണ്ട് സ്വന്തം മകനെ അറിയില്ലെന്ന് പറഞ്ഞ അമ്മ കഥാപാത്രവും പ്രേക്ഷകരുടെ കണ്ണ് നനയിച്ചിരുന്നു.
ആ ചിത്രം ഇപ്പോഴും ടിവിയിൽ കാണുമ്പോൾ ഇ സീനുകൾ നൊമ്പരം പടർത്തുന്നവ ആണ്. അതേ സമയം രാജമാണിക്യത്തിൽ സിനിമയിൽ മുത്തുലക്ഷ്മി അമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാള സിനിമയക്ക് പരിചിതമായ ഒരു നടിയായിരുന്നില്ല.
ചിത്ര ഷേണോയ് എന്ന നടി ആയിരുന്നു രാജമാണിക്യത്തിലെ മുത്തുലക്ഷ്മി അമ്മാൾ എന്ന വേഷം ചെയ്ത് കൈയ്യടി നേടിയത്. തന്റെ ഇരുപത്തിയേഴാം വയസിലാണ് മമ്മൂട്ടിയുടെ അമ്മയായി ചിത്ര അഭിനയിച്ചത്. കർണാടക സ്വദേശിനിയായ നടി കന്നട സിനിമകളിലൂടെ ആണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. തുടക്കകാലത്ത് നായികയായി നിരവധി കന്നട സിനിമകളിൽ അഭിനയിച്ചു.
സഹനടിയായും ധാരാളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ചിത്രയെ തേടി വന്നു. യംഗ് മദർ എന്നാണ് അക്കാലത്ത് നടിയെ കന്നടയിൽ വിശേഷിപ്പിച്ചിരുന്നത്. സിനിമാ ജീവിതം ആരംഭിച്ച് പത്ത് വർഷങ്ങൾ തികയും മുമ്പ് തന്നെ കന്നടയിലെ അമ്മ കഥാപാത്രങ്ങളെ ചിത്ര അവതരിപ്പിക്കാൻ തുടങ്ങിയിരുന്നു.
ഒട്ടുമിക്ക കന്നട സൂപ്പർ താരങ്ങളുടെയും അമ്മയായി ചിത്ര അഭിനയിച്ചിരുന്നു. പ്രായം കുറവാണെങ്കിലും അമ്മ കഥാപാത്രങ്ങളെ മികച്ച രീതിയിൽ ബിഗ് സ്‌ക്രീനിൽ കാഴ്ചവെക്കാൻ ചിത്രയ്ക്ക് സാധിച്ചിരുന്നു. മൗന ഹൊരത എന്ന കന്നട ചിത്രത്തിലൂടെയാണ് ചിത്രയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. സിനിമ ഇൻഡസ്ട്രിയിൽ എത്തി 15 വർഷങ്ങൾ കഴിഞ്ഞാണ് മലയാളത്തിലേക്ക് ചിത്ര എത്തുന്നത്.
ദൂരദർശന്റെ ഇതിഹാസ് എന്ന ഹിന്ദി സീരിയലിലും ചിത്ര അഭിനയിച്ചിരുന്നു. ചാനലുകളുടെ എണ്ണവും സീരിയലു കളുടെ എണ്ണവും വളരെ കുറവായിരുന്ന അക്കാലത്ത് ഏറെ പ്രശസ്തമായ സീരിയൽ ആയിരുന്നു ഇതിഹാസ്. തുടർന്ന് ഹിന്ദി, കന്നട സീരിയലുകളിൽ ചിത്ര അഭിനയിക്കാൻ തുടങ്ങി. രാജമാണിക്യത്തിന് ശേഷം മലയാളത്തിൽ അമ്മ കഥാപാത്രങ്ങൾ തന്നെയാണ് ചിത്രയെ കൂടുതലും തേടിയെത്തിയത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ ദി ഡോൺ എന്ന ചിത്രത്തിലാണ് പിന്നീട് ചിത്ര അഭിനയിക്കുന്നത്. നടൻ ലാലിന്റെ ഭാര്യ കഥാപാത്രമായാണ് ചിത്ര ആ സിനിമയിൽ വേഷമിട്ടത്. ഷാജി കൈലാസിന്റെ മോഹൻലാൽ ചിത്രമായ അലിഭായിലും ചിത്ര അഭിനയിച്ചിരുന്നു.
മോഹൻലാലിന്റെ അമ്മയെയാണ് ചിത്ര ആ സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് മോഹൻലാലിന്റെ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലും അഭിനയിച്ചു. പിന്നീട് മലയാള സിനിമയിൽ സജീവ സാന്നിധ്യം ആയില്ലെങ്കിലും മലയാള സീരിയൽ പ്രേക്ഷകരുടെ മനം കവർന്ന ധാരാളം കഥാപാത്രങ്ങൾ ചിത്ര കൈകാര്യം ചെയ്തു.
സ്ത്രീധനം എന്ന സീരിയലിലെ ദുഷ്ടയായ അമ്മായിയമ്മയുടെ കഥാപാത്രത്തെ വളരെ മികച്ചതാക്കി നടി അഭിനയിച്ചു ഫലിപ്പിച്ചിരുന്നു. ഗാന്ധാരി, അച്ഛന്റെ മകൾ, പൗർണമി തിങ്കൾ തുടങ്ങി വിവിധ സീരിയലുകൾ പിന്നീട് ചെയ്തു. ഏഷ്യാനെറ്റിലെ പൗർണമി തിങ്കൾ എന്ന സീരിയൽ നിർമ്മിച്ചതും ചിത്രയാണ്. ചിത്രയുടെ ഭർത്താവ് ഗുരുദാസ് നിർമ്മാതാവ് കൂടിയാണ്.