സ്വകാര്യ ചാനലായ ഏഷ്യാനെറ്റിൽ ഇപ്പോൾ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന സീരിയലാണ് കുടുംബവിളക്ക്. കുടുംബ പരമ്പരയായ കുടുംബവിളക്കിൽ നായിക സുമിത്ര എന്ന ശക്തമായ കഥാപാത്രമായി എത്തിയത് സിനിമാതാരം മീരാ വസുദേവാണ്.
കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകർക്ക് പരിചിതയാകുന്നത്. സുമിത്ര ഒരു വീട്ടമ്മയാണ്. വലിയ വിദ്യാഭ്യാസമോ, പുറം ലോകവുമായി ഉള്ള ബന്ധമോ അവകാശപ്പെടാനില്ലാത്ത അവൾ വിശ്രമം ഇല്ലാതെ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്.
ഭർത്താവും മക്കളുമുൾപ്പടെ എല്ലാവരും അവളെ അവഗണിക്കുകയാണ്. ഇതിൽ നിന്നുമുള്ള സുമിത്രയുടെ ഉയിർത്തെഴുന്നേൽപ്പും അവൾക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുമാണ് സീരിയൽ പറയുന്നത്. ഈ സീരിയിലിൽ മൂന്നു മക്കളുടെ അമ്മയായിട്ടാണ് മീര എത്തുന്നത്.
പരമ്പരയിൽ ഇളയമകൾ ശീതളായി എത്തിയ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാർവ്വതി വിജയകുമാറാണ് സുമിത്രയുടെ ഇളയമകളായി അഭിനയിക്കുന്നത്. ഭാര്യ സീരിയലിൽ രോഹിണിയായും, പൂക്കാലം വരവായ് സീരിയലിൽ സംയുക്തയായും തിളങ്ങുന്ന നടി മൃദുല മുരളിയുടെ സഹോദരിയാണ് പാർവ്വതി എന്നത് അടുത്തകാലത്താണ് പ്രേക്ഷകർക്ക് വ്യക്തമായത്. ഇപ്പോൾ പാർവ്വതി വിവാഹിതയായി എന്ന വാർത്തയും ചിത്രങ്ങളുമാണ് വരുന്നന്നത്.
കുടുംബവിളക്ക് സീരിയലിലെ ക്യാമറമാൻ അരുണാണ് താരത്തെ വിവാഹം ചെയ്തത്. വീട്ടുകാർ അറിയാതെയുള്ള രഹസ്യവിവാഹമായിരുന്നു ഇവരുടേത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. പാർവതിയുടെ ചേച്ചി മൃദുലയുടെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല.
അതിനാൽ വീട്ടുകാരുടെ അംഗീകാരമില്ലാതെ ഇരുവരും ഇന്നലെ വിവാഹിതരാകുകയായിരുന്നു. ഇവർക്ക് ആശംസകൾ അറിയിക്കുകയാണ് സീരിയൽരംഗം. നേരത്തെ സമാനമായി ഭ്രമണം സീരിയലിലെ ഹരിതയായി എത്തിയ സ്വാതിയും കാമറാമാൻ പ്രതീഷിനോടൊപ്പം ഒളിച്ചോടി വിവാഹിതയായിരുന്നു. ഇപ്പോൾ സന്തോഷജീവിതം നയിക്കുകയാണ് ഇവർ
പാർവ്വതി നർത്തകിയും പാട്ടുകാരിയും കൂടിയാണ്. തിരുവനന്തപുരമാണ് ഇവരുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയിൽ വിജയകുമാറിന്റെയും റാണിയുടെയും മക്കളാണ് മൃദുലയും പാർവ്വതിയും. പ്രശസ്തനായ സിനിമാ എഡിറ്റർ എംഎൻ അപ്പുവിന്റെ കൊച്ചുമക്കളുമാണ്. ആദാമിന്റെ വാരിയെല്ല്, നെല്ല്, യവനിക തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചത് അപ്പുവാണ്. സംസ്ഥാന സർക്കാരിന്റെ അവാർഡും നേടിയിട്ടുണ്ട് അപ്പു.