മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് സലീം കോടത്തൂർ. മാപ്പിളപ്പാട്ടുകളിലൂടെയും ആൽബങ്ങളിലൂടെയും ആണ് സലീം കോടത്തൂർ പ്രേക്ഷകരെ സ്വന്തമാക്കിയത്. സലീം കോടത്തൂർ പാടി അഭിനയിച്ച ഗാനങ്ങൾ ഒരു കാലത്ത് അത്രത്തോളം ഓളം യുവാക്കൾക്കിടയിൽ സൃഷ്ടിച്ചിരുന്നു.
സലീം കോടത്തൂർ എന്ന ഗായകനെക്കാൾ ഹന്ന മോളുടെ വരവോടെ അദ്ദേഹത്തിലെ അച്ഛനെ സ്‌നേഹിക്കുന്നവരാണ് ഏറെയും. മകളുടെ കുറവുകളെ നിറവുകളാക്കി മാറ്റി സമൂഹത്തിലേക്ക് ഇറക്കി കൊണ്ടുവന്ന സ്‌നേഹ നിധിയായ അച്ഛനാണ് സലീം കോടത്തൂർ ഇന്ന്.
സലീം കോടത്തൂരിന് ഉള്ളതിനേക്കാൾ ആരാധകർ സലീമിന്റെ ഇളയ മകൾ ഹന്നയ്ക്കുണ്ട്. ചെറിയ പെരുന്നാൾ ദിനത്തിൽ സലീം കോടത്തൂരിനേയും മകൾ ഹന്നയേയും കുടുംബത്തേയും കാണാനെത്തിയ അവതാരിക ലക്ഷ്മി നക്ഷത്രയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
തന്നെ ഒരുപാട് സ്‌നേഹിക്കുന്ന ഹന്നക്കുട്ടിയെ കാണാൻ സർപ്രൈസായി ചെന്നതിന്റെ വീഡിയോ ലക്ഷ്മി തന്നെയാണ് യുട്യൂബ് ചാനൽ വഴി പങ്കുവെച്ചത്. ഏറെ നാളുകളായി ലക്ഷ്മിയെ കാണണമെന്ന് മകൾ ആഗ്രഹം പറയുമായിരുന്നു എന്നും അങ്ങനെയാണ് ലക്ഷ്മി നക്ഷത്ര മകളെ കാണാൻ എത്തിയതെന്നും സലീം കോടത്തൂർ പറയുന്നു.
Also Read
അവസാനമായി എനിക്ക് വാപ്പയെ ഒന്നു കാണാൻ പോലും സാധിച്ചില്ല, സങ്കടത്തോടെ കലാഭവൻ നവാസ് പറയുന്നു
കുറവുകളുള്ള ഒരു മകളായി ഹന്നയെ ഞാൻ എവിടേയും പരിചയപ്പെടുത്താറില്ല. പാട്ടും ഡാൻസുമൊക്കെയായി അവൾക്ക് നല്ല കഴിവുണ്ട്. ഉദ്ഘാടനങ്ങൾക്ക് ഒക്കെ പോകാറുണ്ട്. മകളെ വിറ്റ് കാശാക്കുകയാണോ എന്ന ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് വേണ്ടത് സഹതാപമല്ല. അവളെ മാലാഖക്കുഞ്ഞെന്ന് പറഞ്ഞ് എല്ലാവരും വാരിയെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.
അതാണ് ഞാൻ ആഗ്രഹിച്ചത്. വീഡിയോകളൊക്കെ കണ്ട് ലക്ഷ്മിയെ മോൾക്ക് ഒരുപാടിഷ്ടമാണ്. അങ്ങനെയാണ് എന്റെ ഫോണിൽ നിന്ന് ലക്ഷ്മിക്ക് ഹന്നമോൾ മെസേജ് അയച്ചത്.ഹന്നയെ അറിയിക്കാതെ സർപ്രൈസായാണ് ലക്ഷ്മി വീട്ടിലേക്കെത്തിയത്. പെട്ടെന്ന് ചിന്നു ചേച്ചിയെ കണ്ടപ്പോൾ എന്താണെന്ന് പറയാനാവാത്ത അവസ്ഥയിലായിരുന്നു ഹന്ന.
സ്റ്റാർ മാജിക് കണ്ടിട്ടാണ് ലക്ഷ്മിയോട് ഇഷ്ടം തോന്നിയത്. യുട്യൂബിലെ വീഡിയോയും ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങളുമെല്ലാം ഡൗൺലോഡ് ചെയ്ത് കാണിക്കാറുണ്ട്. ഉപ്പയുടെ കൈയ്യിൽ ലക്ഷ്മിയുടെ നമ്പറില്ലേയെന്ന് ചോദിക്കുമായിരുന്നു. കൊല്ലം ഷാഫിയോട് ലക്ഷ്മിയെക്കുറിച്ച് ഹന്ന ചോദിക്കുമായിരുന്നു.
പെരുന്നാളിന് ശേഷം വരാമെന്നായിരുന്നു ഹന്നയോട് പറഞ്ഞത്. ഉപ്പയെയാണ് ഹന്നയ്ക്ക് ഏറെയിഷ്ടം. അത് കഴിഞ്ഞാൽ ഇഷ്ടം ലക്ഷ്മിയോടാണ്. ദിലീപിനേയും ഹന്നയ്ക്ക് ഇഷ്ടമാണ്.ഇരുപതാം വയസിലായിരുന്നു വിവാഹം. ഞാനൊരിക്കലും നല്ലൊരു ഭർത്താവല്ല. എന്നാൽ നല്ല ഭാര്യയുടെ ഭർത്താവാണ്.
ഭാര്യ ഗർഭിണിയായിരുന്ന സമയത്ത് ഇഎസ്ആർ കൂടിയിട്ട് ഒരു ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിരുന്നു.അത് ഗർഭപാത്രത്തെ ബാധിച്ചുവെന്നാണ് പറഞ്ഞത്. രണ്ടര മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമായാണ് ഹന്നയെ പുറത്തേക്ക് കൊണ്ടുവരുന്നത്. 48 മണിക്കൂർ മാത്രമാണ് ആയുസ് പറഞ്ഞത്.
ശരീരത്തിൽ പല ഭാഗത്തും തൊലിയുണ്ടായിരുന്നില്ല. നമുക്ക് വെന്റിലേറ്റർ മാറ്റാമെന്ന് ഡോക്ടർ വരെ പറഞ്ഞിരുന്നു. കുട്ടിക്ക് രണ്ട് വിരലിലില്ല എന്ന് പറഞ്ഞപ്പോൾ അത് കുഴപ്പമില്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. വീട്ടിൽ വന്നപ്പോൾ നല്ല കെയർ കൊടുക്കണമെന്ന് പറഞ്ഞിരുന്നു. അവളുടെ കാര്യങ്ങളെക്കുറിച്ച് ഒത്തിരി ഡോക്ടർമാരോട് സംസാരിച്ചിരുന്നു. എനിക്ക് അവൾ നടക്കണം എന്നുണ്ടായിരുന്നു.
എനിക്ക് മകളെയും കൊണ്ട് ആശുപത്രിയിലേക്ക് പോവാൻ വരെ പറ്റില്ലായിരുന്നു. ആളുകൾ കൂടുമായിരുന്നു. എനിക്ക് വയ്യാത്ത മകളുണ്ടെന്ന തരത്തിൽ പലരും എന്നെ സഹതാപത്തോടെ നോക്കുമായിരുന്നു. സർജറി പോലും ചെയ്യാതെയാണ് ഹന്നയെ നടക്കാൻ പഠിപ്പിച്ചത്.
അതിന് ശേഷം സംസാരിക്കാൻ തുടങ്ങി. പാട്ടൊക്കെ പാടിത്തുടങ്ങിയത് അതിന് ശേഷമായിരുന്നു. സഹതാപം കിട്ടാൻ വേണ്ടിയാണോ മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യങ്ങളൊക്കെ നേരിടേണ്ടി വന്നിരുന്നു.അവളെ ഞങ്ങൾ എല്ലായിടത്തും കൊണ്ടു പോവാറുണ്ട്. എന്നേക്കാളും വലിയ സെലിബ്രിറ്റിയാണ് ഹന്നമോളിപ്പോൾ എന്നും സലീം കോടത്തൂർ പറയുന്നു.