തമിഴകത്തിന്റെ ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് മാസ്റ്റർ. ലോക്ഡൗണിണ് ശേഷം ആദ്യം തിയ്യറ്ററുകളിലെത്തിയ ചിത്രമായ മാസ്റ്ററിൽ ശക്തനായ വില്ലൻ ഭവാനിയായി മക്കൾ ശെൽപൻ വിജയ് സേതുപതിയും കൈയ്യടി നേടിയിരുന്നു.
അതേ സമയം മാസ്റ്ററിന്റെ ഹിന്ദി റിമേക്ക് ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ തന്നെ തെലുങ്കു, ഹിന്ദി റിമേക്കുകളുടെ ചർച്ചകൾ നടന്നിരുന്നു. കബീർ സിങ്ങിന്റെ നിർമ്മാതാവായ മുറാദ് ഖേദാനിയാണ് മാസ്റ്ററിന്റെ റിമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.
ഹിന്ദി ബിഗ്ബോസ് നിർമ്മാതാക്കളായ എൻഡെമോൾ ഷൈൻ ചിത്രത്തിന്റെ സഹ സംവിധായകർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സൽമാൻ ഖാനായിരിക്കും ചിത്രത്തിൽ വിജയ് ചെയ്ത റോൾ ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്. വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മാസ്റ്റർ.
മാസ്റ്ററിൽ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീത നിർവ്വഹിച്ചിരുന്നത്. ചിത്രത്തിലെ ഗാനങ്ങളും, പശ്ചാത്തല സംഗീതവും ആരാധകർ ഏറ്റെടുത്തിരുന്നു.
മാസ്റ്ററിനെ മാസാക്കുന്നതിൽ പശ്ചാത്തല സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഫിലോമിൻ രാജാണ്. ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അർജുൻ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്.
അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകൾ മൂലം അർജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹനാണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തിയത്.
അതേസമയം രാധെയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൽമാൻ ചിത്രം. നിലവിൽ ടൈഗർ 3യുടെ ചിത്രീകരണത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സൽമാൻ ഖാൻ. ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ ജൂൺ മാസത്തേക്കാണ് മാറ്റി വെച്ചിരിക്കുന്നത്.