മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അണൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന ചിത്രം കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് തിയേറ്ററുകളിൽ വ്യാഴാഴ്ച റിലീസ് ചെയ്തിരിക്കുകയാണ്. ബിഗ്ബിക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രം തിയേറ്ററുകൾ പൂരപ്പറമ്പാക്കുകയാണ് ഇപ്പോൾ.
കൊവിഡിന്റെ നീണ്ട ഇടവേളക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് മമ്മൂട്ടി നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ താരനിര അണിനിരന്ന ചിത്രത്തിലെ പല കഥാപാത്രങ്ങളും ചർച്ചയായി കൊണ്ടിരിക്കുകയാണ്.
അതിലൊന്നാണ് ദിലീഷ് പോത്തൻ അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം. ഒരു രാഷ്ട്രീയക്കാരൻ ആയിട്ടാണ് ദിലീഷ് പോത്തൻ ഈ ഭീഷ്മ പർവ്വത്തിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമകാലിക രാഷ്ട്രീയ സംഭവങ്ങൾ ദിലീഷ് പോത്തനിലൂടെ അവതരിപ്പിക്കുന്നുണ്ട്. ബീഫ് രാഷ്ട്രീയവും കോൺഗ്രസ് ഹൈക്കമാൻഡുമെല്ലാം ഇതിൽ ഉൾപ്പെടും.
സിനിമയിൽ ദിലീഷിന്റെ കഥാപാത്രം ഹോട്ടലിൽ കയറുമ്പോൾ കഴിക്കാൻ ബീഫ് പറയട്ടെയെന്ന് ഷൈൻ ടോം ചാക്കോ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ദിലീഷ് പറയുന്നത് ‘നോ ബീഫ് ഒൺലി ഉള്ളിക്കറി, എന്നാണ്. ഈ രംഗം തിയേറ്ററിൽ ചിരി പടർത്തിയിരുന്നു. അതുപോലെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കാര്യം ദിലീഷിന്റെ മദാമ്മയും മകനും സംഭാഷണത്തിലൂടെയും കടന്നുവരുന്നുണ്ട്.
എൺപതുകളിലെ കഥയാണ് പറഞ്ഞതെങ്കിലും സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവങ്ങൾ ചിത്രത്തിൽ പറഞ്ഞുപോകുന്നുണ്ട്. എന്തായാലും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി നിറഞ്ഞ തിയേറ്ററുകളിൽ ഭീഷ്മ പർവം പ്രദർശനം തുടരുകയാണ്.
മമ്മൂട്ടിയുടെ മാസ് എനർജെറ്റിക് പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമൽ നീരദും മമ്മൂട്ടിയും 14 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്താണോ അത് കൃത്യമായി തരാൻ ഭീഷ്മ പർവ്വത്തിനായിട്ടുണ്ട്.
മാസ്, സ്ലോ മോഷൻ, പഞ്ച് ഡയലോഗ്‌സ്, സ്റ്റൈലിഷ് മേക്കിങ്ങ്, ബിജിഎം ഇതെല്ലാം ചേർന്ന് തിയേറ്ററിൽ മികച്ച ഒരു എക്‌സ്പീരിയൻസ് തന്നെയാണ് ഭീഷ്മ പർവ്വം നൽകുന്നുണ്ട്. ക്ലാസ്സ് ആയ ഒരു മാസ്സ് ചിത്രം എന്നാണ് ചിത്രത്തെ കണ്ടിറങ്ങിയവർ വിശേഷിപ്പിക്കുന്നത്.