ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് മലയാളം മിനിസ്ക്രീൻ ആരാധകരുടെ ജനപ്രീയ പരിപാടിയാണ് . ഈ പരിപാടിയിലൂടെ ജനപ്രീയനായി മാറിയ വ്യക്തിയാണ് തങ്കച്ചൻ വിതുര. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി തങ്കു എന്ന് ആരാധകർ വിളിക്കുന്ന തങ്കച്ചൻ പരിപാടിയുടെ ഭാഗമല്ല.
എന്തുകൊണ്ടാണ് തങ്കച്ചൻ സ്റ്റാർ മാജിക്കിൽ നിന്നും പിന്മാറിയതെന്ന ചോദ്യം നിരന്തരമായി ആരാധകർ ചോദിക്കുന്നതാണ്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി അനുമോൾ.
സ്റ്റാർ മാജിക്കിലെ ഹിറ്റ് ജോഡിയായിരുന്നു തങ്കുവും അനുമോളും. അതുകൊണ്ട് തന്നെ നിരവധി പേരാണ് തന്നോട് എന്താണ് തങ്കു വരാത്തതെന്ന് ചോദിക്കുന്നതെന്നാണ് അനുമോൾ പറയുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുമോൾ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
തങ്കച്ചൻ ചേട്ടൻ എന്റെ നാട്ടുകാരനാണ്. തങ്കച്ചൻ ചേട്ടൻ വിതുരയും ഞാൻ ആര്യനാടുമാണ്. കുറച്ച് കിലോ മീറ്ററുകളുടെ ദൂരമേയുള്ളൂ. തങ്കച്ചൻ ചേട്ടനെ ഞാൻ ആദ്യമായി കാണുന്നത് ഒരു ഷോപ്പിൽ വച്ചാണ്. നേരത്തെ കോമഡികളിലൊക്കെ കണ്ടിട്ടുണ്ട്. ഈ ഫീൽഡിൽ വന്നിട്ട് 30 വർഷമായി. ആദ്യമൊക്കെ കാണുമ്പോൾ ഇത് കോമഡിയിലൊക്കെ വരുന്ന ആ ചേട്ടനല്ലേ എന്നായിരുന്നു.
അത് കഴിഞ്ഞാണ് സ്റ്റാർ മാജിക്കിലേക്ക് വരുന്നത്. ചേട്ടൻ വരുമ്പോൾ തന്നെ ഞാൻ നമ്മുടെ ഷോ ഡയറക്ടറോട് പറഞ്ഞു ഞങ്ങളൊരു നാട്ടുകാരാണ് എന്ന്. അപ്പോൾ അവരാണ് പറഞ്ഞത് തങ്കച്ചൻ ചേട്ടനെ ഒന്ന് കയ്യിലെടുക്കണമെന്ന്. അങ്ങനെയാണ് പുള്ള വന്നപ്പോൾ ചേട്ടനെ എനിക്ക് ഇഷ്ടമാണെന്നൊക്കെ പറഞ്ഞത്. പുള്ളിയും തിരിച്ച് അങ്ങനെ തന്നെ നിന്നു.
പിന്നീട് ഷോയിൽ ഞങ്ങളുടെ കെമിസ്ട്രി എല്ലാവർക്കും ഇഷ്ടമായി. അതോടെ നമ്മൾ അതങ്ങനെ തന്നെ നിർത്തി കൊണ്ടു പോവുകയായിരുന്നു. പക്ഷെ പുള്ളി ഇപ്പോൾ സ്റ്റാർ മാജിക്കിലില്ല. ഒരുപാട് പേർ എനിക്ക് മെസേജ് അയക്കുന്നുണ്ട്. കമന്റ് ചെയ്യുന്നുണ്ട്. സ്റ്റാർ മാജിക്കിന്റെ എപ്പിസോഡ് ഇടുമ്പോൾ അതിൽ വന്ന് കുറേ പേർ പൊങ്കാലിയിടുന്നുണ്ട്. എന്തുകൊണ്ട് തങ്കച്ചൻ ചേട്ടനെ നിങ്ങൾ ഓഴിവാക്കി? എന്തുകൊണ്ട് തങ്കച്ചൻ ചേട്ടനെ നിങ്ങൾ വിളിക്കുന്നില്ല? എന്നൊക്കെ പറഞ്ഞു കൊണ്ട്.
മര്യാദയ്ക്ക് വിളിക്കണം. ഇല്ലെങ്കിൽ നിങ്ങൾ വിവരം അറിയും എന്നൊക്കെ പറയുന്നുണ്ട്. സ്റ്റാർ മാജിക്ക് കൊണ്ടു പോയത് തങ്കച്ചൻ ചേട്ടൻ ആണെന്നും പറയുന്നു. ഓക്കെ ശരിയാണ്. തങ്കച്ചൻ ചേട്ടൻ വലിയൊരു കലാകാരനാണ്. അദ്ദേഹത്തിന്റെ കഴിവു കൊണ്ടാണ് പ്രോഗ്രാം കൊണ്ട് പോകുന്നത്. അത് സത്യമുള്ള കാര്യമാണ്. തങ്കച്ചൻ ചേട്ടൻ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്.
ഞങ്ങളാരും പുളളിയെ പുറത്താക്കിയിട്ടില്ല. പുള്ളി അവിടെ വരണ്ട എന്ന രീതിയിൽ ഞങ്ങളാരും ഒന്നും പറഞ്ഞിട്ടില്ല. ഷോ ഡയറക്ടേഴ്സിന്റെ ഭാഗത്തു നിന്നോ ഫ്ളവേഴ്സ് ചാനലിന്റെ ഭാഗത്തു നിന്നോ ഒന്നും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പുള്ളി വരാത്തതിന്റെ കാരണം ഞങ്ങൾക്കാർക്കും അറിയത്തില്ല. അത് നിങ്ങൾ തന്നെ ചോദിച്ച് മനസിലാക്കണം. ഞങ്ങളൊക്കെ അദ്ദേഹം വരുമ്പോൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ്.
വ്യക്തിപരമായി അദ്ദേഹവും ഞാനും നല്ല സുഹൃത്തുക്കളാണ്. പക്ഷെ ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ്. അതുപോലെ ഷോയുടെ അവതാരക ലക്ഷ്മി വ്ളോഗ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അന്നും അദ്ദേഹം മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഷോ ഡയറക്ടറും ചാനലിന്റെ ഹെഡ്ഡുമൊക്കെ വിളിച്ചുവെങ്കിലും അദ്ദേഹം കാരണം പറയുന്നില്ല.
രണ്ട് ദിവസം മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. വന്ന് സംസാരിച്ചു ഞാൻ ചോദിക്കാൻ പോയില്ല. ചോദിച്ചാൽ പറയില്ല എന്നറിയാം. എങ്ങനെ പോകുന്നെടി എന്ന് ചോദിച്ചു. നന്നായി പോകുന്നു ചേട്ടായെന്ന് ഞാനും പറഞ്ഞു. സുഖമല്ലേയെന്ന് ചോദിച്ചപ്പോൾ അതെ എന്ന്് ഞാൻ പറഞ്ഞു. ഹാപ്പി ക്രിസ്തുമസ് എന്നും പറഞ്ഞ് പോയി. ഞാൻ ചോദിച്ചില്ല എന്താ വരാത്തത്. അതുകൊണ്ട് നിങ്ങൾ ചോദിക്കണം.
വെറുതെ ഞങ്ങളെ പൊങ്കാലയിട്ടിട്ട് ഒരു കാര്യവുമില്ല. ഷോ ഡയറക്ടർ ചേട്ടനോട് ചോദിച്ചാലും ഇത് തന്നെയാണ് പറയാനുള്ളത്. ഒരു കാരണവുമില്ല. പെട്ടെന്ന് ഒരു ദിവസം അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു. അന്ന് ഞാനില്ലായിരുന്നു. പിന്നെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല, ഓരോ എക്സ്ക്യസുകൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഞങ്ങൾക്ക് ആർക്കും അദ്ദേഹത്തോട് വൈരാഗ്യമില്ല. ഞങ്ങളൊക്കെ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണെന്നും അനുകുട്ടി പറയുന്നു.