യുവനിരയെ വെച്ച് സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കുന്ന ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടി.
സിനിമയിലേക്ക് എങ്ങനെ എത്തി എന്ന് നൂറിനോട് ചോദിച്ചാൽ അതിനെല്ലാം വഴിത്തിരിവായത് നൃത്ത മാണെന്നാണ് നടി പറയുന്നത്. അഡാറ് ലവിലെ സഹതാരങ്ങളായ പ്രിയ വാര്യരെ പിന്നീട് കണ്ടിട്ടിട്ടില്ലെന്നും തെലുങ്ക് സിനിമയുടെ ടീസറിൽ കണ്ട ഹോട്ട് നായിക താനല്ലെന്നും പറയുകയാണ് നൂറിനിപ്പോൾ.
കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ആരാധകർ കാത്തിരുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൂറിൽ പങ്കുവെച്ചത്. നൂറിന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ വളരെ സെൻസറ്റീവാണ്, ചെറിയ കാര്യങ്ങൾക്ക് പോലും കരഞ്ഞ് പോകുമെന്നാണ് നൂറിൻ ഷെരീഫ് പറയുന്നത്. വലിയ കാര്യങ്ങൾ പലതും അവഗണിച്ചെന്ന് വരും. കലാകാരന്മാർക്ക് കൂടെ പിറപ്പായ അതേ പ്രകൃതമാണ് തനിക്കും. നൃത്തമാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. മൂന്ന് വയസുള്ളപ്പോൾ മുതൽ നൃത്തം പഠിക്കുന്നുണ്ട്.
ഇടയ്ക്ക് വച്ച് അത് നിർത്തി എട്ടാം ക്ലാസ് മുതലാണ് പിന്നെ തുടങ്ങുന്നത്. ഒരു അഡാർ ലൗവ് എന്ന സിനിമയിൽ നായികയായി അഭിനയിക്കാനാണ് ആദ്യം അവസരം ലഭിക്കുന്നത്. പിന്നീട് പല കാരണങ്ങൾ കൊണ്ടും ഉപനായികയാകേണ്ടി വന്നു. നിർമാതാവിന്റെ നിർദ്ദേശ പ്രകാരം സംവിധായകന് പല വിട്ടു വീഴ്ചകളും ചെയ്യേണ്ടി വന്നതാണ്.
എനിക്കന്ന് പതിനെട്ട് വയസല്ലേ ഉള്ളു. ഏറ്റവും കൂടുതൽ ദേഷ്യവും വാശിയും നിരാശയുമൊക്കെ തോന്നുന്ന സമയം. എനിക്ക് പകരം അതിൽ നായികയായി മാറിയ പ്രിയ വാര്യരെ പിന്നീട് ഞാൻ നേരിൽ കണ്ടിട്ടില്ല. റോഷനെ ഒന്ന് രണ്ട് തവണ കണ്ടു. ഞങ്ങൾ ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.
കുട്ടിക്കാലം മുതൽ ഉമ്മ ടെസീനയാണ് എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിരുന്നത്. സ്‌കൂളിലെ കല, കായിക മത്സരങ്ങളിലൊക്കെ പങ്കെടുപ്പിക്കാൻ ഉമ്മ എന്നെയും കൊണ്ട് പോകുമ്പോൾ വാപ്പ ഷെരീഫ് ആദ്യമൊക്കെ വഴക്ക് പറയുമായിരുന്നു. പിന്നെ എല്ലാം മാറി വിദേശത്തായിരുന്ന വാപ്പ ഇപ്പോൾ നാട്ടിലുണ്ട്.
ചേച്ചി നസ്രിൻ വിവാഹം കഴിഞ്ഞു. എന്നെക്കാൾ നന്നായി ഡാൻസ് കളിക്കുന്നത് അവളാണ്. പാട്ട് പാടുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുമെങ്കിലും പക്ഷേ അതൊന്നും ക്യാമറയ്ക്ക് മുന്നിലല്ലെന്ന് നൂറിൻ പറയുന്നു. സിനിമ എന്നാൽ എന്തോ വലിയ തെറ്റാണെന്നാണ് ബന്ധുക്കളിൽ പലരും ഇപ്പോഴും വിചാരിക്കുന്നത്.
ഏത് മേഖലയിലും നല്ലതും ചീത്തയുമുണ്ട്. ഏത് വഴി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. സിനിമാ താരം ഒരു പബ്ലിക് ഫിഗറായത് കൊണ്ടാവും കൊച്ച് കൊച്ച കാര്യങ്ങൾക്ക് പോലും വലിയ വാർത്തയാകുന്നത്. ഒരു ഡോക്ടറുടെയും ഒരു ആക്ടറുടെയും കാര്യമെടുത്ത് നോക്കുകയാണെങ്കിൽ, ഡോക്ടർക്ക് ഒരു പ്രശ്നമുണ്ടായാലും കൂടുതൽ ചർച്ചയാകുന്നത് ആക്ടറുടെ പ്രശ്നമായിരിക്കും.
സിനിമയെ മറ്റൊരു കണ്ണിൽ മാത്രം കണ്ടിരുന്ന എന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോൾ നൂറിന്റെ ബന്ധുവാണെന്ന് അഭിമാനത്തോടെ പറയുന്നു. അത് കാണുമ്പോൾ അഭിമാനമാണ്. തെലുങ്കിൽ ഞാനൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ടീസറിൽ ചില ഹോട്ട് രംഗങ്ങളുണ്ട്. അത് ഞാനാണെന്ന് പലരും തെറ്റിദ്ധരിച്ചു.
എന്നെ കൂടാതെ ആ ചിത്രത്തിൽ മറ്റൊരു നായിക കൂടിയുണ്ട്. ഭാഷ ഏതായാലും ഞാനൊരു ബൗണ്ടറി ലൈൻ വച്ചിട്ടുണ്ട്. അത് വിട്ടുള്ള ഗ്ലാമർ ചെയ്യാൻ ഞാൻ ഒരുക്കമല്ലെന്നും നൂറിൻ വ്യക്തമാക്കുന്നു.