വാരിയെടുത്തത് 400 കോടിയോളം കളക്ഷൻ, 2019ലെ രാജാവ് മമ്മൂട്ടി തന്നെ

22

2019 മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് ഭാഗ്യവർഷം തന്നെയാണ്. മലയാളത്തിൽ മധുരരാജയും മാമാങ്കവും ഉണ്ടയും ഒപ്പം ഗാനഗന്ധർവ്വനും പതിനെട്ടാം പടിയും. തെലുങ്കിൽ യാത്ര, തമിഴിൽ പേരൻപ്.

ഏഴ് ചിത്രങ്ങൾ കൂടി വാരിക്കൂട്ടിയത് നാനൂറ് കോടിയോളം രൂപയാണ്. മികച്ച പ്ലാനിംഗോടെയാണ് 2019ൽ മമ്മൂട്ടി സിനിമകൾ തിരഞ്ഞെടുത്തതെന്ന് വ്യക്തം. ഓരോ ചിത്രങ്ങൾ അനൌൺസ് ചെയ്യുമ്പോഴും ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ആ പ്രതീക്ഷ തെറ്റിയില്ല. 2019 ബോക്‌സോഫീസ് ഭരിച്ചത് മമ്മൂട്ടിയാണ്.

Advertisements

മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രത്തിനായി കാത്തിരുന്ന ഫാൻസിനു രണ്ട് 100 കോടി ചിത്രങ്ങളാണ് ഈ വർഷം മെഗാസ്റ്റാർ കരുതി വെച്ചത്. റാം സംവിധാനം ചെയ്ത പേരൻപ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ 2019 ആരംഭിച്ചത്.

കണ്ണ് നനയ്ക്കുന്ന അഭിനയമുഹൂർത്തങ്ങളും കഥകളും മലയാളികൾക്കൊപ്പം തമിഴ് പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നിരവധി അവാർഡുകൾക്കൊപ്പം ബോക്‌സോഫീസിലും ഈ കൊച്ചു ചിത്രം ശ്രദ്ധിക്കപ്പെട്ടു. 30 കോടിയിലധികം പേരൻപ് ബോക്‌സോഫീസിൽ നിന്നും സ്വന്തമാക്കി.

പിന്നാലെ വന്ന തെലുങ്ക് ചിത്രം യാത്രയും ഒട്ടും മോശമാക്കിയില്ല. തങ്ങളുടെ വൈ എസ് ആറിനെ സ്‌ക്രീനിൽ കാണാൻ ജനങ്ങൾ ആർത്തിരമ്പി. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം 25 കോടിയോളം നേടിയതായി നിർമാതാക്കൾ അറിയിച്ചിരുന്നു.

ചിത്രം 50 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടുകയും ചെയ്തു. 40 കോടിയാണ് വേൾഡ് വൈഡ് കളക്ഷനെന്നാണ് റിപ്പോർട്ട്. അടുത്തത് രാജയുടെ വരവായിരുന്നു. മധുരരരാജയുടെ. വൈശാഖ് സംവിധാനം ചെയ്ത് നെൽസൺ ഐപ് നിർമിച്ച ചിത്രം മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി പടമായി മാറി.

104 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷൻ. പതിനെട്ടാം പടിയും ഗാനഗന്ധർവ്വനും തിയേറ്ററുകളിൽ മോശമല്ലാത്ത പെർഫോമൻസ് ആണ് കാഴ്ച വെച്ചത്. രണ്ട് ചിത്രവും കൂടി നേടിയത് 25 കോടിയാണ്.
എന്നാൽ, ഫാൻസ് പോലും പ്രതീക്ഷിക്കാത്ത വിജയം കാഴ്ച വെച്ച ചിത്രമാണ് ഉണ്ട.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം പറഞ്ഞ രാഷ്ട്രീയം തന്നെയാണ് ഈ ചിത്രം വിജയിക്കാനുണ്ടായ കാരണം. 56 കോടിക്കടുത്ത് ചിത്രം കളക്ട് ചെയ്തു. മമ്മൂട്ടിയെന്ന സ്റ്റാറിനൊപ്പം സൂഷ്മാഭിനയത്തിന്റെ നടനേയും ചിത്രത്തിൽ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്.

വേണു കുന്നപ്പള്ളി നിർമിച്ച മാമാങ്കമാണ് മറ്റൊരു പണകിലുക്കം ചിത്രം. 25 ദിവസങ്ങൾക്കുള്ളിൽ ചിത്രം 135 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 45 രാജ്യങ്ങളിലായി ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. നിലവിലെ പെർഫോമസ് അനുസരിച്ച് ചിത്രം 150 കോടി നിസാരം മറികടക്കുമെന്നാണ് സൂചനകൾ.

Advertisement