മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പകരം വെക്കാനില്ലാത്ത പ്രകടനം കാഴ്ച വെച്ച, ഭരതൻ സംവിധാനം ചെയ്ത അമരം മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന സിനിമയാണ്. അവിസ്മരണീയ അഭിനയമായിരുന്നു അമരത്തിൽ മമ്മൂട്ടി കാഴ്ച വെച്ചത്.
എന്നാൽ ഇത്ര ഗംഭീര അഭിനയം കാഴ്ചവെച്ചിട്ടും മമ്മൂട്ടിക്ക് അന്ന് ദേശീയ അവാർഡ് ലഭിച്ചില്ലെന്ന സങ്കടം പങ്കുവച്ചിരിക്കുകയാണ് നടി കെപിഎസി ലളിത ഇപ്പോൾ. ഒരു അഭിമുഖത്തിനിടെയാണ് കെപിഎസി ലളിതയുടെ വെളിപ്പെടുത്തൽ.
അമരം മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്ന് തന്നെയാണ് . ആ സിനിമയിൽ മോശം എന്ന് പറയാൻ ഒന്നും തന്നെയില്ല. പാട്ടുകളെല്ലാം മികച്ച് നിന്നു. മധു അമ്പാട്ടായിരുന്നു കാമറ ചെയ്തത്. എല്ലാം ഒന്നിനൊന്ന് മെച്ചം.
പക്ഷേ ഏറ്റവും സങ്കടമായത് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചില്ല എന്നതാണ്. അത്രയ്ക്ക് ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചതെന്ന് കെപിഎസി ലളിത വ്യക്തമാക്കി. ഓരോ ഷോട്ടും മികച്ചതായിരുന്നു. പ്രത്യേകിച്ച് മകൾ പോയതിന് ശേഷം കള്ളുകുടിച്ചിട്ട് അവൻ കടലിൽ പോയിട്ട് ഒരു കൊമ്പനെ പിടിച്ചുകൊണ്ടു വരട്ടെ, അപ്പോൾ ഞാൻ സമ്മതിക്കാം അവൻ നല്ലൊരു അരയനാണെന്ന് എന്ന് പറഞ്ഞ് നടന്നുപോകുന്ന സീനുണ്ട്.
അതൊക്കെ എത്ര ഗംഭീരമാണ്. ഒരിക്കലും മറക്കാൻ പറ്റില്ല. അവാർഡ് കൊടുക്കാതിരിക്കാൻ പല കാരണമുണ്ടാകാം. കിട്ടാൻ ഒരു കാരണം മതി. ഇന്നും മമ്മൂട്ടി അഭിനയിച്ചപോലെ ആർക്കെങ്കിലും അത് ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ട്.
മകൾ കല്യാണം കഴിച്ച് അപ്പുറത്ത് വന്നുകയറുന്ന സീൻ ഓർത്താൽ മതി. നിശബ്ദമാണ്. ഒരു ബഹളവുമില്ല. മുറ്റത്തു നിന്ന് അത് കണ്ടിട്ട് അകത്ത് കയറിവന്ന് ആ സങ്കടം കാണിക്കുന്ന രംഗങ്ങളൊക്കെ മനസ്സിൽ നിന്ന് ഇന്നും മായുന്നതേയില്ല എന്നും കെപിഎസി ലളിത പറഞ്ഞു.