മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ച സിനിമയായിരുന്നു പിജി വിശ്വംഭരൻ സംവിധാനം ചെയ്ത സ്ഫോടനം. അതിന് മുമ്പ് അനുഭവങ്ങൾ പാളിച്ചകൾ, കാലചക്രം, ദേവലോകം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ മമ്മൂട്ടി ചെയ്തു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. അനശ്വരനായകൻ ജയനെ നായകനാക്കി പിജി വിശ്വംഭരൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു സ്ഫോടനം.
സ്ഫോടനത്തിന്റെ നിർമ്മാണ പങ്കാളികളിൽ ഒരാൾ കൂടിയായിരുന്നു ജയൻ. അതിനിടയിലായിരുന്നു ജയന്റെ ആകസ്മിക വിയോഗം. ആ ഒഴിവിലേക്ക് വിജയാ മൂവീസ് ബാബുവിന്റെ ശുപാർശയിൽ വിശ്വംഭരനും ആലപ്പി ഷെരീഫും തെരഞ്ഞെടുത്ത താരമായിരുന്നു മമ്മൂട്ടി. എന്നാൽ ജയന്റെ വേഷം പിന്നീട് സുകുമാരനും സുകുമാരന്റേത് മമ്മൂട്ടിക്കുമായി നൽകുകയായിരുന്നു.
അതേ സമയം പിജി വിശ്വംഭരന് മമ്മൂട്ടി എന്ന പേര് ഇഷ്ടപ്പെട്ടില്ല. അങ്ങനെ അദ്ദേഹം മമ്മൂട്ടിക്ക് സജിൻ എന്ന പേരേ സമ്മാനിച്ചെങ്കിലും ആ പേര് മമ്മൂട്ടിക്കും ഇഷ്ടമായില്ല. ഇക്കാര്യം മമ്മൂട്ടി സുഹൃത്തുകൂടിയായ ബാബുവിനോട് തുറന്നു പറഞ്ഞു.
ഇതിന്റെ ഫലമായി സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് കാർഡിൽ സജിൻ എന്ന പേരിന്റെ കൂടെ ബ്രാക്കറ്റിൽ മമ്മൂട്ടി എന്നുകൂടി രേഖപ്പെടുത്തിയിരുന്നു. സ്ഫോടനത്തിന്റെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ഡബ്ബ് ചെയ്യാൻ മമ്മൂട്ടി എത്തി. പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞത് തിരക്കാഥാകൃത്ത് കൂടിയായ ആലപ്പി ഷരീഫ് ആയിരുന്നു.
ഇക്കാര്യത്തിൽ ഷെരീഫിന് ചില താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഇഷ്ടക്കാരനായ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഉണ്ടായിരുന്നു അന്തിക്കാട് മണി. മണിക്ക് അവസരം നിഷേധിക്കാൻ പാടില്ലെന്നുവച്ചാണ് ഷെരീഫ് അങ്ങനെയൊരു തീരുമാനം എടുത്തത്. മമ്മൂട്ടിക്ക് അത് വലിയ വിഷമമുണ്ടാക്കി.
ഏതായാലും സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടിക്കുവേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് അന്തിക്കാട് മണിയാണ്. 1983 ൽ പുറത്തിറങ്ങിയ ഒരു മാടപ്രാവിന്റെ കഥ എന്ന ആലപ്പി അഷ്റഫ് ചിത്രത്തിലും മമ്മൂട്ടിയല്ല ഡബ്ബ് ചെയ്തിരിക്കുന്നത്. അതിന്റെ പിന്നിലും രസകരമായ ഒരു കഥയുണ്ട്.
മമ്മൂട്ടി അഭിനയിക്കുന്ന സീനുകളുടെ ഡബ്ബിംഗ് ഒഴിച്ച് മറ്റ് ജോലികളെല്ലാം പൂർത്തിയാക്കി ഒരു മാടപ്രാവിന്റെ കഥ പ്രദർശനത്തിന് തയ്യാറെടുക്കുന്ന സമയം. മമ്മൂട്ടിയെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ മറ്റൊരാളെ വച്ച് ഡബ്ബ് ചെയ്യാൻ സംവിധായകൻ തീരുമാനിക്കുന്നു. അങ്ങനെ ആലപ്പി അഷ്റഫും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കബീറും കൂടി ഒരു രാത്രിയിൽ ശ്രീനിവാസന്റെ വീട്ടിൽ എത്തി.
ശ്രീനിയും അക്കാലത്ത് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട് വരുന്ന സമയമാണ്. മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യണമെന്ന് അവർ ശ്രീനിയോട് ആവശ്യപ്പെട്ടു. മമ്മൂട്ടി ആവശ്യപ്പെട്ട പ്രകാരമാണ് വന്നിരിക്കുന്നതെന്ന് കള്ളവും പറഞ്ഞു. നിശ്ചയിച്ച തീയതിയിൽ സിനിമ റിലീസ് ചെയ്യണമെന്നുള്ളതുകൊണ്ട് ശ്രീനി അടുത്ത ദിവസം രാവിലെ വന്ന് ഡബ്ബ് ചെയ്തുകൊടുത്തു.
അങ്ങനെ മമ്മൂട്ടിക്കുവേണ്ടി ശ്രീനിവാസൻ ഡബ്ബ് ചെയ്ത സംഭവവും മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്താതെ കിടപ്പുണ്ട്. തന്റെ ശബ്ദസൗകുമാര്യവും മോഡുലേഷനിലെ അപാരമായ നിയന്ത്രണവും ഏതു ഭാഷയവും ഏത് സ്ളാങും വളരെ നിഷ്പ്രയാസം വഴങ്ങുന്ന മമ്മൂട്ടിയെപ്പോലെ അതുല്യനായൊരു അഭിനേതാവിന്റെ ജീവിതത്തിലാണ് ഇത്തരം നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയിട്ടുള്ളതെന്നതാണ് രസകരം.