മിനി സ്‌ക്രീനിലേക്ക് അവതാരകനായി എത്തിയ താരമാണ് കിഷോർ സത്യ. പിന്നീട് സീരിയൽ അഭിനയത്തിലേക്ക് തിരിഞ്ഞ കിഷോർ സത്യ മികച്ച നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയൽ കറുത്ത മുത്തിലൂടെയാണ് കിഷോർ സത്യ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്.
കറുത്തമുത്ത് നാലു ഭാഗങ്ങൾ എത്തിയിരുന്നു. കറുത്തമുത്തിന് ശേഷം താരം ഒരിടവേളയെടുത്തിരുന്നു. പിന്നീട് കുടുംബസദസുകൾക്കായി സൂര്യ ടിവിയിൽ ആരംഭിച്ച പുത്തൻ സീരിയലിൽ ഒരു പ്രധാന കാഥാപാത്രമായി താരം എത്തി.
അടുത്തിടെയാണ് സ്വന്തം സുജാത സൂര്യാ ടിവിയിൽ സംപ്രേക്ഷണം ആരംഭിച്ചത്. ഈ പരമ്പയിൽ പ്രകാശൻ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. നടി ചന്ദ്രാ ലക്ഷ്മണാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്.
അതേസമയം പുതിയ പരമ്പരയ്ക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ഇടൈംസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ കിഷോർ സത്യ പങ്കുവെച്ചിരുന്നു. സ്വന്തം സുജാതയിലെ പ്രകാശനാവാൻ അഞ്ച് കിലോ കുറച്ചുവെന്ന് താരം പറയുന്നു.
ലോക്ക്ഡൗൺ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സാധാരണ ബിസിനസുകാരനാണ് സ്്വന്തം സുജാതയില പ്രകാശൻ. അത്തരമൊരു കഥാപാത്രം ചെയ്യാൻ ശരീരഭാരം കുറയ്‌ക്കേണ്ടി വന്നു. ഞാൻ 5 കിലോ കുറച്ചിട്ടുണ്ട്. പിന്നെ ഞാൻ താടി വളർത്താൻ തീരുമാനിച്ചു, എന്റെ മുടി മുറിച്ചില്ല.
ആ ഒരു കഥാപാത്രത്തിനായി അത്തരം ശ്രമങ്ങൾ നടത്തിയതിൽ വളരെ സന്തോഷം തോന്നുന്നു. നടൻ പറയുന്നു. പുരുഷന്മാർക്ക് അത്ര പ്രാധാന്യം ലഭിക്കാത്ത സ്ത്രീ കേന്ദ്രീകൃത കഥകളാണ് മലയാള സീരിയലുകളിൽ കൂടുതലുളളതെന്ന് നടൻ പറയുന്നു. അപ്പോൾ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ അത്ര താൽപര്യമുണ്ടാവാറില്ല.
അഭിനയം എപ്പോഴും എന്റെ പാഷനാണ്. അതിനാൽ ഞാൻ എന്ത് ചെയ്യുമ്പോഴും മികച്ചത് പുറത്തെടുക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ ഇവിടെ ശ്രദ്ധേയോടെയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറുളളത്. കൊറോണ കാരണം സിനിമകളുടെ റിലീസും മറ്റും നടന്നില്ലെന്നും ആ സമയത്താണ് ഈ അവസരം വരുന്നതും ചെയ്യാൻ തീരുമാനിച്ചതെന്നും കിഷോർ സത്യ പറയുന്നു.