മിമിക്രിയിലൂടെ എത്തി വർഷങ്ങളായി അഭിനരംഗത്ത് തിളങ്ങി നിൽക്കുന്ന മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഗിന്നസ് പക്രു. അജയകുമാർ എന്നാണ് നടന്റെ യഥാർത്ഥ പേര്. പൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന് തെളിയിച്ച ഒരു അനുഗ്രഹീത കലാകാരൻ കൂടിയാണ് ഗിന്നസ് പക്രു.
സൂപ്പർ ഡയറക്ടർ വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളൻ സിനിമയിൽ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാർ. അങ്ങനെയാണ് അദ്ദേഹത്തിന് ഗിന്നസ് പക്രു എന്ന പേര് ലഭിച്ചത്.
പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനാണ് ഗിന്നസ് പക്രു. തന്റെ കുറവുകളെ തന്റെ ഏറ്റവും വലിയ കഴിവ് ആക്കിമാറ്റിയ വ്യക്തിയാണ് ഗിന്നസ് പക്രു. തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു വ്യക്തിമുദ്ര മലയാള സിനിമയിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കാണികളെ എന്നും ചിരിപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം പക്ഷേ വളരെ വിഷമം നിറഞ്ഞത് ആയിരുന്നു. പലപ്പോഴും താരത്തിന്റെ ഉയരക്കുറവിനെ പലരും കളിയാക്കിയിട്ടുണ്ട്. അങ്ങനെ ഉള്ള ചില വിശേഷങ്ങൾ അടുത്തിടെ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
നേരത്തെ സഫാരി ചാനലിന് നല്ഡകിയഅഭിമുഖത്തിൽ ആയിരുന്നു താരം തന്റെ ജീവിതത്തിൽ നടന്ന കൈപ്പേറിയ അനുഭവങ്ങൾ പ്രേക്ഷകരോട് പങ്കുവച്ചത്. കുട്ടിക്കാലത്ത് അമ്മ വാങ്ങിച്ചു നൽകിയ സൈക്കിൾ 5 വയസ്സായിട്ടും തനിക്ക് ചവിട്ടാൻ കഴിയുന്നില്ല എന്ന് കണ്ടപ്പോഴാണ് മാതാപിതാക്കൾക്ക് സംശയം തോന്നിത്തുടങ്ങിയത്.
പിന്നീട് അമ്മ പല ഡോക്ടറെയും കൊണ്ട് കാണിച്ചു. അന്ന് ഡോക്ടർ എന്റെ കൈ പിടിച്ചു നോക്കുന്നതും, എക്സ്റേ എടുക്കുന്നതും എന്തിനു വേണ്ടിയാണെന്ന് തനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് അമ്മയുടെ നാടായ കോട്ടയത്തുള്ള ഒരു സ്‌കൂളിലേക്ക് താൻ പോകുന്നത്. സ്‌കൂളിൽ തനിക്ക് സ്‌പെഷ്യൽ കെയറാണ് ലഭിക്കാറുള്ളത്.
ടീച്ചർമാർക്ക് എന്നെ വലിയ കാര്യം ആയിരുന്നു. തന്നെ കാണുമ്പോഴേക്കും അവർ എടുക്കുമായിരുന്നു. ക്ലാസ് തുടങ്ങുന്നതിനു മുമ്പേ തന്നെ മുൻപിലെ സീറ്റിൽ കൊണ്ട് ഇരുത്തും, ആരും ഇവനെ തട്ടി ഇടരുത് എന്നും തമാശയ്ക്ക് പറയും. ക്ലാസ്സിലെ കുട്ടികൾക്ക് എന്നെക്കാളും ഉയരം ഉണ്ടായിരുന്നെങ്കിലും ഞാൻ അത് അത്ര ശ്രദ്ധിച്ചില്ല.
ഞാൻ അന്ന് വളരെ ആക്ടീവ് ആയിരുന്നു. ഇങ്ങനെ വീട്ടിൽ നിന്നും സ്‌കൂളിൽ നിന്നും പ്രത്യേക പരിഗണനകൾ ലഭിക്കുന്നത് കണ്ടപ്പോൾ എനിക്കും ഒരു സംശയം തോന്നി എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്. പിന്നീട് അയൽപക്കത്തുള്ള ഒരു ചേച്ചി അവരുടെ കുട്ടിക്ക് ബൂസ്റ്റ് കൊടുത്തപ്പോൾ താൻ അവിടെ ചെന്നു.
അപ്പോൾ എനിക്കംം ഒരു ഗ്ലാസ് ബൂസ്റ്റ് തന്നിട്ട് ഇത് കുടിച്ചാൽ മതി നിനക്ക് ഉയരം വെച്ചോളൂ എന്ന് പറഞ്ഞു. അപ്പോഴാണ് തനിക്ക് തന്റെ ഉയരത്തിൽ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. ഇക്കാര്യം താൻ അമ്മയോട് വന്ന് പറഞ്ഞപ്പോൾ, നിനക്കൊരു കുഴപ്പമില്ലെന്നും ഈ വയസ്സുള്ള കുട്ടികൾക്ക് സാധാരണ ഇങ്ങനത്തെ പൊടികൾ നൽകാറുണ്ടെന്നും പറഞ്ഞ് അമ്മ ആശ്വസിപ്പിച്ചു.
പിന്നീട് തന്റെ ജീവിതം എല്ലാം ഇത്തരത്തിലുള്ള പൊടിയുടെ ഇടയിൽ ആയിരുന്നു. തന്റെ ഉയര ക്കുറവ് എന്ന പ്രശ്‌നവുമായി പല ഡോക്ടർമാരുടെ അടുത്തു ചെല്ലുമ്പോൾ അവർ ഇത്തരത്തിലുള്ള പൊടികൾ ആണ് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങാൻ പറയുന്നതെന്ന് പക്രു പറയുന്നു.
അതേ സമയം അഭിമുഖത്തിനിടെ തന്റെ അമ്മയെ വളരെയധികം വിഷമിപ്പിച്ച ഒരു കാര്യത്തെപ്പറ്റിയും ഗിന്നസ് പക്രു പറഞ്ഞു. എൽപി വിദ്യാഭ്യാസം കഴിഞ്ഞ് യുപി വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോഴായിരുന്നു ഈ സംഭവം നടന്നത്. തന്നെ ചേർക്കാനായി അമ്മ അന്ന് ആ സ്‌കൂളിലെത്തി.
അന്ന് അവിടെ ഉണ്ടായിരുന്ന പ്രിൻസിപ്പാളിന് തന്നെ കണ്ടപ്പോൾ തന്നെ മുഖം വാടി. ഇത്തരത്തിലുള്ള കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ കഴിയില്ലെന്നും ആരെങ്കിലും ഇവനെ തട്ടിയിട്ട് എന്തെങ്കിലും പറ്റിയാൽ തനിക്ക് അതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്നും അയാൾ പറഞ്ഞു.
ഇതുമാത്രമല്ല പല മനസ്സിൽ കൊള്ളുന്ന വാക്കുകളും തന്നെപ്പറ്റി അമ്മയോട് പറഞ്ഞു. അന്നാണ് താൻ അമ്മയെ ആദ്യമായി കരയുന്നത് കണ്ടതെന്ന് ഗിന്നസ് പക്രു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.