മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്ന സീരിയലാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പര. സൂപ്പർഹിറ്റായി മുന്നേറുന്ന ഈ പരമ്പരയിലെ താരങ്ങളെല്ലാം ആരാധകരുടെ പ്രിയപ്പെട്ടവർ ആണ്. സാന്ത്വനത്തിലെ കണ്ണനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അച്ചു സുഗന്ധ്.
വലിയ സ്വപ്നങ്ങളുളള അച്ചു സഹസംവിധായകൻ ആയിട്ടാണ് ആദ്യം ഈ മേഖലയിലേക്ക് എത്തിയത്. പിന്നീട് അഭിനയിക്കാനും അവസരം ലഭിക്കുകയായിരുന്നു. സാന്ത്വനത്തിലെ അച്ചുവിന്റെ കണ്ണൻ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർത്തിരുന്നു. മൂന്ന് ചേട്ടന്മാരുടെ അനിയനായിട്ടുളള അച്ചുവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്.
സാന്ത്വനത്തിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുളള താരങ്ങളിൽ ഒരാളാണ് അച്ചു സുഗന്ധ്. സൂപ്പർസീരിയൽ ആയിരുന്ന വാനമ്പാടിയിലെ പാപ്പി കുഞ്ഞായിട്ടാണ് അച്ചുവിന്റെ തുടക്കം. വാനമ്പാടിയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ സാന്ത്വനത്തിലും അവസരം ലഭിക്കുകയായിരുന്നു. അഭിനയ രംഗത്ത് എത്തുന്നതിന് മുൻപ് പല ജോലികളും ചെയ്തിരുന്നു താരം.
അതേസമയം അഭിനയമാണോ സംവിധാനമാണോ കൂടുതൽ താൽപര്യമെന്ന ചോദ്യത്തിന് മറുപടി നൽകിരിക്കുകയാണ് അച്ചു സുഗന്ധ് ഇപ്പോൾ. നടി അനു ജോസഫിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അച്ചു സുഗന്ധിന്റൈ വെളിപ്പെടുത്തൽ. അനു ജോസഫിന്റെ യൂടൂബ് ചാനലിലാണ് അഭിമുഖത്തിന്റെ വീഡിയോ വന്നിരിക്കുന്നത്.
അഭിനയം ഇഷ്ടപ്പെട്ട് ഒരു നടനാവണം എന്ന ആഗ്രഹത്താലാണ് ആദ്യം വന്നതെന്ന് അച്ചു പറയുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയി തുടങ്ങി പിന്നെ നടനായെങ്കിലും എനിക്ക് ഇപ്പോ രണ്ടും ഒരുപോലെയാണ്. രണ്ട് മേഖലകളിലും താൽപര്യമുണ്ട്. ഡയറക്ഷൻ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. എനിക്ക് ഒരു യൂടൂബ് ചാനലുണ്ട് അതില് കണ്ടന്റ് വീഡിയോസൊക്കെ ചെയ്തു.
ഇനി മൂന്ന് നാല് ഷോർട്ട് ഫിലിംസ് ചെയ്യണമെന്നുണ്ട്. അതിന്റെ പ്ലാനിങ്ങിലാണ് സാന്ത്വനത്തിന്റെ ഷെഡ്യൂൾ കഴിഞ്ഞ ശേഷം ചെയ്യാമെന്ന് വിചാരിച്ചു എന്നു അച്ചു പറയുന്നു. മിമിക്രി ആർട്ടിസ്റ്റായിട്ടാണ് തുടങ്ങിയത്, സ്കൂളിലും അത്യാവശ്യം നാട്ടിലുമൊക്കെ പരിപാടികൾ ചെയ്യുമായിരുന്നു. അപ്പോഴും അഭിനയ മോഹം ഭയങ്കരമായിട്ടാണ് മനസിലുണ്ടായിരുന്നു.
എനിക്ക് ചാൻസ് തരാമെന്ന് പറഞ്ഞ് അച്ഛനെ ഒരാള് പറ്റിച്ചിരുന്നു. അപ്പോ അത് അച്ഛന് ഭയങ്കര വിഷമമായിട്ട് മനസിലുണ്ട്. അന്നുതൊട്ട് അച്ഛന് മനസിലുണ്ടായിരുന്ന കാര്യം ഇനി ആരായിട്ട് വന്നാലും നീ എന്തായാലും നടനായിട്ട് വന്നാലെ എനിക്ക് സന്തോഷമുണ്ടാവൂ എന്നാണ്. പിന്നെ അതിന് വേണ്ടിയുളള ശ്രമങ്ങളായിരുന്നു.
അച്ഛൻ എന്നെ കൊണ്ട് ഒരുപാട് ഓഡീഷനിലും സ്ഥലങ്ങളിലുമൊക്കെ പോയി. എന്നാൽ അന്ന് ഒന്നും അവസരങ്ങൾ ലഭിച്ചില്ല. പിന്നെ എനിക്ക് മെലിഞ്ഞ ശരീരവും, ഉയരം അധികം ഇല്ലാത്തതുകൊണ്ടും ചെറിയ കോംപ്ലക്സ് ഉണ്ടായിരുന്നു. ആരായാലും നായകനൊക്കെ ആവണം എന്നൊക്കെ അല്ലെ ചിന്തിക്കുളളൂ. അപ്പോ നായകന് വേണ്ട രൂപഭംഗി ഇല്ലാത്തതിൽ കോപ്ലക്സ് ഉണ്ടായിരുന്നു. പിന്നെ ഒരു സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് കേറിയിരുന്നു.
പ്രതിഫലം ഒന്നും ഉണ്ടാവില്ല, കാര്യങ്ങൾ പഠിക്കാം എന്ന് പറഞ്ഞാണ് അവസരം തന്നത്. എന്നാൽ സിനിമ സെറ്റിൽ വെച്ച് ദിവസവും തെറിവിളിയും വഴക്കുമൊക്കെ കേട്ടതോടെ സങ്കടം വന്നു. അങ്ങനെ അഞ്ച് വർഷത്തെ ശ്രമങ്ങൾക്കൊടുവിലാണ് സാന്ത്വനത്തിലെ ക്യാരക്ടർ ലഭിച്ചതെന്നും അഭിമുഖത്തിൽ അച്ചു സുഗന്ദ് പറഞ്ഞു.
ദിലീപേട്ടനെ പോലുണ്ടെന്നാണ് എറ്റവും കൂടുതൽ ആൾക്കാര് പറഞ്ഞിട്ടുളളത് എന്നു അച്ചു പറയുന്നു. ദിലീപേട്ടന്റെ ഒരു അഭിമുഖം കണ്ടപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടറാനാനുളള താൽപര്യം വന്നതെന്നും അച്ചു സുഗന്ധ് പറയുന്നു.