മിമിക്രി കലാകാരനായി എത്തി മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് സാജൻ പള്ളുരുത്തി. മിമിക്രി വേദികളിൽ മകാരം കൊണ്ട് മലയാളിയെ അതിശയിപ്പിച്ച പ്രിയ താരം.
നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലെ പ്രണയപരവശനായ ഓട്ടോ ഡ്രൈവറുടേതടക്കം ശ്രദ്ദേയമായ നിരവധി വേഷങ്ങൾ സാജൻ ചെയ്തിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ മൂലം വീട്ടിലിരുന്നപ്പോൾ ജീവിതം പ്രതിസന്ധിയിലായപ്പോൾ ചെണ്ട എന്ന പേരിൽ ഒരു യുടൂബ് ചാനലും താരം തുടങ്ങിയിരുന്നു.
വെബ്‌സീരിസ് മേഖലയിലാണ് സാജൻ ഇപ്പോൾ ചുവടു വെച്ചിരിക്കുന്നത്. നാടൻ കഥാപാത്രങ്ങളും നാട്ടിൻപുറത്തെ കഥകളും കാഴ്ചകളും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്. തന്റെ കുടുംബത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് സാജൻ ഇപ്പോൾ.
ഞാൻ ജനിച്ച് വളർന്നതും ഇപ്പോഴും ജീവിക്കുന്നതും പശ്ചിമ കൊച്ചിയിലെ പള്ളുരുത്തിയിലാണ്. അച്ഛൻ, അമ്മ, ഞാൻ, സഹോദരൻ, ഇതായിരുന്നു കുടുബം. അച്ഛൻ കയർ തൊഴിലാളിയായിരന്നു അമ്മ വീട്ടമ്മയും. സഹോദരൻ ഭിന്നശേഷിക്കാരനാണ്.
കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു ചെറുപ്പകാലം. ഓണത്തിനോ വിഷുവിനോ മാറ്റിയുടുക്കാൻ നല്ലൊരു വസ്ത്രം പോലും ഇല്ലാതെ വിഷമിച്ച കാലമുണ്ടായിരുന്നു. ആദ്യ കാലത്തൊക്കെ വാടക വീടുകളിലായിരുന്നു. പിന്നീട് അച്ഛൻ കഷ്ടപ്പെട്ട് ഒരു ചെറിയ വീട് തട്ടിക്കൂട്ടി.
എനിക്ക് മാതാപിതാക്കളോട് ബഹുമാനം എന്തെന്നാൽ, ധാരാളം കഷ്ടപ്പാട് ഉണ്ടായിരുന്നിട്ടും എന്നെ എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് കലാരംഗത്തേക്ക് പോകാൻ അവർ അനുവദിച്ചു. സാധാരണ പലരും മക്കൾ രക്ഷപ്പെട്ട് കഴിയുമ്പോൾ മാത്രമാണ് എന്റെ മകനാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ് തുടങ്ങുന്നത്.
പക്ഷേ എന്റെ മാതാപിതാക്കൾ ഞാൻ കഷ്ടപ്പെടുന്ന കാലം മുതൽ എനിക്ക് മാനസികമായ പിന്തുണ നൽകിയിരുന്നു. ഞാൻ കലാരംഗത്ത് പേരെടുത്ത കാലം ജീവിതം കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതിനിടയ്ക്ക് ആകസ്മികമായാണ് അമ്മയുടെ മരണം.
അത് ഞങ്ങൾ എല്ലാവർക്കും ഒരു ഷോക്ക് ആയി അതുകൊണ്ടും തീർന്നില്ല വൈകാതെ അച്ഛൻ പക്ഷാഘാതം വന്ന് തളർന്ന് കിടപ്പിലായി.ഒ ൻപത് കൊല്ലമാണ് അച്ഛൻ ആ കിടപ്പ് കിടന്നത്. അത് കലാരംഗത്ത് നിന്നുള്ള എന്റെ വനവാസ കാലമായിരുന്നു.
കാരണം വീട്ടിൽ സുഖമില്ലാത്ത രണ്ടാളുകൾ. എല്ലാത്തിനും ഒരു സഹായം വേണം. ഇപ്പോൾ ഭാര്യക്കും മക്കൾക്കുമൊപ്പമാണ് താമസമെന്നും സാജൻ പളളുരുത്തി പറയുന്നു.