പലപ്പോഴും യുവാക്കൾ താരാരാധന മൂത്ത് കാട്ടിക്കൂട്ടുന്നത് അവരെത്തന്നെയും ചിലപ്പോഴൊക്കെ താരങ്ങളെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. പലരും ആരാധകരോട് കയർക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന സിനിമ ഇതിന് ദൃഷ്ടാന്തവുമാണ്.
എന്നാൽ ഇപ്പോൾ വേറിട്ട ഒരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. അഭിമാനത്തോടെയാണ് അദ്ദേഹം തന്റെ ഈ വേറിട്ട ആരാധകനെ കുറിച്ച് പറയുന്നത്. താരത്തെ കാണാൻ 900 കിലോമീറ്റർ നടന്നെത്തിയ തന്റെ കടുത്ത ആരാധകനായ പർബത് എന്ന ചെറുപ്പക്കാരനെയാണ് അക്ഷയ് പരിചയപ്പെടുത്തിയത്.
ഗുജറാത്തിലെ ദ്വാരകയിൽ നിന്നും തന്റെ ഇഷ്ടതാരത്തെ കാണാൻ മുംബൈ വരെ നടക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ. കടുത്ത അക്ഷയ് കുമാർ ഫാനായ പർബത് 18 ദിവസം കൊണ്ടാണ് 900 കിലോമീറ്റർ താണ്ടി മുംബൈയിൽ എത്തിയത്.
ഇന്ന് പർബതിനെ കണ്ടു, ദ്വാരകയിൽ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവൻ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തി ചേർന്ന അവൻ എന്നെ ഇന്നു കണ്ടു. നമ്മുടെ യുവാക്കൾ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കിൽ, പിന്നെ അവരെ തടയാൻ ഒന്നിനുമാകില്ല’ അക്ഷയ് കുമാർ കുറിച്ചു.
ദിവസവും 50 55 കിലോമീറ്റർ ദൂരം പിന്നിട്ടാണ് 18 ദിവസം കൊണ്ട് പർബത് മുംബൈയിലെത്തിയത്. ഞായറാഴ്ച താരം വീട്ടിലുണ്ട് എന്നറിഞ്ഞ് ശനിയാഴ്ച പെയ്ത മഴയെ പോലും വകവെയ്ക്കാതെ പർബത് നടത്തം തുടരുകയായിരുന്നു.
Met Parbat today, he walked over 900 kms all the way from Dwarka. He planned it in a way to reach Mumbai in 18 days to catch me here on a Sunday. If our youth use this kind of planning and determination to achieve their goals, then there’s no stopping us! #SundayMotivation pic.twitter.com/kJdyNxwwpa
— Akshay Kumar (@akshaykumar) 1 September 2019