തമിഴകത്തിന്റെ യുവ സൂപ്പർ താരങ്ങളായ മാധവനും വിജയ് സേതുപതിയും ഒന്നിച്ച തമിഴ് ത്രില്ലർ വിക്രം വേദ ബോളിവുഡിലേയ്ക്ക്. മാധവന്റെ വേഷം സെയ്ഫ് അലി ഖാനും വിജയ് സേതുപതി അവതരിപ്പിച്ച വേഷം ആമിർ ഖാനും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തമിഴിൽ ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും തന്നെയാണ് ഹിന്ദിയിലും സംവിധായക വേഷത്തിൽ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം മാർച്ചോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. നീരജ് പാണ്ഡെയാണ് ചിത്രം നിർമിക്കുന്നത്.
വിക്രം വേദ എന്നുതന്നെയായിരിക്കും ഹിന്ദിയിലും ചിത്രത്തിന്റെ പേര് എന്നാണ് ലഭിക്കുന്ന സൂചന. തമിഴിൽ മികച്ച കളക്ഷൻ നേടിയ ചിത്രമാണ് വിക്രംവേദ. നായകനും വില്ലനുമായുള്ള മാധവന്റെയും സേതുപതിയുടെയും പ്രകടനം ഏറെ പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു.
2017 ജൂലൈ 21നാണ് വിക്രം വേദ തിയേറ്ററുകളിലെത്തിയത്. മാധവൻ എൻകൗണ്ടർ സ്പെഷലിസ്റ്റായി വേഷമിട്ട സിനിമയിൽ ഗാങ്സ്റ്റർ വേഷത്തിലാണ് വിജയ് സേതുപതിയെത്തിയത്. ചിത്രം തെലുങ്കിലെക്ക് റീമേക്ക് ചെയ്യുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. തെലുങ്ക് സുപ്പർ താരങ്ങളായ വെങ്കിടേഷും റാണ ദഗുപതിയുമാണ് തെലുങ്ക് റീമേക്കിനു പിന്നിൽ.