എന്താടാ ഇത്, തല മാറ്റി ഒട്ടിച്ചതാണോ: ജയറാമിന്റെ ഫ്രീക്ക് ലുക്ക് കണ്ട് അന്തംവിട്ട് മമ്മൂട്ടി

73

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ നായകനാവുന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ജയറാം നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അല്ലു അർജുന്റെ അച്ഛനായി സ്‌ക്രീനിലെത്തുന്നതിനുവേണ്ടി ശരീരഭാരം കുറച്ച്, ടീഷർട്ടും ജീൻസും ധരിച്ചുനിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത് വൈറൽ ആയിരുന്നു.

Advertisements

എന്നാൽ ആ ഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിന് മുൻപ് ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് പറയുന്നു അദ്ദേഹം. അതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞ രസകരമായ കമന്റിനെക്കുറിച്ചും ജയറാം പറയുന്നു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇതേക്കുറിച്ച് പറയുന്നത്.

‘ഫേസ്ബുക്കിൽ ഇടുന്നതിന് മുൻപ് ആ ഫോട്ടോ മമ്മൂക്കയ്ക്കാണ് ഞാൻ ഷെയർ ചെയ്തത്. എന്നാൽ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകൾ വന്നു. എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.

കുറച്ചുകഴിഞ്ഞപ്പോൾ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യാൻ തീരുമാനിച്ചതെന്നും ജയറാം പറയുന്നു. തെലുങ്ക് ചിത്രത്തിൽ അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രം നായകനേക്കാൾ ‘ഫ്രീക്ക്’ ആയി വസ്ത്രധാരണം നടത്തുന്നയാളാണെന്നും പറയുന്നു ജയറാം.

അതിനാൽ ഇത്തരമൊരു മേക്കോവറിനെക്കുറിച്ച് തീരുമാനിക്കുകയായിരുന്നെന്നും. രണ്ട് മാസക്കാലം കൊണ്ടാണ് കഥാപാത്രത്തിനുവേണ്ടി ജയറാം 13 കിലോ ഭാരം കുറച്ചത്.

Advertisement