ഞാൻ മായാനദിയിലെ അപ്പുവിനെപ്പോലെ തന്നെയാണ്; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

94

വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു മോഡൽ കൂടി ആയിരുന്ന ഐശ്വര്യ ലക്ഷ്മി 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി സിനിമയിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് ഒരുപിടി മലയാള സിനിമകളിലുംചില തമിഴ് സിനിമകളിലും വേഷമിട്ട താരം ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം 2017 ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. യുവനടൻ ടൊവീനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.

Advertisements

തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അപർണയെന്നും മായാനദിയ്ക്ക് ശേഷം തനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറൻസായി എടുത്തു കിട്ടിയതാണെന്നും തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സു തുറന്നത്.

മായാനദിയുടെ ട്രെയിലർ ഇറങ്ങിയ സമയത്ത് തന്നെ സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നെന്നും ഇപ്പോഴും തന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

അപ്പുവിന്റെ പോലെ ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉള്ള എന്നാൽ പുറമേ ബോൾഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാൻ. ചില സമയങ്ങളിൽ ആത്മവിശ്വാസം വളരെയധികം കുറയുന്നൊരാളാണ്. ഇപ്പോഴും എന്റെ തെരഞ്ഞെടുപ്പുകൾ ശരിയല്ലേയെന്നൊക്കെ കൺഫ്യൂഷൻ വരാറുണ്ട്. തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. എനിക്കിപ്പോഴും ഒരുപാട് സംവിധായകരെയൊന്നും അറിയില്ല.

ഞാനൊരു തുടക്കക്കാരിയാണ് എനിക്ക് വേണ്ടി ആരും കഥകൾ എഴുതുന്നില്ല. അവർ എഴുതുന്ന കഥകളിലെ കഥാപാത്രങ്ങളിലേക്ക് ഞാൻ ക്ഷണിക്കപ്പെടുകയാണ്. എന്റെ അടുത്ത് വരുന്ന കഥകളിൽ എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യുന്നു. ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങൾ അധികം വന്നിട്ടില്ല

സിനിമ എന്നത് എന്നെ സംബന്ധിച്ച് പാഷനും പ്രൊഫഷനുമാണ്. സിനിമയെ അത്രയേറെ സീരിയസായാണ് കാണുന്നത്. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ ആ ടീമിന്റെ കൂടെ ആത്മാർത്ഥമായി നിൽക്കാറുണ്ട്. പൂർണമായും സിനിമയോടൊപ്പം നിലകൊള്ളുന്ന വ്യക്തി തന്നെയാണ് ഞാൻ. മുൻപ് താൻ അങ്ങനെ സിനിമ കാണുന്ന ഒരാളോ സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരാളോ അല്ലായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ച് പലതും പഠിക്കാൻ സാധിച്ചു.

പണ്ടൊരു ഒരു സിനിമ കണ്ടാൽ അത് കൊള്ളാമെന്നു പറയുകയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ഓരോ സീനിന്റെയും ബ്യൂട്ടി മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഓരോ ഫ്രെയിം ആസ്വദിക്കാൻ കഴിയുന്നുണ്ട്. സംവിധായകരായാലും ടെക്‌നീഷ്യന്മാരായാലും സഹപ്രവർത്തകരായാലും അവർ ചെയ്യുന്ന ശൈലിയെല്ലാം നോക്കി പഠിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഒരുപാട് ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് അഭിനയം. സിനിമയും അഭിനയവും ഒരുപാട് സന്തോഷം തരുന്നതാണെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കുന്നു.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്‌സ് ഡേ, ആക്ഷൻ (തമിഴ്) എന്നവയാണ് ഐശ്വര്യ ലക്്ഷ്മി അഭിനയിച്ച് പുറത്തിറങ്ങിയ പ്രധാന സിനിമകൾ. കാണക്കാണെ, ജഗമേ തന്തിരം (തമിഴ്), പൊന്നിയൻ ശെൽവൻ (തമിഴ്) തുടങ്ങിയ സിനിമകളാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ളത്, കൂടാതെ ഒരു പിടി ചിത്രങ്ങൾ കൂടി താരത്തിന്റേതായി മലയാളത്തിലും തമിഴിലും ഒരുങ്ങുന്നുണ്ട്.

Advertisement