മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ക്ലാസ്സിക് ഡയറക്ടർ ബ്ലെസ്സി സംവിധാനം ചെയ്ത സിനിമ ആയിരുന്നു തന്മാത്ര. 2005 ൽ പുറത്തിങ്ങിയ ഈ സിനിമയിൽ നടന വിസ്മയം മോഹൻലാലിന്റെ അവിസ്മരണീയ പ്രകടനമായിരുന്നു പ്രേക്ഷകർ കണ്ടത്.
ഓർമ്മശക്തി നഷ്ടപ്പെടുന്ന അൾഷിമേഴ്സ് രോഗിയായി മോഹൻലാൽ തകർത്തഭിനയിക്കുകയായിരുന്നു തന്മാത്രയിൽ. തന്റെ മകന്റെ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് വേണ്ടി അവനെ സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന രമേശൻ നായരെന്ന ഒരച്ഛൻ. ആ രമേശൻ നായരുടെയും മകൻ മനുവിന്റെയും ജീവിതമാണ് ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര പറഞ്ഞത്.
ഈ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായരുടെ മകൻ മനുവിന്റെ നായികയെ ഓർമ്മയുണ്ടോ, പഠിക്കാൻ അല്പം പിന്നിലോട്ടായ, കളിച്ചും ചിരിച്ചും നടക്കുന്ന നന്ദിനി. സിനിമയിലും ജീവിതത്തിലും പേര് നന്ദിനി എന്ന് തന്നെ ആയിരുന്നു ഈ നടിക്ക്.
ഇപ്പോഴിതാ കാലം നന്ദിനിക്ക് കരുതി വച്ചത് സിവിൽ സർവീസ് എന്ന വലിയ കിരീടമാണ്. തന്മാത്രയിലെ ആ സുന്ദരി ഇന്ന് ചെന്നൈ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കമ്മീഷണർ ആണ്. എറണാകുളം സ്വദേശിനിയാണ് നന്ദിനി ആർ നായർ.
ചിലരെങ്കിലും വിചാരിക്കും അഭിനയിച്ച സിനിമ കണ്ടു പ്രേരിതയായി ആണ് നന്ദിനി സിവിൽ സർവീസ് എന്ന വലിയ കടമ്പയിലേക്ക് കടന്നതെന്ന്. എന്നാൽ അങ്ങനെ അല്ല സ്‌കൂൾ കാലം മുതൽ സിവിൽ സർവീസ് നേടണമെന്നത് വലിയ ആഗ്രഹമായിരുന്നു നന്ദിനിക്ക്.
ഒരു നാടകകളരി വഴി സംവിധായകൻ റോഷൻ ആൻഡ്രുസ് ആണ് നന്ദിനിയെ സംവിധായാകൻ ബ്ലെസ്സിയുടെ അടുക്കൽ എത്തിക്കുന്നത്. നന്ദിനി പിന്നീട് ടാ തടിയാ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ചെന്നൈ ലയോള കോളേജിൽ നിന്ന് എംഎം എക്ണോമിക്സ് പൂർത്തിയാക്കിയ ശേഷം 2012 ലാണ് നന്ദിനി സിവിൽ സർവീസ് എഴുതുന്നത്.
ആദ്യശ്രമത്തിൽ ഐആർഎസ് ലഭിച്ചു. ചിത്ര രചനയിലും നൃത്ത പരിശീലനത്തിലും സമയം കണ്ടെത്താറുണ്ടെന്ന് അടുത്തിടെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നന്ദിനി പറയുന്നു. നന്ദിനി വിവാഹിതയാണ്. ഭർത്താവ് വിഷ്ണു വേണുഗോപാൽ തമിഴ് നാട് കേഡർ ഐഎഎസ് ഓഫീസറാണ്.