ഏറെ പ്രതീക്ഷയോടെ മലയാള സിനിമാസ്വാദകർ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം തിയ്യറ്ററുകളിൽ എത്തിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി മുഴുവൻ സീറ്റുകളിൽ തീയറ്ററിൽ പ്രവേശനം അനുവദിച്ചതോടെ വലിയ ജനക്കൂട്ടമാണ് തീയറ്ററുകളിൽ ഉണ്ടായിരിക്കുന്നത്.
രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററിൽ എത്തുന്ന ആദ്യചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അഞ്ഞൂറ്റി തറവാട്ടിലെ അംഗങ്ങളെ പരിച്ചപ്പെടുത്തലും അവർ തമ്മിലുള്ള ഉലയുന്ന ബന്ധവും ആണ് ആദ്യ പകുതിയിൽ നിറയുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തിന്റെ തകർപ്പൻ എൻട്രി തന്നെയാണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ ആദ്യ പകുതിയുടെ ഹൈലൈറ്റ്. അമൽ നീരദിന്റെ സ്ഥിരം സ്‌റ്റൈലിൽ മുന്നോട്ടു പോകുന്ന ആദ്യ പകുതിയിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഫ്രെയിമുകളും ഡയലോഗുകളും ഉണ്ട്.
ഓരോ കഥാപാത്രത്തിനും മികച്ച സ്‌ക്രീൻ സമയവും മികച്ച എൻട്രിയും കൊടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥ പറച്ചിൽ ഇന്റർവെൽ പഞ്ചോടെ ടോപ് ഗിയറിൽ ആവുന്നുണ്ട് എന്നതും ആദ്യ പകുതിയേ ഗംഭീരമാക്കുന്ന ഘടകമാണ്.
ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, മഹാഭാരതത്തിലെ ഭീഷ്മ പിതാമഹനെ ഓർമിപ്പിക്കുന്ന ആ കഥാപാത്രം കടന്നു പോകുന്ന സാഹചര്യങ്ങളോട് സാമ്യമുള്ള സാഹചര്യങ്ങളിൽ ചെന്ന് പെടുന്ന മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെയും അദ്ദേഹത്തിന്റെ വലിയ കൂട്ടുകുടുംബത്തിനെയും കഥയാണ് ഈ ചിത്രം പറയുന്നത്.
1980 കളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം കുടുംബത്തിലെ ചതി വഞ്ചന പ്രതികാരം എന്നിവയെല്ലാമാണ് പ്രധാനമായും നമ്മുടെ മുന്നിലെത്തിക്കുന്നത്. അഞ്ഞൂറ്റി തറവാട്ടിലെ അംഗങ്ങളെ പരിച്ചപ്പെടുത്തലും അവർ തമ്മിലുള്ള ഉലയുന്ന ബന്ധവും ആണ് ആദ്യ പകുതിയുടെ ഹൈലൈറ്റ് എങ്കിൽ അവരിൽ ഓരോരുത്തർ മൈക്കിലിന് എതിരെ തിരിയുന്നതും മൈക്കിലിന് എതിരെ നടത്തുന്ന പടയൊരുക്കവും അതിനു മൈക്കിൾ നൽകുന്ന തിരിച്ചടിയും ആണ് രണ്ടാം പകുതിയിൽ.
മികച്ച ഒരു ചിത്രം ഒരിക്കൽ കൂടി നമ്മുക്ക് സമ്മാനിക്കാൻ അമൽ നീരദ് എന്ന സംവിധായകന് ആയിട്ടുണ്ട് എന്ന് പറയാം. മികച്ച തിരക്കഥയാണ് അമൽ നീരദും ദേവദത്തും ചേർന്ന് ഒരുക്കിയത് എങ്കിലും അതിനു വേണ്ടി ഈ സംവിധായകൻ ഒരുക്കിയ ദൃശ്യ ഭാഷയാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത് എന്ന് പറയാം. ഒരേ സമയം ഒരു ൈക്രം ഡ്രാമ പോലെയും അതോടൊപ്പം ത്രില്ലർ ആയും ഈ ചിത്രം ഒരുക്കാൻ അമൽ നീരദിന് കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്തമായ ഒരു കഥ മാത്രമല്ല ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നതാണ് എടുത്തു പറയേണ്ടത്. ആ കഥ അമൽ നീരദ് പ്രേക്ഷക സമക്ഷം അവതരിപ്പിച്ചിരിക്കുന്ന രീതിയിൽ ആണ് ഈ ചിത്രത്തിന്റെ മികവ് ഇരിക്കുന്നത് എന്നതാണ് സത്യം. ഒരു ട്വിസ്റ്റ് കണ്ടു ഞെട്ടുന്നതിലുപരി കഥ പറഞ്ഞിരിക്കുന്ന രീതിയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന മികവ്.
അമൽ നീരദ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കിടിലൻ സംഘട്ടനം, ഡയലോഗുകൾ, രോമാഞ്ചം സമ്മാനിക്കുന്ന ദൃശ്യങ്ങൾ എന്നിവയെല്ലാം ഭീഷ്മ പർവ്വത്തിലും ഉണ്ട്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിൻ എന്നിവരുംവലിയ കയ്യടി നേടിയെടുക്കുന്നുണ്ട്.
തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, കോട്ടയം രമേഷ്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.