മലയാളം ടെലിവിഷൻ ആരാധകരായ കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന തമിഴ് സൂപ്പർ പരമ്പരയുടെ മലയാളം റിമേക്കാണ് സാന്ത്വനം.
കഴിഞ്ഞ വർഷം എഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക പ്രതികരണം നേടികൊണ്ടാണ് മുന്നേറുന്നത്. പരമ്പരയിലെ നായികയായ മുൻകാല സിനിമാ നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്.
സംപ്രേക്ഷണം തുടങ്ങി കുറഞ്ഞ സമയത്തിനുളളിൽ തന്നെ എല്ലാവരുടെയും ഇഷ്ട സീരിയലായി സാന്ത്വനം മാറി. സാന്ത്വനത്തിന്റെതായി വരാറുളള മിക്ക എപ്പിസോഡുകളും ശ്രദ്ധേയമാകാറുണ്ട്. സാന്ത്വനത്തിലെ ശിവാഞ്ജലിയുടെ പുതിയ വിശേഷങ്ങൾ അറിയാനും ആരാധകർ കാത്തിരിക്കാറുണ്ട്. ഇരുവരും തമ്മിലുളള വഴക്കും തർക്കവുമെല്ലാം ആണ് ശ്രദ്ധേയമാകാറുളളത്.
ശിവനായി സജിൻ ടിപിയും അഞ്ജലിയായി ഡോ. ഗോപികാ അനിലുമാണ് സാന്ത്വനത്തിൽ എത്തുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിൽ ഒന്നിച്ച ദമ്പതികളാണ് ഇവരും. ഹരി അപർണയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് അഞ്ജലി ശിവന്റെതായത്. ഏട്ടത്തിയമ്മയുടെ നിർദ്ദേശ പ്രകാരമായിരുന്നു ശിവൻ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തിയത്.
വിവാഹ ശേഷം എപ്പോഴും വഴക്ക് കൂടിയാണ് ഇരുവരും മുന്നോട്ടുപോയത്. ശിവന്റെയും അഞ്ജലിയുടെയും വിവാഹശേഷം ദമ്പതികൾക്ക് ആരാധകരും കൂടി. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് ഗ്രുപ്പുകളാണ് ശിവാഞജലിയുടെ പേരിലുളളത്. ശിവന്റെയും അഞ്ജലിയുടെയും ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകർ ഗ്രൂപ്പുകളിൽ പങ്കുവെക്കാറുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം അഞ്ജലിയുടെ സ്വർണ്ണം ഭാര്യവീട്ടിൽ കൊണ്ടുപോയി മടക്കികൊടുത്തിരുന്നു ശിവൻ. ഈ സ്വർണം ഞങ്ങൾക്ക് വേണ്ടെന്നും ഞാൻ അണിയിച്ച താലി മാത്രം മതി അവളുടെ കഴുത്തിലെന്നും ആണ് അവിടെവെച്ച് ശിവൻ പറഞ്ഞത്. അതിന് അവകാശം പറയാനോ ഇരുപത്തിനാല് മണിക്കൂറിനുളളിൽ ഹാജരാക്കണമെന്ന് പറയാനോ ആരും വരാൻ പോകുന്നില്ലെന്നും ശിവൻ പറഞ്ഞു.
എന്റെ ഭാര്യക്ക് ആവശ്യമുളള സ്വർണം ആവശ്യമുളള സമയത്ത് വാങ്ങിക്കൊടുക്കാനുളള മനസും ആരോഗ്യം എനിക്കുണ്ടെന്നും കഴിഞ്ഞ ദിവസം പറഞ്ഞു. തന്നെപറ്റി കുറ്റം പറഞ്ഞ സാവിത്രി അമ്മായിയ്ക്കും ജയന്തിയ്ക്കും പലിശ സഹിതം മറുപടി കൊടുത്ത ശേഷമായിരുന്നു ശിവൻ അഞ്ജലിയുടെ വീട്ടിൽ നിന്ന് മടങ്ങിയത്.
അതേസമയം സാന്ത്വനത്തിന്റെതായി വരുന്ന പുതിയ എപ്പിസോഡിൽ ഈ സംഭവത്തിന് പിന്നാലെയുളള ശിവനും അഞ്ജലിയും തമ്മിലുളള രംഗങ്ങളാണ് കാണിക്കുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ ഇറങ്ങിയിരുന്നു. കാന്താരിപ്പെണ്ണിന്റെ മനസ് കീഴടക്കി ശിവൻ എന്ന ക്യാപ്ഷനിലാണ് പുതിയ വീഡിയോ വന്നിരിക്കുന്നത്.
ശിവൻ പറഞ്ഞ കാര്യങ്ങൾ അഞ്ജലിയോട് അച്ഛനാണ് ഫോണിൽ വിളിച്ചു പറയുന്നത്. ശിവന് വിദ്യാഭ്യാസം കുറവായിരിക്കും പക്ഷേ നല്ല വിവരമുളളവനാണ് എന്നാണ് അഞ്ജലിയോട് ഫോണിൽ അച്ഛൻ പറയുന്നത്. തുടർന്ന് ഭാര്യയ്ക്ക് ആവശ്യമുളള സ്വർണം ഞാൻ തന്നെ വാങ്ങിച്ചുകൊടുക്കും എന്ന് പറഞ്ഞെന്ന് കേട്ടല്ലോ എന്ന് ശിവനോട് അഞ്ജലി ചോദിക്കുന്നു.
ഇത് കേട്ട്, പറഞ്ഞത് ശരിയാണെന്നും അത് ഒരു ഫ്ളോയിൽ പറഞ്ഞ് പോയതാണെന്നും ശിവൻ പറഞ്ഞു. നിന്റെ ആ തളളയുടെയും വേതാളത്തിന്റെയും മുഖത്ത് നോക്കി അത് പറഞ്ഞപ്പോൾ എന്താ സന്തോഷമെന്ന് അറിയോ? അഞ്ജലിയോട് ശിവൻ പറയുന്നു. ഒറ്റ ഓവറിൽ തന്നെ കളി ജയിച്ച സന്തോഷമാ. ഇത് കേട്ട് ചിരി വരുന്ന അഞ്ജലിയെ ആണ് സാന്ത്വനത്തിന്റെ പുതിയ പ്രൊമോയിൽ കാണിക്കുന്നത്.