മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തെ കീഴടക്കിയ നടിയാണ് ചഞ്ചൽ. ജോമോൾ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിൽ കുഞ്ഞാത്തോൽ എന്ന സാങ്കൽപ്പിക കഥാപാത്രത്തെയാണ് ചഞ്ചൽ അവതരിപ്പിച്ചത്.
ചുരുണ്ട മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.
1997ൽ മോഡലിങ്ങിലൂടെയാണ് ചഞ്ചലിന്റെ കരിയർ തുടങ്ങിയത്. പിന്നീട് ടെലിവിഷൻ പരിപാടികളിലെ അവതാരകയായി മാറി.
നിരവധി മലയാളം ചാനലുകളിൽ ക്വിസ് പ്രോഗ്രാമുകളും ചർച്ചകളും ചഞ്ചൽ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്ത് ലാൽ, ദീലിപ് എന്നിവർ അഭിനയിച്ച ഓർമ്മച്ചെപ്പ് എന്ന ചിത്രത്തിൽ സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
വിവാഹത്തിന് ശേഷം ഭർത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലാണ് ചഞ്ചൽ ഇപ്പോൾ. നീഹാർ, നിള എന്ന രണ്ടു മക്കളാണ് താരത്തിനുള്ളത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുവെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം
ഇപ്പോളിതാ സിനിമ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ചഞ്ചലിന്റെ വാക്കുകൾ ഇങ്ങനെ:
മോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. മാഗസിൻ പേജിൽ ഫോട്ടോ കണ്ടാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിൽ നിന്നും കോൾ വന്നത്. ഇങ്ങനെയൊരു ക്യാരക്ടറുണ്ട്. കോഴിക്കോട് വന്നാൽ നമുക്ക് ചർച്ച ചെയ്യാം. ഇഷ്ടമാണെങ്കിൽ ചെയ്യാമെന്നുമായിരുന്നു പറഞ്ഞത്.
അങ്ങനെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പമായി അവരെ കാണാൻ പോയത്. തൊടുപുഴയിൽ അപ്പൂപ്പൻ തിയേറ്റർ നടത്തിയിരുന്നു. എടുത്തുപറയത്തക്ക സിനിമാബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. മികച്ച ടീമായതിനാൽ പോയി നോക്കാമെന്ന് പറയുകയായിരുന്നു.
കുഞ്ഞാത്തോലെന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടത് അങ്ങനെയാണ്. കഥ കേട്ടപ്പോൾ തന്നെ എക്സൈറ്റഡായിരുന്നു. സാധാരണ യക്ഷി പോലെയല്ല, ഭീകരമായ ഇമേജാണ് യക്ഷിയെക്കുറിച്ചുള്ളത്. കുഞ്ഞാത്തോൽ വളരെ നല്ല യക്ഷിയാണ്.
ആ കുട്ടിയെ സഹായിക്കുന്ന യക്ഷി. എംടി സാറിന്റെ കഥാപാത്രം കിട്ടാനായി എല്ലാവരും കാത്തിരിക്കുന്ന സമയവും കൂടിയായിരുന്നു. കുറേ പേരെ ഓഡീഷൻ ചെയ്തതിന് ശേഷമായാണ് എന്നെ വിളിക്കുന്നത്. അന്ന് തന്നെ സ്‌ക്രീൻ ടെസ്റ്റ് നടത്തിയിരുന്നു. പിറ്റേ ദിവസം തന്നെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു.