മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനാകുന്ന ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങളും പിന്നാലെ കൂടിയിരുന്നു. ദൃശ്യം 2 ന്റെ നിർമ്മാതവ് ആന്റണി പെരുമ്പാവൂരിനും നായകൻ മോഹൻലാലിനും എതിരെ രൂക്ഷമായ വിമർശനവുമായി തിയറ്റർ ഉടമകളും വിതരണ സംഘടനകളും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം തിയറ്ററിൽ തന്നെ പുറത്തിരിക്കണം എന്നുള്ളതുകൊണ്ടാണ് ദൃശ്യം 2 ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് ആന്റണി പെരുമ്പാവൂർ ഇപ്പോൾ പറയുന്നത്.
ലോക്ക്ഡൗൺ മൂലം ഒൻപത് മാസത്തോളം തിയറ്ററുകൾ അടച്ചപ്പോൾ മാനസികമായി തളർന്നു പോയെന്നും അന്ന് മോഹൻലാൽ നൽകിയ ധൈര്യം കൊണ്ടാണ് പിടിച്ചു നിന്നതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് സമയത്ത് മരക്കറിന് നിരവധി ഒടിടി ഓഫറുകൾ വന്നിരുന്നു. അന്ന് ആ ഓഫറുകൾ സ്വീകരിച്ചിരുന്നെങ്കിൽ മുടക്കു മുതലും ലാഭവും ലഭിക്കുമായിരുന്നു. അതിനു ശ്രമിക്കാതിരുന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടും പ്രേക്ഷകരോടുമുള്ള കടപ്പാടുകൊണ്ടാണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.
ഡിസംബർ 31നകം തിയറ്ററുകൾ തുറന്നില്ല എങ്കിൽ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുമെന്ന് തീരുമാനം എടുത്തിരുന്നതായും, ആ സാഹചര്യത്തിലാണ് ഒടിടിയ്ക്ക് നൽകിയതെന്നും ആന്റണി പറഞ്ഞു. ന്യൂഇയർ ദിനത്തിലായിരുന്നു ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നുവെന്ന വിവരം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ തിയറ്റർ ഉടമകളും വിതരണ സംഘടനകളും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി.
ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിനെതിരെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടു ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് രംഗത്തെത്തിയിരുന്നു.
മോഹൻലാലിനെപ്പോലുള്ള സൂപ്പർ താരത്തിന്റെ സിനിമ ഒടിടിയിൽ പ്രദർശിപ്പിച്ചാൽ മറ്റു താരങ്ങളുടെ സിനിമകളും ഒടിടിയിൽ പ്രദർശിപ്പിക്കുവാൻ തുടങ്ങും. അങ്ങനെ തിയറ്റർ ഉടമകൾക്ക് ഭീമമായ നഷ്ടമായിരിക്കും ഉണ്ടാവുകയെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തിലെ തീയേറ്ററുകൾ തുറക്കുവാനുള്ള തീരുമാനത്തിന് പിന്നാലെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 26നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
പിന്നീട് തീയേറ്ററുകൾ അടക്കേണ്ടി വന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസിംഗ് നീളുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് മാർച്ച് 26 റിലീസിംഗ് ദിവസമായി പ്രഖ്യാപിച്ചത്.