മലയാളികൾക്ക് എക്കാലവും പ്രിയങ്കരിയായ നടിയാണ് ശോഭന. ഏപ്രിൽ 18 എന്ന 1984ൽ പുറത്തിറങ്ങിയ ബാലചന്ദ്ര മോനോൻ സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ശോഭന എത്തിയത്. മലയാളത്തിൽ മത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശോഭന സജീവ സാന്നിധ്യം ആയിരുന്നു. അതേസമയം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും പഴയ ചിത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ഏകദേശം 2000 വരെ മലയാള സിനിമയിൽ സജീവമായിരുന്ന ശോഭന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. പിന്നീട്, വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നടി ശോഭനയുടെ തിരിച്ച് വരവ് മലയാളികളെ ഒന്നടങ്കം ആവേശത്തിലാക്കിയിരുന്നു. സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ശോഭന സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിക്കൊപ്പം തന്നെ സ്‌ക്രീനിലേയ്ക്ക് വീണ്ടും എത്തിയതിന്റെ ആവേശവും ആരാധകരിൽ പ്രകടമായിരുന്നു.
കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയായ താരം ഇപ്പോൾ അഭിനയത്തേക്കാൾ കൂടുതൽ നൃത്ത രംഗത്ത് ആണ് സജീവമായിരിക്കുന്നത്. വീണ്ടും അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അനുയോജ്യമായിട്ടുള്ള വേഷങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യുമെന്നാണ് ശോഭന പറയുന്നത്.
മാത്രമല്ല മകളുടെ കാര്യങ്ങളിൽ ഇടപെടുന്ന അമ്മയാണ് താനെന്നും അവളുടെ വസ്ത്രധാരണമൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും മഹിളരത്നത്തിന് നൽകിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്. നൃത്തവും മകൾ അനന്തനാരായണിയുമാണ് ഇന്ന് ശോഭനയുടെ ലോകം. ഇപ്പോഴിതാ തന്റെ മകളുടെ കുസൃതികളെ കുറിച്ച് പറയുകയാണ് താരം.
ഞാൻ അഭിനയിച്ച സിനിമകളൊക്കെ അവൾ കാണാറുണ്ട്. അമ്മാ ഇതെങ്ങനെയാണ് ചെയ്തത് എന്നൊക്കെ അവൾ തന്നോട് ചോദിക്കാറുണ്ടെന്ന് ശോഭന പറയുന്നു. പക്ഷേ താൻ അഭിനയിച്ച ചില സിനിമകൾ അവൾക്ക് ഇഷ്ടമല്ലെന്നും പറയാറുണ്ടെന്ന് ശോഭന പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ എനിക്കൊരു മകളുണ്ടല്ലോ, അതിനാൽ അതവൾക്ക് ഇഷ്ടമായില്ല. എന്റെ കാര്യത്തിൽ അത്രയും പൊസസീവ്‌നസ് കൂടുതലാണെന്നും താരം കൂട്ടിച്ചേർത്തു.
മോൾക്ക് മൂന്ന് വയസുള്ളപ്പോഴായിരുന്നു തിരയിൽ അഭിനയിച്ചത്. ഞാൻ അഭിനയിച്ച സിനിമകളിൽ അവൾക്കേറ്റവും പ്രിയപ്പെട്ടത് മണിച്ചിത്രത്താഴ് തന്നെയാണെന്നും ശോഭന പറയുന്നു. അതേസമയം, മകളുടെ സ്‌കൂളിൽ നിന്നും ഫോൺ വരുന്ന സമയത്തെല്ലാം താൻ ടെൻഷനാവാറുണ്ടെന്നും ശോഭന വെളിപ്പെടുത്തി. എന്തെങ്കിലും നല്ല കാര്യം പറയാനായിട്ടായിരിക്കും അവർ വിളിക്കുന്നത്. പക്ഷേ കോൾ വരുമ്പോൾ തന്നെ പേടിയാണെന്നും താരം പറയുന്നു.
ഇപ്പോൾ എട്ടാം ക്ലാസിലാണ് അവൾ പഠിക്കുന്നത്, ഞാൻ പഠിച്ച അതേ സ്‌കൂളിൽ തന്നെയാണ് മകളുടെയും വിദ്യാഭ്യാസം എന്നും ശോഭന പറയുന്നു. ഇത്രയും സ്‌നേഹം ഒക്കെ ഉണ്ട്, പക്ഷേ ഞാൻ പറയുന്ന കാര്യങ്ങളൊന്നും അവൾ അനുസരിക്കില്ലെന്നും നടി വെളിപ്പെടുത്തി. ചെയ്യരുത് എന്ന പറയുന്ന കാര്യങ്ങൾ ചെയ്ത് കാണിക്കും. പ്രായത്തിന്റെ പ്രശ്നമാണ്. ഇടയ്ക്ക് വെച്ച് എന്നോട് നൃത്തം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതുകൊണ്ട് നൃത്തവും പഠിപ്പിക്കുന്നുണ്ടെന്നും ശോഭന പറയുന്നു.