അവതാരകയായും നടിയായും മലയാളം മിനി സ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റിലൂടെയാണ് അശ്വതി ഏറെ സുപരിചിതയായി മാറിയത്.
അവതാരക നടി, എന്നീ നിലകളിൽ മാത്രമല്ല നല്ലൊരു എഴുത്തുകാരികൂടിയാണ് അശ്വതി ശ്രീകാന്ത്. ക്ഷണ നേരം കൊണ്ടാണ് അശ്വതിയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ താൻ ജീവിതത്തിൽ കണ്ട ആദ്യ ഫെമിനിസ്റ്റിനെക്കുറിച്ച് തുറന്നുപറയുകയാണ് അശ്വതി.
എന്തു വന്നാലും സ്വന്തം കാലിൽ നിൽക്കണമെന്നും,ഡീ ന്നു വിളിച്ചാൽ എന്താടാ ന്നു ചോദിക്കണമെന്നും മാനത്തിന് വിലയിടാൻ ഒരുത്തനേം സമ്മതിക്കരുതെന്നും പറഞ്ഞ് പഠിപ്പിച്ച ഫെമിനിസ്റ്റിനെകുറിച്ചാണ് അശ്വതിയുടെ കുറിപ്പ്.
അശ്വതി ശ്രീകാന്തിന്റെ കുറിപ്പിന്റെ പൂർണരൂപം:
സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് പന്ത്രണ്ടോ പതിമൂന്നോ വയസ്സു കാണും. ലാൻഡ് ഫോണുകൾ മാത്രമുള്ള കാലം. ഫോൺ ബെല്ലടിക്കുന്നു ഞാൻ പോയി ഫോൺ എടുക്കുന്നു. അപ്പുറത്ത്, നാട്ടിലെ ഏതോ ഞരമ്പാണ്.
എന്റെ ചില ശരീര ഭാഗങ്ങൾക്ക് പെട്ടെന്ന് വലിപ്പം കൂടിയതാണ് പുള്ളിയുടെ വിഷയം. അത് കാണുമ്പോൾ അയാൾക്ക് എന്ത് തോന്നുന്നു എന്നും. പച്ച മലയാളത്തിൽ വിവരിക്കുകയാണ് തലയ്ക്ക് അടിച്ചത് പോലെ നിന്ന് പോയ എന്റെ കൈയിൽ നിന്ന് അമ്മൂമ്മ വന്ന് ഫോൺ വാങ്ങുന്നു.
ഒരു നിമിഷം മിണ്ടാതെ നിന്ന് കേൾക്കുന്നു. പിന്നങ്ങോട്ട് എന്റെ സാറേ ജീവിതത്തിൽ അന്നേ വരെ കേട്ടിട്ടില്ലാത്ത വാക്കുകൾ പലതും പല്ലില്ലാത്ത വായിൽ നിന്ന് തെറിച്ച് ചാടുന്നു. അവന്റെ പൂർവ്വ പിതാക്കന്മാർ കുഴിയിൽ നിന്നു പോലും തെറിച്ച് പോകുന്ന ഐറ്റം. അതാണ് ഞാൻ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ്.
എന്തു വന്നാലും സ്വന്തം കാലിൽ നിൽക്കണമെന്നും, ഡീ ന്നു വിളിച്ചാൽ എന്താടാ ന്നു ചോദിക്കണമെന്നും മാനത്തിന് വിലയിടാൻ ഒരുത്തനേം സമ്മതിക്കരുതെന്നും പറഞ്ഞ് പഠിപ്പിച്ച ഫെമിനിസ്റ്റ്. സംസ്‌കാരമുള്ള സ്ത്രീകൾ തെറി പറയുമോ എന്നതാണ് ചോദ്യമെങ്കിൽ ഇവന്മാരെയൊക്ക കണ്ടിട്ട് നാലെണ്ണം പറയാതിരിക്കലാണ് സംസ്‌ക്കാര ശൂന്യത.