മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ. മാസങ്ങളായി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഈ സീരിയൽ. തുടക്കത്തിലുണ്ടായിരുന്ന പിന്തുണ പിന്നീടങ്ങോട്ട് സീരിയലിന് ലഭിച്ച് കൊണ്ടേ ഇരിക്കുകയാണ്.
കുടുംബവിളക്കിലെ എല്ലാ താരങ്ങൾക്കും പുറത്ത് വലിയ ആരാധക പിന്തുണയാണുള്ളത്. ഷൂട്ടിങ്ങ് സെറ്റിലെ വിശേഷങ്ങൾ ഓരോരുത്തരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബവിളക്കിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടൻ ആനന്ദ് നാരായണൻ. സീരിയലിൽ അനിരുദ്ധ് എന്ന കഥാപാത്രം ചെയ്യുന്നത് ആനന്ദാണ്. ആനന്ദിന്റെ അനിയൻ പ്രതീഷ് എന്ന കഥാപാത്രം ചെയ്യുന്ന നുബിനും സഞ്ജന എന്ന ഭാര്യയുടെ റോൾ ചെയ്യുന്ന രേഷ്മയ്ക്കുമൊപ്പമുള്ള വിശേഷങ്ങളാണ് താരം പറയുന്നത്.
Also Read
കുടുംബവിളക്ക് സീരിയലിൽ നിന്നും ഒഴിവാക്കിയതാണോ, കല്യാണമാണോ, വ്യക്തമായ മറുപടിയുമായി അമൃതാ നായർ
സീരിയലിൽ അടുത്തിടെ ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ശേഷം നടന്ന ചില രസകരമായ നിമിഷങ്ങളാണ് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിൽ കാണിച്ചിരിക്കുന്നത്. രണ്ടാഴ്ച മുൻപ് കുടുംബവിളക്കിന്റെ ഷൂട്ട് നടക്കുകയാണ്. എന്റെ ഒരു സീൻ കഴിഞ്ഞു. അടുത്തതിൽ ഞാനില്ല. അതിന് ശേഷം എനിക്ക് ഉണ്ടാവുമെന്ന് കൂടി പറഞ്ഞിരുന്നു. ഒഴിവ് സമയം കിട്ടുമ്പോൾ നമ്മൾ ഉറങ്ങാൻ പോവുകയാണ് പതിവ്.
നുബിൻ ആണെങ്കിൽ ഒന്നെങ്കിൽ അമ്മയോട്, അല്ലെങ്കിൽ വിവാഹം കഴിക്കാൻ പോവുന്ന കുട്ടിയോട് സംസാരിച്ചോണ്ട് ഇരിക്കും. അങ്ങനെ ഫ്രീ ടൈം കിട്ടിയത് കൊണ്ട് ഞാൻ പോയി കുറച്ച് സമയം ഉറങ്ങി. കുറേ നേരം കഴിഞ്ഞിട്ടും ആരും വിളിക്കുന്നില്ല. ഉറക്കത്തിൽ നിന്നെഴുന്നേറ്റ് നോക്കുമ്പോൾ ഫോണിൽ ചാർജില്ല. ഫോൺ കുത്തി വെക്കാൻ ചെല്ലുമ്പോൾ ഒരു സൈഡിൽ രണ്ട് യുവമിഥുനങ്ങളെ പോലെ സഞ്ജനയും പ്രതീഷും വാരി പുണർന്ന് നിൽക്കുകയാണ്.
ഞാനിങ്ങനെ അതിലേക്ക് തല കാണിച്ചതോടെ സംവിധായകൻ കട്ട് വിളിച്ചു. ഞാൻ ഉറക്കത്തിൽ എഴുന്നേറ്റ് നടന്നത് കൊണ്ട് അത് ഫ്രെയിം ആണെന്ന് അറിഞ്ഞില്ല. എന്താ ആനന്ദ് എന്ന് സംവിധായകൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ചാർജ് ചെയ്യാനാണെന്ന്. ചാർജ് ചെയ്യാനാണെങ്കിൽ ഇവിടെ നിന്നോളു. ഞങ്ങളെല്ലാം ഫുൾ ചാർജിൽ നിൽക്കുക ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
കാരണമെന്താണന്ന് വെച്ചാൽ ആ എടുക്കുന്ന സീൻ പന്ത്രണ്ട് ടേക്ക് എങ്കിലും ആയിട്ടുണ്ട്. കല്യാണം കഴിഞ്ഞുള്ള സീനിൽ സ്നേഹനിധിയായ ഭർത്താവ് ഭാര്യയെ ചേർത്ത് പിടിച്ച് ഉമ്മ കൊടുക്കുന്ന സീനാണ്. പന്ത്രണ്ട് ടേക്ക് എടുത്തിട്ടും ഒരു ഉമ്മ പോലും അവൻ ശരിയാക്കിയില്ല. ആത്മാർഥമായി പ്രണയിക്കുന്ന ഒരു കുട്ടി മനസിൽ ഉണ്ടെങ്കിൽ ഉമ്മ വരില്ലെന്ന് നിങ്ങൾ മനസിലാക്കണമെന്ന് തമാശരൂപേണ ആനന്ദ് പറയുന്നു.
അത്രയും ചമ്മലോട് കൂടിയായിരുന്നു നുബിൻ ആ സീനിൽ അഭിനയിച്ചത്. ഒടുവിൽ പതിമൂന്നാമത്തെ ടേക്കിലാണ് നുബിനൊരു ഉമ്മ കൊടുക്കുന്നത്. അന്നേരത്തേക്കും കൃത്യത്തിന് സഞ്ജനയുടെ മുടി മൂക്കിലേക്ക് തട്ടി ഇവനൊരു തുമ്മൽ കൂടി കൊടുത്തു. അവിടെയും സംവിധായകൻ കട്ട് വിളിച്ചു. അങ്ങനെ പതിനാലാമത്തെ ടേക്കിലാണ് ചെറിയൊരു ചുംബനം കൊടുത്ത് എന്തെങ്കിലും ആവട്ടേ എന്ന് പറഞ്ഞ് ഒപ്പിച്ചത്.
ഒടുവിൽ ഇവനെ വിളിച്ചോണ്ട് പോയി ഒരു ഉമ്മ കൊടുക്കുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ച് കൊടുക്കാൻ തന്നെ ഏൽപ്പിച്ചതായിട്ടും ആനന്ദ് പറയുന്നു. ഇതൊക്കെ ഞങ്ങളുടെ ലൊക്കേഷനിലെ രസകരമായ സംഭവങ്ങളാണ്. ഇതൊന്നും ആരും തെറ്റിദ്ധരിക്കരുതെന്നും ആനന്ദ് പറയുന്നു.