മലയാളത്തിന്റെ താരാജാക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവുമാണാ നാൽപത് വർഷങ്ങളായി മലയാളം ഇൻഡസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകുന്നത്. മിക്ക ഉൽസവ സീസണുകളിലും ഇരുവരുടേയും സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നതും പതിവായിരുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയാൽ മലയാളത്തിലെ കുടുംബപ്രേക്ഷകർക്ക് അത് സഹിക്കാൻ കഴിയില്ല. അവരും കൂടെ കരഞ്ഞുതുടങ്ങും. അതോടെ പടം ഹിറ്റാവുകയും ചെയ്യും. അങ്ങനെ ഹിറ്റായ എത്രയെത്ര ചിത്രങ്ങളാണ് ഉണ്ടായിട്ടുള്ളത്.
1992 ലെ ഓണക്കാലത്ത് മോഹൻലാൽ ചിത്രമായ യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസും നേർക്കുനേർ മത്സരിച്ചു. യോദ്ധ തകർപ്പൻ കോമഡി ചിത്രമായിരുന്നു. മോഹൻലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച സിനിമ. എആർ റഹ്മാന്റെ ഗാനങ്ങൾ.
പടം റെക്കോർഡ് വിജയം നേടുമെന്നാണ് സംവിധായകൻ സംഗീത് ശിവൻ ധരിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്ന്. പപ്പയുടെ സ്വന്തം അപ്പൂസ് ഒരു ഹൈലി ഇമോഷണൽ സബ്ജക്ടായിരുന്നു കൈകാര്യം ചെയ്തത്. ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കരച്ചിൽ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി.
ഫാസിൽ സംവിധാനം ചെയ്ത അപ്പൂസ് ചരിത്രവിജയമായി മാറി. അപ്പൂസിന്റെ നിഴലിൽ ഒരു സാധാരണ ഹിറ്റ് മാത്രമായി യോദ്ധ മാറി. ആക്ഷനും കോമഡിയും മിക്സ് ചെയ്ത് ഹോളിവുഡ് ശൈലിയിൽ വൻ ബജറ്റിൽ അണിയിച്ചൊരുക്കിയ യോദ്ധയുടെ ബോക്സോഫീസ് പ്രകടനം സംഗീത് ശിവനെ നിരാശയിലാഴ്ത്തി.
എന്നാൽ പ്രേക്ഷകരുടെ പൾസ് മനസിലാക്കി പടമെടുത്ത് പപ്പയുടെ സ്വന്തം അപ്പൂസിനെ ബ്ലോക് ബസ്റ്ററാക്കി ഫാസിൽ ആ ഓണക്കാലം ആഘോഷമാക്കി മാറ്റുകയായിരുന്നു.