ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് സംയുക്ത വർമ്മ. പിന്നീട് താരം അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. മൂന്നു വർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്ന നടി 18 ഓളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.
ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സംയുക്ത അടുത്ത വർഷവും അതേ പുരസ്‌കാരം നേടിയെടുത്തു. നായികയായി തിളങ്ങിനിൽക്കുമ്പോഴായിരുന്നു ബിജു മേനോനുമായി സംയുക്ത വർമ്മ പ്രണയത്തിലായതും വിവാഹിതയാവുകയും ചെയ്തത്.
മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതേ സമയം ദിലീപ് നായകനായ കുബേരനിലാണ് സംയുക്ത വർമ്മ അവസാനമായി അഭിനയിച്ചത്. വിവാഹ ശേഷം സിനിമവിട്ട സംയുക്ത അഭിനയത്തിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.
2006ൽ ഇവർക്കൊരു കുഞ്ഞുപിറന്നു. മകൻ ധക്ഷ് ധാർമികിന്റെ വരവോടെ സംയുക്ത വർമ്മ നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നു ആത്രെ അപ്പോൾ സംയുക്തയും കടന്ന് പോയത്. എന്നാൽ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.
ഇപ്പോഴിതാ അഭിനയത്തിലേക്ക് ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം, സിനിമയിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് സീരിയസ് ആയി ആലോചിച്ചിട്ടില്ല. പെട്ടെന്ന് ചോദിച്ചാൽ അഭിനയിക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റണില്ല.
എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടേ. ബിജു ചേട്ടൻ അഭിനയിച്ച എല്ലാ സിനിമകളും തന്നെ എനിക്കിഷ്ടമാണ്. അതിൽ ഏതാണ് പ്രിയപ്പെട്ടതെന്ന് വേർതിരിച്ച് പറയാൻ പറ്റില്ല. താൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം വീണ്ടും ചില വീട്ടുകാര്യങ്ങൾ ആണ്.
മെലിയാൻ വേണ്ടിയല്ല യോഗ ചെയ്യുന്നത്, മെലിയണമെങ്കിൽ വേറെ പല വഴികളും ഉണ്ടല്ലോ. എന്നാൽ ഒരു വർക്ക് ഏറ്റെടുക്കുമ്പോൾ ആ വർക്ക് ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും ഞാൻ മെലിയാനോ വണ്ണം വയ്ക്കാനോ തയ്യാറാണെന്നും സംയുക്ത വർമ്മ പറയുന്നു.