എന്താണ് പറ്റിയതെന്ന് അറിയില്ല, സുരേഷ് കൃഷ്ണയാണ് അവനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറഞ്ഞുതന്നത്, വേദന സഹിക്കാൻ പറ്റുന്നില്ല: അനിൽ മുരളിയെ കുറിച്ച് നെഞ്ചുപൊട്ടി ബിജു പപ്പൻ

69

കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച നടൻ അനിൽ മുരളിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പുമായി നടൻ ബിജു പപ്പൻ. ദി പ്രിൻസ് സിനിമയിൽ അഭിനയിക്കാനായി ഊട്ടിക്ക് പോയതിനെ കുറിച്ചാണ് ബിജു പപ്പൻ പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിലുള്ള ആർക്ക് എന്തു വിഷയം ഉണ്ടെങ്കിലും അവൻ ആത്മാർത്ഥമായി ഇടപെടാറുണ്ട്. എന്നാൽ എന്താണ് അവനു പറ്റിയത് എന്നറിയില്ലെന്നും ബിജു പപ്പൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisements


ബിജു പപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

വർഷങ്ങൾക്ക് മുമ്പ് സിനിമ അഭിനയ മോഹവുമായി തിരുവനന്തപുരത്തു നിന്നും ദി പ്രിൻസ് എന്ന ലാലേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ ഊട്ടിക്ക് പോകുകയാണ് ഞാൻ. ബാഷ സംവിധാനം ചെയ്ത സംവിധായകന്റെ ചിത്രം ആണ് ദി പ്രിൻസ്.

പ്രിൻസിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ബസ്സിൽ കയറി കോയമ്പബത്തൂർ പോകുമ്പോൾ എറണാകുളത്തു നിന്നും ഒരു ചെറുപ്പക്കാരൻ ഈ ബസ്സിൽ കയറി. ആ ചെറുപ്പക്കാരൻ ആയിരുന്നു അനിൽ മുരളി. ഞാനും അനിൽ മുരളിയും തമ്മിൽ കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽ വെച്ചു പരസ്പരം പരിചയപെട്ടു.

അടുത്ത ബസ്സിൽ കയറി ഊട്ടിയിൽ എത്തി. ഊട്ടിയിൽ നിന്നും ആ തണുത്ത വെളുപ്പാൻ കാലത്തു 6 മണിക്ക് ഞങ്ങൾ ലൊക്കേഷനിൽ എത്തിയപ്പോൾ നുറുകണക്കിന് ആൾക്കാർ അവിടെ അഭിനയിക്കാനും അല്ലാതെയും എത്തിയിട്ടുണ്ട്. പ്രധാന നടന്മാർ എത്തിയിട്ടുണ്ട്, ലാലേട്ടൻ വരുന്നുണ്ട്.

ഞങ്ങൾക്ക് രണ്ടുപേർക്കും സഫാരി സ്യൂട്ട് ഡ്രെസ്സും തന്ന് ഓരോ ഡമ്മി മെഷീൻ ഗണ്ണും തന്നു. ലൊക്കേഷൻ വലിയ ഒരു ബിൽഡിംഗ് ഉളള ഒരു 3 എക്കർ പ്രോപ്പർട്ടി ആണ്. അതിന്റെ വലതുവശത്തു അങ്ങേ അറ്റത്തു അനിൽ മുരളിയും ഇടതുവശത്തു അങ്ങേ അറ്റത്തു ബിജുപപ്പനും പോയി നിൽക്കാൻ പറഞ്ഞു.

ഞങ്ങൾ അവിടെ വെയിലും കൊണ്ട് ഉച്ച വരെ നിന്നു. ഉച്ചഭക്ഷണത്തിന് സമയമായി. ഞങ്ങൾ അവിടെ ഈ തോക്കുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആരും ഒന്നും അന്വേഷിക്കുന്നില്ല. ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഞങ്ങളെ ആരും അന്വേഷിക്കാറില്ല.

അങ്ങനെ ഞങ്ങൾ രണ്ടും ഒരുമിച്ച് ഇരുന്നിട്ട് പറഞ്ഞു, ഇവിടം വരെ ഇത്രയും യാത്ര ചെയ്തു വന്നിട്ട് കാര്യമില്ല ഷൂട്ടിംഗ് ദോ അവിടെ എവിടെയോ ആണ് നടക്കുന്നത്. അങ്ങനെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈ തോക്കുമായി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു.

അവസാനം ഈ തോക്കും സഫാരി സ്യൂട്ടും ഒക്കെ ഊരി വച്ചിട്ട് ഇതിന്റെ റൈറ്റർ ആയ റസ്സാഖ് ഏട്ടൻ ആണെന്ന് തോന്നുന്നു, റസ്സാഖ് ഏട്ടനോട് പറഞ്ഞു ഞങ്ങൾ ഇങ്ങനെ അഭിനയിക്കാൻ വേണ്ടി വന്നതാണ്. അപ്പോൾ റസ്സാഖ് ഏട്ടൻ ചോദിച്ചു നിങ്ങൾ എവിടെ നിന്നും വരുന്നു എന്ന്.

ഞാൻ തിരുവനന്തപുരത്തു നിന്നാണെന്നും അനിൽ എറണാകുളത്തു നിന്നാണെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങൾ വരുന്നത് ഒന്നും ഞാൻ അറിഞ്ഞില്ല, ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾക്ക് ഇവിടെ എന്തെങ്കിലും സംഭവങ്ങൾ ഒക്കെ ഇവിടെ ചെയ്യാമായിരുന്നു എന്ന്.

ഞങ്ങൾ അവിടെ നിന്നും ഈ കൊട്ടാരം പോലുള്ള ബിൽഡിംഗിൽ നിന്നും പുറത്തു ഇറങ്ങി. അവിടെ നിന്നും ഊട്ടിയിൽ എത്തണ്ടേ. ഞങ്ങൾ ഊട്ടി ഗേറ്റ് ഹോട്ടലിൽ ആയിരുന്നു താമസം. അങ്ങനെ ഒരു ബസ്സ് വന്നു. അതു നിറയെ ആളായിരുന്നു. ഞങ്ങൾക്ക് ആ ബസ്സിൽ കയറാൻ പറ്റുന്നില്ല.

അപ്പോൾ ആ ബസ്സിലെ കണ്ടക്ടർ ഞങ്ങളോട് പറഞ്ഞു വേണമെങ്കിൽ ഏണിയിൽ കയറിക്കോളാൻ. അങ്ങനെ ഞങ്ങൾ രണ്ടും കൂടി ഏണിയിൽ തൂങ്ങി നിന്നു ഊട്ടി ഗേറ്റിൽ എത്തി. അവിടെ നിന്നും നേരെ ഒരു ബസ്സിൽ എറണാകുളം വന്നു അനിൽ അവിടെ ഇറങ്ങി ഞാൻ തിരുവനന്തപുരത്തും വന്നു. അവിടെ നിന്നും തുടങ്ങിയ സിനിമ ജീവിതം ആണ് അനിലുമായിട്ടുള്ള സൗഹൃദം.

വളരെ ആഴത്തിൽ ഉളള സൗഹൃദം ആയിരുന്നു. നടൻ സുബൈർ മരിച്ചപ്പോൾ സുബൈറിന്റെ കുടുംബത്തിന് വേണ്ടി ധനസഹായം സ്വരൂപിക്കുന്നതിനു ആത്മാർത്ഥമായി പ്രവർത്തിച്ച ഒരാളാണ് അനിൽ മുരളി. അതുപോലെ മലയാള സിനിമയിൽ ഉള്ള ആർക്ക് എന്തു വിഷയം ഉണ്ടെങ്കിലും അവൻ ആ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെടാറുണ്ട്.

എന്താണ് അവനു പറ്റിയത് എന്ന് എനിക്ക് അറിയില്ല. ഞാൻ ടിവി യിൽ അനിൽ മുരളി മരിച്ചു അനിൽ മുരളി നമ്മളെ വിട്ടു പോയി എന്നറിയുന്ന വാർത്ത കേട്ടു ഞാൻ സുരേഷ് കൃഷ്ണയെ വിളിച്ചു. സുരേഷ് കൃഷ്ണ അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒക്കെ എന്നോട് സംസാരിച്ചു. എനിക്ക് വലിയ വേദന ഉണ്ടാക്കിരിക്കുകയാണ്. ആ നഷ്ടം എനിക്ക് വല്ലാത്ത വേദന ഉണ്ടാക്കുന്നുണ്ട്….

Advertisement