മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരു പിടി വമ്പൻ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഒരു പക്ഷേ മോഹൻലാൽ എന്ന താരത്തിന്റെ അമാനുഷിക കഥാപാത്രങ്ങൾക്ക് തുടക്കം കുറിച്ചത് തന്നെ ഷാജി കൈലാസ് ചിത്രങ്ങളിലൂടെ ആയിരിക്കും.
ആറാംതമ്പുരാൻ, നരസിംഹം, താണ്ഡവം, ബാബകല്യാണി തുടങ്ങിയ സൂപ്പര് ഹിറ്റുകൾ ഷാജി കൈലാസ് മോഹൻലാൽ കൂട്ടുക്കെട്ട് മലയാളികൾക്ക് സമ്മാനിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ഇപ്പോഴിതാ പന്ത്രണ്ട് വർഷത്തിനു ശേഷം ഒന്നിക്കുന്ന ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് എലോൺ.
2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് എലോൺ നിർമ്മിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും ചിത്രം പുറത്തിറക്കുക. ഓഗസ്റ്റ് മാസത്തോടെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്.
അതേ സമയം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് പൃഥ്വിരാജും മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് അറിയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം കടുവയുടെ പ്രൊമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ എലോണിൽ മോഹൻലാൽ മാത്രമേ ഉള്ളൂവെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു. പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ആരാധകർ ആകാംഷയിലാണ്.
കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്കായി ചെറിയ സിനിമകൾ എടുക്കുക എന്ന മോഹൻലാലിന്റെ തീരുമാനം അനുസരിച്ചാണ് ആന്റണി പെരുമ്പാവൂർ സിനിമ ചെയ്യാൻ തന്നെ വിളിച്ചതെന്ന് ഷാജി കൈലാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചർ എന്നീ സിനിമകളുടെയും രചന നിർവഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയയും എഡിറ്റിങ് ഡോൺമാക്‌സും ആണ് നിർവ്വഹിച്ചിരിക്കുന്നത്.