ഫഹദ് ഫാസിലിനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് അനുശ്രീയെ ലാൽജോസ് കണ്ടെത്തുന്നത്. ഈ ചിത്രത്തിൽ തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുശ്രീക്ക് കഴിഞ്ഞു.
കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുശ്രീയുടെ പ്രത്യേകതകളാണ്.
ഡയമണ്ട് നെക്ലേസിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനുശ്രീ ലോക്ക്ഡൗൺ സമയത്ത് മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും സജീവമായിരുന്നു. നാടൻ വേഷങ്ങൾക്ക് ഒപ്പം തന്നെ മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്.
ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിനിയായ അനുശ്രി ഇപ്പോൾ തങ്ങളുടെ എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിനെ കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം എന്നാണ് അനുശ്രി കുറിക്കുന്നത്.
അനുശ്രീയുടെ പോസ്റ്റ് പൂർണരുപം:
ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം. പത്തനാപുരത്തിൻ്റെ ജനനായകൻ കെ.ബി ഗണേഷ്കുമാർ,ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ.{Flash back} 2002_2003 സമയങ്ങളിൽ നാട്ടിലെ പരിപാടികൾക്ക്
സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടൻ ആയിരുന്നു. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങൾ കാത്തിരിക്കുന്നത് ഗണേഷ് കുമാർ എന്ന സിനിമ നടനെ ആയിരുന്നു.
സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകൾ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോൾ ഞങ്ങൾ കുട്ടികൾ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി. അത് അന്ന് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആയിരുന്നു.”The smile of Acceptance” ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാൻ കാരണം.
പാർട്ടിക്ക് അതീതമായി,ജാതിഭേദമന്യെ,എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങൾ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ് ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാംൽ പങ്കെടുത്തു. വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാർട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കൾ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്.keep winning more and more hearts . ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ.