സിനിമ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കൊച്ചി വൈപ്പിനിലെ ചിത്രീകരണത്തിനിടെയാണ് വൈകിട്ട് ഏഴിനാണ് സംഭവം. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. വിഷ്ണുവിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയേക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മിമിക്രി രംഗത്ത് നിന്നും തിരക്കഥാകൃത്തായിട്ടാണ് വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമയിലേക്ക് എത്തിയത്. പിന്നീട് നടൻ ആയി മാറുകയായിരുന്നു. 2015ൽ പുറത്തിറങ്ങിയ മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങൾ അണിനിരന്ന നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് തിരക്കഥാകൃത്ത് എന്ന നിലയിൽ വിഷ്ണു ശ്രദ്ധനേടിയിരുന്നു.
പിന്നീട് നാദിർഷയുടെ തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷനിൽ അദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ചു. അതോടെ താരത്തിന് മലയാള സിനിമയിൽ അഭിനേതാവ് എന്ന നിലയിൽ തിരക്കേറുകയായിരുന്നു. ഇതിനിടയ്ക്ക് തന്നെയാണ് താരം വിവാഹം കഴിച്ചത് വിവാഹവും വാർത്തകളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. അടുത്തിടെ താരത്തിന് കുഞ്ഞും പിറന്നിരുന്നു.
വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായി താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. മിമിക്രി രംഗത്ത് നിന്നുമെത്തി ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയെങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് വിഷ്ണു ഉണ്ണി കൃഷ്ണൻ ശ്രദ്ധേയനാവുന്നത്.
ബിപിൻ ജോർജുമായി ചേർന്ന് മൂന്നോളം സിനിമകൾക്ക് തിരക്കഥ ഒരുക്കുകയും അതിലൊരു ചിത്രത്തിൽ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. അങ്ങനെ വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി വിഷ്ണു മാറി.
2020 ആദ്യമാണ് നടന്റെ വിവാഹം കഴിഞ്ഞത്. ഐശ്വര്യയെ ആണ് നടൻ ജീവിത സഖിയാക്കിയത്. മാധവ് എന്നാണ് മകന് വിഷ്ണു ഉണ്ണികൃഷ്ണൻ പേരിട്ടിരിക്കുന്നത്.