എന്റെ കെട്ടിയോൾ ഇത് വായിക്കില്ല എന്ന വിശ്വാസത്തോടെ പറയട്ടെ, ആ കവർചിത്രം എന്റെ ആറാംക്ലാസ്സിലെ മലയാളം പുസ്തകത്തിന്റെ പതിനേഴാം പേജിന്റകത്തുണ്ട്, പ്രിയം നായിക ദീപാനായരെ കുറിച്ച് കട്ടആരാധകന്റെ കുറിപ്പ് വൈറൽ

489

മലയാളത്തിന്റെ റൊമാന്റിക് നായകൻ എന്ന് പേരെടുത്തിടുള്ള കുഞ്ചാക്കോ ബോബൻ നായകനായ സൂപ്പർഹിറ്റ് സിനിമയായിരുന്നു പ്രിയം. സനൽ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഈ ചിത്രം തകർപ്പൻ വിജയമയായിരുന്നു നേടിയെടുത്തത്.

സിനിമാ സൂപ്പർ ഹിറ്റായതിന് ഒപ്പം തന്നെ ഇതിലെ പാട്ടുകളും ഗംഭിര ഹിറ്റുകൾ ആയിരുന്നു. ബേണി ഇഗ്നേഷ്യസും, എം ജയചന്ദ്രനും ആയിരുന്നു ഇതിലെ ഗാനങ്ങൾഒരുക്കിയത്. അതേ സമയം പ്രിയം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി ആയിരുന്നു ദീപ.

Advertisements

എന്നാൾ പ്രിയം സൂപ്പർ ഹിറ്റായെങ്കിലും ദീപ സിനിമയിൽ സജീവമായില്ല. വിവാഹ ശേഷം ഓസ്‌ട്രേലിയയിൽ
താമസിക്കുകയാണ് ദീപ ഇപ്പോൾ. തിരുവനന്തപുരം സ്വദേശിയായ ദീപാ നായർ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു സിനിമയിലെ അരങ്ങേറ്റം.

സിനിമ കഴിഞ്ഞതോടെ പഠനം പൂർത്തീകരിക്കാൻ പോയ ദീപയ്ക്ക് പിന്നീട് തിരിച്ചുവരാനായില്ല. പഠനത്തിന് ചെറിയ ബ്രേക്ക് നൽകിയായിരുന്നു ‘പ്രിയ’ത്തിൽ അഭിനയിച്ചത്. പഠനശേഷം ദീപയ്ക്ക് ഇൻഫോസിസിൽ ജോലി ലഭിച്ചു. വിവാഹശേഷം ഓസ്ട്രേലിയയിലെ മെൽബണിലാണ് ദീപ ഇപ്പോൾ

അതേ സമയം ദീപയെ കുറിച്ച് ദർശരാജ് ആർ സൂര്യ എന്ന ഒരു ആരാധകൻ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദർശരാജ് ആർ സൂര്യയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ഇന്നത്തെ ചിത്രഗീതത്തിൽ ഇനി ഒരു പാട്ട് കൂടി കാണിക്കുമോ? ഇപ്പോൾ തന്നെ സമയം എട്ട് മണിയോട് അടുക്കുന്നു. എട്ട് കഴിഞ്ഞാൽ പിന്നെ നിന്ന നിൽപ്പിൽ മലയാളക്കര, ഭൂതല സംപ്രേക്ഷണവുമായി ഡൽഹിയിലോട്ട് പാലായാനം ചെയ്യുന്ന നൊസ്റ്റൂ രാത്രികൾ.

സംഭവം, എന്റെ പേര് ദൂര’ദർശൻ’ ചാനലിൽ നിന്ന് അടിച്ചു മാറ്റിയതൊക്കെ ഞാൻ സമ്മതിക്കുന്നു. എന്നാലും ഈ ചിത്രഗീതത്തിന്റെ ഇടയിലെ പരസ്യം, നിങ്ങൾ ദൂരദർശൻക്കാർക്ക് ഇച്ചിരി കൂടുതലാ. അപ്പോഴാണ് രാത്രി ഒരു 7:51 ആയപ്പോൾ ബിജു മേനോൻ ചേട്ടനും സംയുക്ത ചേച്ചിയും കൂടി മഴയിലെ പാട്ടിന് വേണ്ടി മഴയത്തിറങ്ങി കെട്ടിപിടിക്കാൻ വന്നത്.

ഇത് കണ്ടതും മാതാശ്രീ കലി കൊണ്ട് ഉറഞ്ഞു തുള്ളി. ഞങ്ങൾ 90’ലെ ചെക്കന്മാരുടെ മിക്ക അമ്മമാരും’ ഉണ്ണിയെ കണ്ടോ ഉണ്ണിയെ കണ്ടോ’ ടൈപ്പ് കവിയൂർ പൊന്നമ്മയൊന്നും അല്ല, അവർ മിക്കപ്പോഴും മേലേപറമ്പിലെ ആൺവീട്ടിലെ ഭാനുമതി അമ്മയെ പോലെ തനി നാട്ടിൻ പുറത്തെ പ്രതീകം ആയിരിക്കും.

പോയിരുന്ന് രണ്ട് അക്ഷരം പഠിക്കടാ ചെറുക്കാ, എപ്പോൾ നോക്കിയാലും ടിവിയുടെ മുമ്പിൽ. കണ്ണ്അടിച്ച് പോവുകയേ ഉളളൂ. മഴയത്തെ കെട്ടിപ്പിടുത്തം ഇപ്പോഴൊന്നും തീരില്ല എന്ന് കണ്ടതും ബുക്കും പറക്കി ഞാൻ നേരെ തെക്കേ പുരയിലോട്ട് വിട്ടു. ശേഷം അവിടെ ഇരുന്ന് തിങ്കളാഴ്ച്ചത്തേക്കുള്ള ഹോം വർക്ക് ചെയ്യാൻ തുടങ്ങി.

കൂട്ടിന് കൊച്ചുത്തുമ്പിയും കൂട്ടുകാരും അന്ത കാലത്ത് പാവങ്ങളുടെ ലേബർ ഇന്ത്യ ആയിരുന്നു ഈ പറഞ്ഞ കൊച്ചുത്തുമ്പിയും കൂട്ടുകാരും. അപ്പോഴാണ് ചിത്രഗീതം തീരാൻ വെറും മിനിറ്റുകൾ മാത്രം ശേഷിക്കെ, കട്ടുറുമ്പിന്റെ കല്യാണം കൂടാൻ ചാക്കോച്ചനും പിള്ളേരും, കൂടെ ഒരു ചേച്ചിയും വന്നത്.

നോ ബാളിൽ ഔട്ട് ആയി മടങ്ങുന്ന ബാറ്റ്‌സ്മാനെ അമ്പയർ തിരികെ വിളിക്കും പോലെ മാതാശ്രീ എന്നെ തിരിച്ചു വിളിച്ചു. വന്നിരുന്ന് കാണൂ. കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക് കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം പുത്തനച്ചി വരുന്നേരം പൂ വിരിക്ക്’ ഉള്ളത് പറയാലോ ആ പാട്ടിൽ ചാക്കോച്ചൻ ഉൾപ്പടെ അഞ്ച് പേര് ഉണ്ടായിരുന്നു.

എങ്കിലും എന്റെ കണ്ണ് ഉടക്കിയത് ആടി പാടി നടന്ന അതിലെ ചേച്ചിയിൽ തന്നെ ആയിരുന്നു പുള്ളിക്കാരി അവാർഡുകൾ വാരി കൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനേത്രിയോ, സൗന്ദര്യത്തിന്റെ പര്യായം ആയ വീനസിന്റെ രണ്ടാം ജന്മമോ ഒന്നുമല്ല പക്ഷെ, എഴുതി അറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് ആ നായികയിൽ ഞാൻ കണ്ടു. കല്യാണം കഴിക്കുക ആണേൽ പ്രിയത്തിലെ നായികയെ അല്ലെങ്കിൽ ഓളെ പോലെ ഒരുവളെ എന്ന് മനസ്സിൽ റബ്ബർ ഇല്ലാത്ത പെൻസിൽ കൊണ്ട് വരച്ചിട്ട ദിനങ്ങൾ.

പോരാഞ്ഞിട്ട് വീട്ടുകാർ ആയിട്ട് കാണിച്ചു തന്നതും (പ്രിയം സിനിമയിലെ നായിക ദീപ നായരിനെ ആദ്യമായി ഞാൻ കാണാൻ ഇട വരുത്തിയത്, മാതാശ്രീ ചിത്രഗീതം കാണാൻ തിരിച്ചു വിളിച്ചപ്പോൾ ആണ്. അയിനാണ് ഈ വീട്ടുകാർ കണ്ടെത്തി തന്നപെൺകുട്ടി പ്രയോഗം.) ജീവിതത്തിൽ ആദ്യമായ് ഫ്‌ലെയിംസ് എഴുതി നോക്കിയതും ദാ ഈ ദീപ എന്ന പേര് എന്നോടൊപ്പം ചേർത്താണ്.

ലെറ്റർ കൂട്ടിയും കുറച്ചും, എന്തിനേറെ ഒടുവിൽ സ്ഥലപ്പേര് വരെ കൂട്ടിചേർത്ത് ക്ലൈമാക്‌സിൽ ‘എം’ ഒപ്പിച്ചു. സ്‌കൂളിലെ ബെഞ്ചിലും നോട്ട് ബുക്കിന്റെ ബാക്കിലും ‘ഡിഡി’ മയം. അന്നും ഇന്നും ഇനി എന്നും ഇഷ്ട നായിക ആരെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ദീപ നായർ എന്ന് മാത്രമാണ് (ചാച്ചന്റെ സ്വന്തം ആനി ). എസ്എസ്എൽസി പരീക്ഷ കാരണം പ്രിയം സിനിമ ചെയ്യാൻ ആവാതെ പോയ കാവ്യക്ക് ഈ അവസരത്തിൽ നന്ദി.

സ്വന്തം നാട്ടുകാരി ആയിട്ടും ഇന്നേ വരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. നിലവിൽ പുള്ളിക്കാരി ഓസ്‌ട്രേലിയയിൽ ഭർത്താവ് രാജീവിനും മക്കളോടും ഒപ്പം സുഖമായി ജീവിക്കുന്നു. ‘പ്രിയം’ എന്ന ഒറ്റ സിനിമ ദീപ നായർ എന്ന അഭിനേത്രിക്ക് നേടി കൊടുത്ത റേഞ്ച് എന്താണെന്ന് ചോദിച്ചാൽ അതിനുത്തരം പ്രിയം സിനിമയുടെ യൂട്യൂബ് കമന്റ്‌സ് നൽകും.

നാടോടിക്കാറ്റിൽ തിലകൻ ചേട്ടൻ പെട്ടി തുറന്ന് എവിടെ?? ഡോളർ എവിടെ?? എന്ന് ചോദിക്കും പോലെ ഏവർക്കും അറിയേണ്ടത് ഒന്ന് മാത്രം പ്രിയത്തിലെ നായിക ഇപ്പോൾ എവിടെയാണ്? എന്റെ കെട്ടിയോൾ ഈ പോസ്റ്റ് വായിക്കില്ല എന്ന വിശ്വാസത്തോടെ അതിനുത്തരം ഞാൻ നൽകുന്നു ലേബർ ഇന്ത്യ വാങ്ങാനെന്നും പറഞ്ഞ് 2000 ആണ്ടിലെ മാർച്ച് മാസത്തിൽ വീട്ടിൽ നിന്ന് പൈസ വാങ്ങി,ആറ്റിങ്ങൽ സ്റ്റാൻഡിൽ പോയി ദീപയുടെ മുഖചിത്രം ഉള്ള മനോരമ വാങ്ങി.

ആകാശം കാണിക്കാതെ പുസ്തകത്തിനടിയിൽ മയിൽപീലി വെക്കും പോലെ ആ കവർ ഫോട്ടോ ഇന്നും
എന്റെ ആറാം ക്ലാസ്സിലെ മലയാളം പുസ്തകത്തിന്റെ പതിനേഴാം പേജിന്റെ അകത്തുണ്ട് റൂമും ഷെൽഫും ചോദിക്കേണ്ട പറയൂല ‘ഇനി’ വിധി ഉണ്ടേൽ നേരിൽ കാണാം

ആറ്റിങ്ങൽ റൂട്ടിലെ ആർകെവി ബസ്സ്, സൈഡ് സീറ്റ്, പ്രിയത്തിലെ തന്നെ കുന്നിമണി കണ്ണഴകിൽ പാട്ടും. ഹാ നൊസ്റ്റാൾജി ആ സ്റ്റോപ്പ് എത്തി. അല്ലേലും ബസ്സിനുള്ളിൽ ഇഷ്ടപ്പെട്ട ഓർമ്മകൾ ഉള്ള പാട്ടുകൾ വരുമ്പോൾ സ്വന്തം സ്റ്റോപ്പ് എത്തുക നാട്ടുനടപ്പ് ആണല്ലോ. എന്നായിരുന്നു ആ കുറിപ്പ്. ഇതിനോടകം തന്നെ ഈ കുറിപ്പ് ആരാധർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Advertisement